സ്വകാര്യത ഒരു കമ്മോഡിറ്റി ആകുമ്പോൾ

Avatar
Ranjith Antony | 29-04-2020

കോടതി ഇടപെട്ടതോടെ സ്പ്രിങ്ക്ളർ വിവാദം ഒരു വിധം എല്ലാവരും മറന്നു. അതിനാൽ ഒരാഴ്ച മുന്നെ എഴുതി വെച്ച ഈ കുറിപ്പ് ഇപ്പ പബ്ലിഷ് ചെയ്യുന്നതിൽ വലിയ അർത്ഥമുണ്ടെന്ന് തോന്നുന്നില്ല. എന്നാലും മെസ്സഞ്ചറിൽ വന്ന് നീ ആധാറിനെ എതിർത്തവനല്ലേടാ, എടാ കമ്മി കാലു നക്കി, നിനക്കെത്ര കിട്ടിയടാ എന്നൊക്കെ ചോദിച്ച ഡാറ്റ പ്രൈവസി വിദഗ്ദ്ധർക്ക് ഒരു ചെറിയ മറുപടി നൽകണം എന്ന് തോന്നി.

ആദ്യമെ പറയട്ടെ. ഡാറ്റയുടെ സ്വകാര്യത ഒരു മൌലീകാവകാശം തന്നെയാണ്. എന്നാൽ ജീവിക്കാനും, ജീവനോടെ ഇരിക്കാനുമുള്ള അവകാശത്തേക്കാൾ വലുതല്ല ഡാറ്റ പ്രൈവസി. ലോകത്ത് ഒരു ആരോഗ്യ പ്രവർത്തകരും കൊറോണ ബാധിച്ച് മരിക്കാനിടവരരുത്. അതിനാൽ ആരോഗ്യ പ്രവർത്തകർക്ക് രോഗിയുമായുള്ള സമ്പർക്കം തീർത്തും ഒഴുവാക്കാൻ പറ്റുന്ന സ്പ്രിങ്ക്ളർ പോലുള്ള എന്ത് സംഭവത്തിനും പൂർണ്ണ പിന്തുണ ഉണ്ടാകും. അതിപ്പൊ ആരോഗ്യസേതുവൊ, ഹേതുവൊ, ഇനി ഏത് ചെകുത്താനുണ്ടാക്കിയ ആപ്പായാലും ഈ നിലപാടിന് മാറ്റമുണ്ടാവില്ല. ഒരു ആഷാ വർക്കർക്കും രോഗിയെ നേരിട്ട് കാണാതെ ഓട്ടമേറ്റഡ് ആയി വിവരങ്ങൾ ശേഖരിക്കാൻ വേറൊരു ഓൾട്ടർനേറ്റീവ് സംവിധാനം ഇല്ലാത്തിടത്തോളം സ്പ്രിങ്ക്ളറല്ലാതെ വേറൊന്നും മുന്നിലില്ല. സിഡിറ്റിൽ ഒറക്കിളില്ലെ, NIC യ്ക്ക് ക്ലൌഡില്ലെ എന്നൊന്നും ചോദിച്ച് ദയവു ചെയ്ത് ആരും വരരുത്.

ആധാറിനും സ്പ്രങ്ക്ളറിനും ഒരു സാമ്യുവുമില്ലെന്നും ഇപ്പോൾ മനസ്സിലാകണ്ടതാണ്.

അതവിടെ നിൽക്കട്ടെ.

സ്വകാര്യത എന്നത് ഒരു അക്കാദമിക് വിഷയമല്ല. ഒരു മനുഷ്യൻ സ്വന്തമായി വീട് വേണമെന്ന് ആഗ്രഹിക്കുന്നത് തന്നെ; തന്റെയും കുടുംബത്തിന്റെയും സ്വകാര്യതയും, സുരക്ഷയും ഉറപ്പാക്കാനാണ്. വീട് പണിയുന്നവർക്ക് വേറെ ലക്ഷ്യങ്ങളും ഉണ്ടാവാം. പക്ഷെ ആത്യന്തികമായി സ്വകാര്യതയും സുരക്ഷയുമാണ് വീട് കൊണ്ട് ലക്ഷ്യമിടുന്നത്.


ഈ വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ അവൻ തന്റെ പുരുഷായുസ്സിലെ സമ്പാദ്യത്തിന്റെ സിംഹഭാഗവും ചിലവാക്കണ്ടി വരും. സ്വകാര്യതയ്ക്ക് അവൻ നൽകുന്ന വിലയാണത്. സ്വകാര്യതയ്ക്ക് വേണ്ടി വലിയ വളപ്പും, ചുറ്റും മതിലും മരങ്ങളും ഒക്കെയുള്ള പ്ലോട്ട് തന്നെ അവൻ തിരഞ്ഞെടുത്തെന്ന് വരും. കുടുംബാംഗങ്ങൾക്ക് ഓരോ മുറിയൊക്കെ ഉള്ള ഒരു വലിയ സെറ്റപ്പും ചിലപ്പോൾ അവൻ ഉണ്ടാക്കിയെന്ന് വരും. സ്വകാര്യതയ്ക്ക് വേണ്ടി അവൻ എത്ര പണം ചിലവാക്കാൻ തയ്യാറാകും എന്നതിനെ ആശ്രയിച്ചിരിക്കും.

ജീവിക്കാനുള്ള അവകാശം പോലെ തന്നെ മൌലീകമായ ഒരവകാശമാണ് സ്വന്തമായി ഭൂമിയും. പക്ഷെ പ്രായോഗിക തലത്തിൽ ഇവ വെറും ഉത്പന്നങ്ങളാണ്. അത് കാശുകൊടുത്ത് വാങ്ങാൻ കഴിവുള്ളവന് നേടാം എന്നതാണ് സ്ഥിഥി. (ഇതിന്റെ എത്തിക്കൽ പ്രശ്നങ്ങളെ കുറിച്ച് ഇവിടെ തത്കാലം മിണ്ടുന്നില്ല)

ഡാറ്റ പ്രൈവസിയും ഇത് പോലൊരു കമ്മോഡിറ്റി ആയി മാറി കൊണ്ടിരിക്കുകയാണ്. അത് ഉത്പന്നം തന്നെയാണെന്ന വസ്തുത മനസ്സിലാക്കാതെയാണ് ഡാറ്റ പ്രൈവസിയെ കുറിച്ച് ഇവിടുത്തെ "വിദഗ്ദ്ധർ" സംസാരിക്കുന്നത്. ബാഹ്യമായ സ്വകാര്യതയ്ക്കും, സുരക്ഷയ്ക്കും വീട് വാങ്ങുന്നത് പോലെ; വാങ്ങി സ്വന്തമാക്കണ്ട ഉത്പന്നം തന്നെയാണ് ഡാറ്റ പ്രൈവസിയും എന്ന രീതിയിൽ കാര്യങ്ങൾ മാറി കൊണ്ടിരിക്കുകയാണ്.


മല്ലുകഫെ ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും / 🔔 നോട്ടിഫിക്കേഷനായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .

പ്രശ്നം; നിലവിലുള്ള ടെക്നോളജി കൊണ്ട് ഒരു 50% പോലും സ്വകാര്യത ഉറപ്പിക്കാൻ പറ്റുന്ന ടെക്നോളജി ഉണ്ടൊ എന്ന് സംശയമാണ്. ഏറ്റവും അടുത്ത് നിൽക്കുന്ന ഒന്ന് ബ്ലോക് ചെയിൻ മാത്രമാണ്.

ഞാൻ വിഭാവനം ചെയ്യുന്ന ടെക്നോളജി, സ്വന്തമായി ഉടമസ്ഥാവകാശമുള്ള ഒരു പ്രൈവറ്റ് ക്ലൌഡ് (ഒരു പേരിട്ടതാണ്, ഇത് അനുയോജ്യമാണോ എന്ന് എനിക്കു സംശയമുണ്ട്) ആണ്. അത് സ്വന്തം വീട്ടിൽ ടി.വി വാങ്ങുന്ന പോലെ വാങ്ങി വെയ്ക്കാൻ കഴിയുന്ന ഒരു പെട്ടി ആയിരിക്കണം. നമ്മുടെയും കുടുംബാംഗങ്ങളുടെയും ആധാർ ഡാറ്റയും, അസുഖം/ആരോഗ്യ ത്തെ സംബന്ധിച്ചുള്ള വിവരങ്ങളും ഈ പെട്ടിയിൽ ശേഖരിക്കാം. ആവശ്യമുള്ളവർക്ക്; അതായത്, ലോണിന് അപേക്ഷിക്കുമ്പോൾ ബാങ്കുകൾക്കും, ഫോണിനപേക്ഷിക്കുമ്പോൾ മൊബൈൽ ദാതാക്കൾക്കും നമ്മുടെ ഈ സ്വകാര്യ പെട്ടിയുടെ താക്കോൽ നൽകാൻ കഴിയണം. ശാശ്വതമായൊരു താക്കോലല്ല, മിനിറ്റുകൾ മാത്രമേ അത്തരം ഒരു താക്കോലിന് വാലിഡിറ്റി ഉണ്ടാകു. ആ താക്കോൽ ഉപയോഗിച്ചാൽ പെട്ടി തുറന്ന് ഒരു നിശ്ചിത സമയം അതിലെ വിവരങ്ങൾ (ആവശ്യമുള്ളത് മാത്രം) എടുക്കാൻ കഴിയണം.

ഈ പെട്ടി ഉണ്ടാക്കാനുള്ള ടെക്നോളജി എല്ലാ ലഭ്യമാണ്. അവയൊക്കെ കൂട്ടി യോജിപ്പിച്ചാൽ മാത്രം മതി. പിന്നെ 5G സ്പീഡുള്ള ഒരു നെറ്റ്‌‌വർക്കും വേണം. ഇനി വേണ്ടത്, ഇത്തരം പെട്ടികൾ പണിയാനുള്ള രൂപരേഖ ഗവണ്മെന്റുകൾ ഉണ്ടാക്കണം എന്നതാണ്. എന്നാലെ വിവിധ സോഫ്റ്റ്‌‌വെയറുകൾക്ക് ഈ പെട്ടി തുറക്കാനും വിവരങ്ങൾ ശേഖരിക്കാനും ഉതകുന്ന ഒരു ഇന്ററോപ്പറബിൾ ഡാറ്റ ശൃംഖല മറ്റ് സേവനദാതാക്കൾക്ക് ഉണ്ടാക്കാൻ പറ്റു.

ഇതിന്റെ ഗുണം, നമ്മുടെ ഡാറ്റ നമ്മുടെ സ്വന്തമാണെന്നതാണ്. അത് നമ്മുടെ വീടിന്റെ അതിരു വിട്ട് പുറത്ത് പോകുന്നില്ല. പോയാൽ തന്നെയും, ആരെങ്കിലും ദുരുപയോഗം ചെയ്താൽ എവിടെ നിന്നാണ് ചോർന്നതെന്ന് കൃത്യമായി കണ്ടെത്താനാവും. വിവരങ്ങൾ ഒരു സെൻട്രൽ സേർവ്വറിൽ ഒരിക്കലും സൂക്ഷിക്കുന്നില്ലാത്തത് കൊണ്ട് ഹാക്കർമ്മാർക്ക് അവ മോഷ്ടിക്കണെമെങ്കിൽ വീടു വീടാനന്തരം കയറി ഇറങ്ങി മോഷ്ടിക്കണം.

കോവിഡാനന്തര ലോകത്ത് സ്റ്റേറ്റുകൾ പൌരമ്മാരെ സൂക്ഷ്മമായി നിരീക്ഷിക്കാനുള്ള സാദ്ധ്യതയെ കുറിച്ച് യുവാൽ ഹരാരിയെ പോലുള്ളവർ മുന്നറിയിപ്പു നൽകുന്നുണ്ട്. ജനാധിപത്യം പുനർ നിർണ്ണയിക്കപ്പെടുന്ന ഒരു സന്നിദ്ധഘട്ടത്തിലാണ് നമ്മൾ നിൽക്കുന്നത്. ഡാറ്റയെ ഒരു കമ്മോഡിറ്റി ആയി കാണുന്നതിന്റെ സാമൂഹിക/എത്തിക്കൽ പ്രശ്നം നില നിൽക്കെ തന്നെ കോവിഡാനന്തര ലോകത്ത് സ്വകാര്യത ഉറപ്പാക്കുന്ന ഒരു ടെക്നോളജി ഉടലെടുക്കാൻ ഡാറ്റയുടെ കമ്മോഡിറ്റൈസേഷനും അതിൽ നിന്നുള്ള വാണിജ്യ താത്പര്യങ്ങളും കാരണമാകും എന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്.

Photo Credit : getabstract.com

Read original FB post


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.64 MB / This page was generated in 0.0169 seconds.