വിഡിയോ കോൺഫറൻസ് - എന്താണ് അതിൻ്റെ പിന്നിലെ സാങ്കേതിക വിദ്യ?

Avatar
Joy Sebastian | 29-04-2020

വിഡിയോ കോൺഫറൻസ് - എന്താണ് അതിൻ്റെ പിന്നിലെ സാങ്കേതിക വിദ്യ?

വിവാദമായ സ്പ്രിങ്ക്ളർ ഇടപാടുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതി പരിഗണിച്ചപ്പോൾ വിഡിയോ കോൺഫറൻസിലൂടെ ആ കേസ് കേൾക്കാൻ ഉപയോഗിച്ചത് സൂം ആപ്പ്. സുരക്ഷാ വീഴ്ച ഉള്ളതിനാൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സൂം ആപ്പ് ഉപയോഗിക്കുന്നത് സൂക്ഷിച്ചു വേണം എന്ന മുന്നറിയിപ്പ് നൽകിയതിന്റെ തൊട്ടടുത്ത ദിവസം ആണ് ഹൈക്കോടതി കേസ് കേൾക്കാൻ സൂം ഉപയോഗിച്ചത്. കേരളത്തിലെ ഒരു പ്രധാന വിവാദം ആയിരുന്നത് കൊണ്ട് ഹൈക്കോടതിയുടെ വീഡിയോ കോൺഫറൻസിൽ ആക്സസ് ഉണ്ടായിരുന്ന എല്ലാവരും കോടതി നടപടി കാണാൻ കയറിയതോടെ സൂം കുറച്ചു നേരത്തേക്ക് പണിമുടക്കുകയും ചെയ്തു.

കോവിഡ് ലോക്ക് ഡൌൺ, വീഡിയോ കോൺഫറൻസിങ്ങിന് മുൻപെങ്ങുമില്ലാത്ത ഡിമാൻഡ് ഉണ്ടാക്കിയിട്ടുണ്ട് എന്നുള്ളത് സത്യം. ഇന്റർനെറ്റിൽ കിട്ടാവുന്ന എല്ലാ ടൂളുകളും ആളുകൾ പരീക്ഷിച്ചു നോക്കുന്നുണ്ട്. കേന്ദ്ര സർക്കാരിന്റെ ഇലക്ട്രോണിക്സ് -ഐ ടി മന്ത്രാലയം ഇന്ത്യക്ക് വേണ്ടി ഒരു വീഡിയോ കോൺഫറൻസിങ് പ്ലാറ്റ് ഫോം നിർമ്മിക്കാൻ ഒരു ഇന്നോവേഷൻ ചലഞ്ചും അനൗൺസ് ചെയ്തു കഴിഞ്ഞു. ഇത്രയധികം കമ്പനികളും ഐ ടി റിസോഴ്‌സും ഉണ്ടായിട്ടും ഇന്ത്യയിൽ നിന്ന് എന്ത് കൊണ്ടാണ് സൂം പോലൊരു ടൂൾ ഇതേ വരെ ഉണ്ടാവാത്തത്? ഇനിയും ഒരു സാധ്യത ഈ മേഖലയിൽ തുറന്നു കിടപ്പുണ്ടോ? അതോ കോവിഡ് കാലത്തേക്ക് മാത്രമുള്ള ഒരു താൽക്കാലിക പ്രതിഭാസം ആണോ ഇത്?

ഇന്ത്യയിൽ എന്റർ പ്രൈസ് കസ്റ്റമർമാർ അല്ലാത്ത ആരെങ്കിലും ഏതെങ്കിലും വിഡിയോ കോൺഫറൻസ് സർവീസ് കോവിഡിന് മുൻപ് കാശ് കൊടുത്തു വാങ്ങിയിട്ടുണ്ടോ? ഉണ്ടെങ്കിൽ തന്നെ എത്ര പേർ?

കൃത്യമായ സ്റ്റാറ്റിസ്റ്റിക്ക്സ് ഇക്കാര്യത്തിൽ അറിഞ്ഞാൽ എന്ത് കൊണ്ട് സൂം പോലെ ഒരെണ്ണം ഇന്ത്യയിൽ നിന്ന് ഉണ്ടാവാത്തതിന്റെ കാരണം മനസ്സിലാവും. ഈ മേഖലയിൽ ഇഷ്ടം പോലെ ഫ്രീ സർവീസുകൾ ഇപ്പോൾ തന്നെ നിലവിലുണ്ട്. ഗൂഗിൾ ഹാങ്ങ് ഔട്ട്, സ്‌കൈപ്പ്, മൈക്രോസോഫ്ട് ടീം, സൂം, ബ്ലൂ ജീൻസ് , വെബ് എക്സ് , ഗോ ടൂ മീറ്റിംഗ് ഇങ്ങനെ വലുതും ചെറുതുമായ ഒരു പിടി ടൂളുകൾ. പല മീറ്റിംഗുകളിലും പങ്കെടുക്കുന്നത് പരമാവധി നാലോ അഞ്ചോ പേർ മാത്രമാവും. അപ്പോൾ ഇവരുടെ ഒക്കെ ഫ്രീ ഓപ്‌ഷൻ വച്ച് തന്നെ പലപ്പോഴും കാര്യം നടക്കുകയും ചെയ്യും. വലിയ മീറ്റിങ്ങുകൾ ഓൺലൈനിൽ നടത്തുന്നതിന്റെ തലവേദനകൾ ഒക്കെ ഓർക്കുമ്പോൾ മുൻപ് അത്തരം മീറ്റിങ്ങുകൾ നടത്താൻ ഓൺലൈൻ ഓപ്‌ഷൻ ആരും തെരഞ്ഞെടുത്തിരുന്നില്ല എന്നതാണ് സത്യം. സൂമിൻ്റെ USP തന്നെ വലിയ മീറ്റിങ്ങുകൾ ആണ്. പിന്നെ എന്തിന് കാശ് കൊടുത്ത് ഇത് പോലെ ഒരു ടൂൾ വാങ്ങണം? ഇതായിരുന്നിരിക്കണം ഈ മേഖലയിൽ ഇൻവെസ്റ്റ് ചെയ്യുന്നതിൽ നിന്ന് പല കമ്പനികളും വിട്ടു നിൽക്കാൻ കാരണം.

ഇന്ത്യയിൽ വിഡിയോ കോൺഫറൻസിന്റെ പ്രധാന ഉപഭോക്താക്കൾ ഇന്നലെ വരെ സർക്കാരും വൻകിട പൊതുമേഖലാ സ്ഥാപനങ്ങളും മിലട്ടറിയും ആയിരുന്നു. സ്വകാര്യമേഖലയിൽ കമ്പനികൾ മിക്കവാറും ഇന്റർനെറ്റിൽ ലഭിക്കുന്ന പല പെയ്ഡ് ടൂളുകളും ഉപയോഗിച്ച് വന്നു. സർക്കാർ -പൊതുമേഖലാ രംഗത്ത് പലപ്പോഴും ഓൺ-പ്രിമൈസ് ഇൻസ്റ്റലേഷൻ തന്നെ വേണം. സെർവറുകളും മറ്റ് ഉപകരണങ്ങളും ഒക്കെ ചേർന്ന് അത് കോടികളുടെ ടെണ്ടർ ആണ്. പക്ഷെ ക്ലൗഡ് സർവീസ് ഉപയോഗിക്കുമ്പോൾ ഏതാനും ആയിരങ്ങൾ മാത്രം മാസ ചെലവ് വരുന്ന സർവീസ് എന്തിനാണ് കോടികൾ മുടക്കി സർക്കാർ ഉപയോഗിക്കുന്നത് എന്ന ചോദ്യം ഇപ്പോൾ നിങ്ങളുടെ മനസ്സിൽ വന്നില്ലേ ? അതിൻ്റെ ഉത്തരം ചെന്ന് നിൽക്കുന്നത് കേവലം ഡാറ്റ പ്രൈവസിയിലും ഡാറ്റ പ്രൊട്ടക്ഷനിലും മാത്രമല്ല. കുറച്ചധികം സാങ്കേതിക വിശദീകരണം കൂടി ഈ വിഷയത്തിൽ വേണ്ടി വരും.

ലോകത്ത് നമ്മൾ കാണുന്ന വീഡിയോ കോൺഫറൻസ് എല്ലാം ഒന്ന് തന്നെയാണോ? അല്ല എന്നാണ് ഒറ്റവാക്കിലുള്ള ഉത്തരം. ഉദാഹരണത്തിന് മുഖ്യമന്ത്രിയും ജില്ലാ കളക്ടർമാരും തമ്മിൽ നടക്കുന്ന വിഡിയോ കോൺഫറൻസ്‌ സാങ്കേതികമായി വളരെ വ്യത്യാസങ്ങൾ ഉള്ള ഒന്നാണ്. അതിന് പ്രത്യേകം ഡിസൈൻ ചെയ്ത ഹാർഡ് വെയറും സെർവറുകളും വേണം. സോഫ്റ്റ് വെയറുകളിൽ നിന്നും അത്യാവശ്യമെങ്കിൽ കയറാം എന്ന് മാത്രം . അത്തരം കമ്പനികൾ സോഫ്റ്റ് വെയർ ഉപയോഗിച്ച് മീറ്റിങ്ങിൽ കയറുന്നത് പ്രോത്സാഹിപ്പിക്കുന്നില്ല. സാധാരണ നമ്മൾ ഉപയോഗിക്കുന്ന ടൂളുകളേക്കാൾ ഗുണമേന്മയുള്ള വിഡിയോയും പെർഫോമെൻസും തരാൻ ഇവയ്ക്ക് കഴിയും. അത്തരം വീഡിയോ കോൺഫറൻസ് ഡിവൈസുകളെ വിഡിയോ എൻഡ് പോയിന്റുകൾ എന്നാണ് വിളിക്കുന്നത്. അതിൻ്റെ പിന്നിൽ വിഡിയോ അയക്കാനും സ്വീകരിക്കാനും ഉപയോഗിക്കുന്ന പ്രോട്ടോക്കോൾ തന്നെ വ്യത്യസ്തമാണ്. കുറച്ചു കൂടി വ്യക്തമായി പറഞ്ഞാൽ H323 , SIP എന്നീ പ്രോട്ടോക്കോളുകളിൽ ആണ് ഇത്തരം ഡിവൈസുകൾ പ്രവർത്തിക്കുന്നത്. പതിനാല് ജില്ലാ കളക്ടർമാരും മുഖ്യമന്ത്രിയും ഉൾപ്പടെ 15 പേരുടെയും വിഡിയോയും ഓഡിയോയും മിക്സ് ചെയ്ത് ഒറ്റ വിഡിയോയും ഓഡിയോയും ആക്കി മാറ്റിയാണ് പങ്കെടുക്കുന്ന എല്ലാവർക്കും ഈ സംവിധാനത്തിൽ ലഭ്യമാക്കുന്നത്. ഓരോരുത്തർക്കും അവരുടെ വിഡിയോ ഒഴിവാക്കിയുള്ള വിഡിയോ വേണ്ടതിനാലും ഇപ്പോൾ സംസാരിച്ച് കൊണ്ടിരിക്കുന്നയാളെ തിരിച്ചറിഞ്ഞു അയാളുടെ വീഡിയോക്ക് കൂടുതൽ സ്ഥലം സ്‌ക്രീനിൽ കൊടുക്കേണ്ടതിനാലും ഈ പണി അൽപ്പം കുഴപ്പം പിടിച്ചതാണ്. അതിനു വേണ്ടി പ്രത്യേകം ഡിസൈൻ ചെയ്ത ഹാർഡ് വെയറോ സോഫ്റ്റ് വെയറോ ഉള്ള സെർവറുകൾ സ്റ്റേറ്റ് ഡാറ്റ സെന്ററിൽ ഉണ്ടാവും. ഈ സെർവറിലേക്കാണ് എല്ലാവരും വിഡിയോ അയക്കുക. അവിടെ വച്ച് ഓരോരുത്തർക്കുമായി പ്രത്യകം മിക്സ് ചെയ്ത വിഡിയോ തിരിച്ചയക്കുന്നതും ഈ സെർവർ ആണ് . ഇതെല്ലാം റിയൽ ടൈമിൽ നടക്കുകയും വേണം. അല്ലെങ്കിൽ ചില സമയത്ത് ലൈവ് ചാനൽ ചർച്ചയിൽ ലാഗ് ഉണ്ടാവുന്നത് പോലെ ഇവിടെയും സംഭവിക്കാം. അവതാരകൻ ചർച്ചയിൽ പങ്കെടുക്കുന്നയാളോട് പറയുന്നത് കാഴ്ചക്കാർ കേട്ടാലും അപ്പുറത്ത് ഇരിക്കുന്നയാൾ പൊട്ടനെ പോലെ ഇരിക്കുന്നത് കണ്ടിട്ടില്ലേ? അത് തന്നെ.

പണ്ടൊക്കെ പ്രത്യേകം ഡിസൈൻ ചെയ്ത ഹാർഡ് വെയർ തന്നെ ഇതിന് വേണമായിരുന്നു. ഇപ്പോൾ കഥ മാറി. കുറച്ചെങ്കിലും കമ്പനികൾ സോഫ്റ്റ് വെയർ ഉപയോഗിച്ച് തന്നെ റിയൽ ടൈം മിക്‌സിംഗിനുള്ള വഴിയിലേക്കെത്തി . ക്ലൗഡിൽ മികച്ച കമ്പ്യുട്ടിങ് പവർ ഉള്ള സെർവറുകൾ ലഭ്യമായതോടെ ഹാർഡ് വെയറുകാരുടെ കുത്തകയ്ക്ക് കോട്ടം തട്ടി. തികഞ്ഞ യാഥാസ്ഥികരായ ടെക്‌നോളജി മാനേജർമാർ മാത്രമാണ് ഹാർഡ് വെയർ കൊണ്ട് മാത്രമേ ഇതൊക്കെ സാധിക്കൂ എന്നിപ്പോഴും കരുതുന്നത്. ആ യാഥാസ്ഥിതികത്വം സർക്കാർ ടെണ്ടറുകളിൽ പലപ്പോഴും തെളിഞ്ഞു കാണാം. അത് കൊണ്ട് തന്നെ വിലയും കോടികളിൽ ആണ്.

ഒരാളുമായി കോൺഫറൻസ് ചെയ്താലും നൂറുപേരുമായി കോൺഫറൻസ് ചെയ്താലും ഒരേ നെറ്റ് വർക്ക് ഉപയോഗം മാത്രമേ ഉപഭോക്താവിന്റെ സൈഡിൽ ഉണ്ടാവൂ എന്നതാണ് ഇത്തരം മോഡലിന്റെ ഏറ്റവും പ്രധാന ഗുണം. സുപ്പീരിയർ ഓഡിയോ -വിഡിയോ ക്വാളിറ്റിയും ഉണ്ടാവും ഇത്തരം മീറ്റിങ്ങുകൾക്ക്.

ഇനി പൊതുജനം ഉപയോഗിക്കുന്ന ഒരു കാശും വേണ്ടാത്ത അല്ലെങ്കിൽ തുച്ഛമായ തുക മാത്രം വേണ്ടി വരുന്ന ഹാങ് ഔട്ട്, സ്‌കൈപ്പ്, സൂം , പോലുള്ളവ എന്താണ് ചെയ്യുന്നത്? ഇത്തരം സർവീസുകൾ ഒക്കെ നേരത്തെ പറഞ്ഞത് പോലെ സെർവറിൽ ഓഡിയോ /വിഡിയോ മിക്സ് ചെയ്യുന്ന രീതിയിൽ നിന്ന് കുറച്ച് വ്യത്യസ്തമാണ്. ഹാങ് ഔട്ട് ഒക്കെ പിയർ -ടു-പിയർ മോഡൽ ആണ് ഫോളോ ചെയ്യുന്നത് . അതായത് മീറ്റിങ്ങിൽ എത്ര പേരുണ്ടോ . അത്രയും പേർക്കും ഒരാൾ വിഡിയോ /ഓഡിയോ അയക്കുകയും പങ്കെടുക്കുന്ന എല്ലാവരിൽ നിന്നും വിഡിയോ /ഓഡിയോ സ്വീകരിക്കുകയും ചെയ്യുന്നു. ഇതിനിടയിൽ വിഡിയോ /ഓഡിയോ കൈകാര്യം ചെയ്യുന്ന ഒരു സെർവർ ഇല്ല. ഇതിന്റെ ഏറ്റവും വലിയ പോരായ്മ ആളുകൾ മീറ്റിങ്ങിൽ കൂടുന്നതിന് അനുസരിച്ചു് ഉപഭോക്താവിന്റെ നെറ്റ് വർക്ക് ഉപയോഗം കൂടും. ഉപഭോക്താവിന്റെ നെറ്റ് വർക്ക് ഗുണമേന്മ അനുസരിച്ച് മൂന്നോ നാലോ പേരുടെ വീഡിയോ ഒക്കെ ഇപ്പോഴത്തെ സ്ഥിതിയിൽ വലിയ പരിക്കില്ലാതെ രക്ഷപെടും. ഇതിൽ തന്നെ കുറച്ചു വ്യത്യസ്തമായി മറ്റൊരു മോഡൽ കൂടിയുണ്ട്. അതിൽ ഒരു സെർവർ ഉണ്ടാകും. എല്ലാവരും ആ സെർവറിലേക്കാണ് തൻ്റെ വിഡിയോ / ഓഡിയോ അയക്കുക . അത് കൊണ്ട് ഒരാൾ മറ്റുള്ള ഓരോരുത്തർക്കും സ്ട്രീം അയക്കേണ്ട. പാക്ഷേ ഈ സെർവർ വിഡിയോ മിക്സ് ചെയ്യില്ല . കിട്ടുന്നത് അതെ പടി എല്ലാവർക്കും അയച്ചുകൊടുക്കും. കോൺഫറൻസിൽ ഉള്ള മറ്റുള്ളവർക്ക് ഓരോരുത്തരുടെയും വിഡിയോ പ്രത്യേകം പ്രത്യേകം തന്നെയാണ് കിട്ടുന്നത്. പിയർ -ടു-പിയർ മോഡലിനേക്കാൾ കുറച്ചു കൂടി മികച്ചത് ഇതാണ് . സൂം ഒക്കെ ഈ മോഡലിൽ ആണ് പ്രവർത്തിക്കുന്നത്. ഇതിൽ ഓഡിയോ -വിഡിയോ മിക്സിങ് ഇല്ലെങ്കിലും മീറ്റിങ്ങിൽ ഉള്ള എല്ലാവർക്കും ഓരോരുത്തരുടെയും അടുത്ത് നിന്ന് ലഭിച്ച ഓഡിയോ -വിഡിയോ ഫോർവേഡ് ചെയ്യുന്ന പണി സെർവെറിനുണ്ട് . അത് കൊണ്ടാണ് സൂം കുറച്ചു സമയത്തേക്ക് മാത്രം ഫ്രീ ആക്കിയിരിക്കുന്നത്. സൂമിന് മിക്സിങ് ഉള്ള വേർഷനും കൂടിയുണ്ട് . അതിനു പക്ഷെ നാലിരട്ടി കാശ് കൊടുക്കണം.


മല്ലുകഫെ ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും / 🔔 നോട്ടിഫിക്കേഷനായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .

ഇത്തരം സർവീസിൽ പക്ഷെ ഞാൻ നേരത്തെ പറഞ്ഞ മുഖ്യമന്ത്രിയും കളക്ടർമാരും ഒക്കെ മീറ്റിങ്ങിന് ഉപയോഗിക്കുന്ന തരം ഡിവൈസുകൾ ഒന്നും വർക്ക് ചെയ്യില്ല. ഇത് മൊബൈൽ ഡിവൈസുകളിലും പേഴ്‌സണൽ കമ്പ്യുട്ടറുകളിലും മാത്രം അവരുടെ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്തോ ബ്രൗസർ വഴിയോ മാത്രം വർക്ക് ചെയ്യുന്ന വിഡിയോ കോൺഫറൻസ് ആണ്.

വിഡിയോ കോൺഫറൻസ് എൻഡ് പോയിന്റ ഡിവൈസുകൾ കൂടി ഈ മീറ്റിങ്ങുകളിൽ കണക്ട് ചെയ്യണമെങ്കിൽ ആദ്യം സൂചിപ്പിച്ച സാങ്കേതിക വിദ്യ കൂടാതെ ഇന്റർ ഓപ്പറബിൾ ആക്കാനുള്ള ഗേറ്റ് വെകൾ കൂടി വേണം. കാരണം അത്തരം ഉപകരണങ്ങൾ സംസാരിക്കുന്ന പ്രോട്ടോകോൾ മനസ്സിലാക്കാൻ ഇത്തരം ഫ്രീ സർവീസുകളിൽ സജ്ജീകരണങ്ങൾ ഇല്ല. അതിനാണ് ഗേറ്റ് വേ .ലോകത്ത് നിലവിലുള്ള വീഡിയോ കോൺഫറൻസിങ് പ്രോട്ടോകോളുകൾ ഓരോന്നും മനസ്സിലാക്കി നമ്മുടെ സിസ്റ്റത്തോട് സംവദിക്കുകയും നമ്മുടെ സിസ്റ്റത്തിലെ പ്രോട്ടോക്കോൾ തിരികെ ഡിവൈസുകൾ മനസ്സിലാക്കാവുന്ന പ്രോട്ടോക്കോളിലേക്ക് മാറ്റുകയും ചെയ്താലേ ഇവ ഇന്റർ ഓപ്പറബിൾ ആകൂ . ഗേറ്റ് വേ കൂടി ചേരുമ്പോൾ സെർവറിലുള്ള പണി കൂടും , ചെലവും കൂടും.

ഓപ്പൺ സോഴ്സ് സാങ്കേതിക വിദ്യകൾ ഇല്ലേ ഇതിനൊക്കെ?

ഒട്ടനവധി ഓപ്പൺ സോഴ്സ് സാങ്കേതിക സംവിധാനങ്ങൾ ഇപ്പോൾ വിഡിയോ കോൺഫറൻസിങ്ങിൽ ലഭ്യമാണ് .അങ്ങനെ ലഭ്യമായവയിൽ പ്രൊഡക്ഷൻ ഗ്രേഡ് എത്രയെണ്ണം എന്നുള്ളതാണ് ചോദ്യം. അഞ്ചോ ആറോ പേർ തമ്മിലുള്ള കോൺഫറൻസുകൾ നടത്താനുള്ള പ്രോട്ടോടൈപ്പ് ഒക്കെ ചെയ്യാൻ ഓപ്പൺ സോഴ്സ് മതിയാവും . ആയിരക്കണക്കിന് പേരെ സപ്പോർട്ട് ചെയ്യുന്ന വിഡിയോ കോൺഫറൻസ് ഇൻഫ്രാ സ്ട്രക്ച്ചർ ഉണ്ടാക്കാൻ അതൊന്നും പോരാതെ വരും.

അൽപ്പം ജാവ സ്ക്രിപ്ട് ഒക്കെ അറിയാമെങ്കിൽ ഗൂഗിളിന്റെ ഓപ്പൺ സോഴ്സ് പ്രോജക്ട് ആയ WEBRTC യും JITSI യും ഒക്കെ ഉപയോഗിച്ച് ഹാങ് ഔട്ട് അല്ലെങ്കിൽ സൂം പോലെ ഒരു ടൂൾ നിങ്ങൾക്കും ട്രൈ ചെയ്യാവുന്നതേ ഉള്ളൂ .

ഇനിയെന്താണ് ഇതിന്റെ ഭാവി ?

വിഡിയോ കോൺഫറൻസിംഗ് സാങ്കേതിക വിദ്യക്ക് വലിയ ഭാവി കോവിഡ് കാലം കഴിഞ്ഞാലും ഉണ്ട് എന്ന് തെളിയിക്കുന്നുണ്ട് ഞങ്ങൾക്ക് ഇപ്പോൾ ലഭിക്കുന്ന കോളുകൾ.

ഒത്തിരി പുതിയ യൂസ് കേസുകൾ ഞങ്ങളുടെ വിഡിയോ കോൺഫറൻസിങ് പ്ലാറ്റ്‌ഫോം ഉപയോഗിച്ച് ചെയ്യാൻ ആവശ്യങ്ങൾ ഉയർന്നു വരുന്നുണ്ട് . അതിൽ ഡോക്ടർ കൺസൽട്ടിങ് പോലുള്ള രണ്ടു പേർ മാത്രം പങ്കെടുക്കുന്ന വിഡിയോ മീറ്റിങ്ങിൽ തുടങ്ങി നൂറു കണക്കിന് പേർ പങ്കെടുക്കുന്ന ടൗൺ ഹാൾ മീറ്റിങ്ങുകൾ വരെ വിഡിയോ കോൺഫറൻസ് പ്ലാറ്റ് ഫോമിൽ ചെയ്യാനുള്ള ആവശ്യങ്ങൾ ഉണ്ട്. ഒരേ സമയം മീറ്റിങ്ങിൽ പങ്കെടുക്കാവുന്നവരുടെ എണ്ണവും , ഒരേസമയം നടത്താവുന്ന മീറ്റിങ്ങുകളുടെ എണ്ണവും ഒക്കെയാണ് ഇതിലെ വെല്ലുവിളികൾ .

ഇന്ത്യ സർക്കാരിന്റെ വിഡിയോ കോൺഫറൻസ് ചലഞ്ചിൽ പങ്കെടുക്കാൻ ടെക്‌ജെൻഷ്യ തീരുമാനിച്ചിട്ടുണ്ട് . അതിൻ്റെ ഫലം എന്ത് തന്നെ ആയാലും കേരളത്തിൽ നിന്നും ഇന്ത്യൻ സാഹചര്യങ്ങൾക്ക് വേണ്ടി ഫൈൻ ട്യൂൺ ചെയ്ത ഒരു വിഡിയോ കോൺഫറൻസ് പ്രോഡക്ട് മാർക്കറ്റിൽ ക്ലൗഡ് സർവീസ് ആയി ഉടനെ എത്തിക്കുന്നുണ്ട്. ഇപ്പോൾ നമ്മുടെ പ്ലാറ്റ്ഫോം ഉപയോഗിക്കുന്ന യൂറോപ്യൻ - യു എസ് കമ്പനികൾക്ക് ഫുൾ എച്ച് ഡി വിഡിയോ തന്നെ വേണം . അതും കൊണ്ട് ഇവിടെ വന്നാൽ ആദ്യദിനം തന്നെ പ്രോഡക്ട് മൂക്കും കുത്തി വീഴും. അത് കൊണ്ടാണ് ഒരു ഫൈൻ ട്യൂണിംഗ്.

Read original FB post


Also Read » ബ്രേവ് ബ്രൗസർ. ഇത് വേറെ ലെവൽ ബ്രൗസർ .. ഒരു പുതിയ ബ്രൗസറിൽ നിന്ന് നിങ്ങൾ അധികമായി എന്താണ് പ്രതീക്ഷിക്കുന്നത്? വേഗത? കൂടുതൽ പ്രൈവസി ? അതോ മികച്ച സുരക്ഷയാണോ?


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.68 MB / This page was generated in 0.0243 seconds.