കേരളത്തിലിരുന്ന് വിപ്ലവം പറയുന്നത്ര എളുപ്പമല്ല ഇന്ത്യയോട് സംവദിക്കൽ ; ഇന്ത്യ എന്തുകൊണ്ട് വർഗീയവൽകരിക്കപ്പെട്ടു ?

Avatar
വെള്ളാശേരി ജോസഫ് | 10-08-2020

കേരളത്തിലിരുന്ന് വിപ്ലവം പറയുന്നത്ര എളുപ്പമല്ല ഇന്ത്യയോട് സംവദിക്കൽ; ഇന്ത്യ എന്തുകൊണ്ട് വർഗീയവൽകരിക്കപ്പെട്ടു? മഹാത്മാ ഗാന്ധിയുടെ മാനുഷികതയും, ജവഹർലാൽ നെഹ്‌റുവിൻറ്റെ മതനിരപേക്ഷതയും തള്ളിക്കളഞ്ഞതുകൊണ്ടല്ലേ ഇന്ത്യ ഇന്നത്തെ അവസ്ഥയിൽ എത്തിയത്?

'ആ 130 കോടിയിൽ ഞാനില്ല' എന്നുപറഞ്ഞു പ്രധാനമന്ത്രിയുടെ പ്രസ്താവനക്കെതിരെ സോഷ്യൽ മീഡിയയിൽ വിപുലമായ ക്യാമ്പയിൻ നടക്കുകയാണ്. പക്ഷെ മലയാളികളുടെ ഫെയിസ്ബുക്ക് പോസ്റ്റുകളിൽ ഒഴികെ ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽ ഇത്ര വിപുലമായ ക്യാമ്പയിൻ ഉണ്ടോ? ഇല്ലെന്നു വേണം പറയാൻ. '130 കോടി ജനങ്ങളുടെ ആഗ്രഹമാണ് രാമക്ഷേത്ര നിർമാണം' എന്ന നരേന്ദ്ര മോഡിയുടെ പ്രസ്താവനക്കെതിരെ വാട്സ് ആപ്പിലൂടെയും, ഫെയിസ് ബുക്കിലൂടെയും പോസ്റ്റുകളിട്ട് മതനിരപേക്ഷതയുടെ ശബ്ദം ഉയർത്തി എന്ന് മലയാളികൾക്ക് അഭിമാനിക്കാം. പക്ഷെ എന്തുകൊണ്ട് ഇന്ത്യയുടെ മറ്റു ഭാഗങ്ങൾ കേരളം ചിന്തിക്കുന്നത് പോലെ ചിന്തിക്കുന്നില്ലാ എന്നതും കൂടി മലയാളികൾ ആലോചിക്കണം.

കേരളത്തിലിരുന്ന് മതനിരപേക്ഷത പറയുന്നതുപോലെ എളുപ്പമല്ല ഇന്ത്യയിലെ മറ്റു ഭാഗങ്ങളിൽ മതനിരപേക്ഷത പറയൽ; പ്രത്യേകിച്ചും ഉത്തരേന്ത്യയിൽ. പണ്ട് യോഗേന്ദ്ര യാദവ് ആം ആദ്മി പാർട്ടിയിൽ പ്രവർത്തിക്കുന്നതിന് മുമ്പ് ഡൽഹിയിലെ ഒരു സെമിനാറിൽ അവതരിപ്പിച്ച പേപ്പർ ഇതെഴുതുന്ന ആൾ ഇപ്പോഴും ഓർമ്മിക്കുന്നു. രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ടുള്ള ക്യാമ്പയിൻ തുടങ്ങിയതിനുശേഷം ഉത്തരേന്ത്യയിലെ ആളുകളുടെ മനോഭാവത്തിൽ വന്ന മാറ്റം ആയിരുന്നു യോഗേന്ദ്ര യാദവിൻറ്റെ പേപ്പറിൻറ്റെ പ്രമേയം. രാഷ്ട്രീയക്കാർ പലരും തിരഞ്ഞെടുപ്പ് യോഗങ്ങളിൽ രാമനെ സ്മരിക്കാൻ തുടങ്ങി; ജനങ്ങൾ അപ്പോൾ റാം റാം ചൊല്ലി പ്രതികരിക്കാനും തുടങ്ങി എന്നാണ് യോഗേന്ദ്ര യാദവ് തൻറ്റെ നേരിട്ടുള്ള അനുഭവത്തിൻറ്റെ വെളിച്ചത്തിൽ ഡൽഹിയിൽ ആ സെമിനാർ ഹാളിൽ പറഞ്ഞത്.

കേരളത്തിൽ ശബരിമല വിഷയം ഉയർത്തിയതുപോലെ തന്നെയായിരുന്നു ഉത്തരേന്ത്യയിൽ ബി.ജെ.പി. - യും, സംഘ പരിവാറുകാരും അതിനും മുമ്പേ രാമക്ഷേത്ര നിർമാണ വിഷയവും ഉയർത്തിയത്. ശബരിമല വിഷയം കേരളത്തിലും, അഖിലേന്ത്യ തലത്തിലും ഉയർത്തിയതിൽ ഒരു പ്രത്യേകമായ രീതിമാർഗം കാണാവുന്നതാണ്. മലയാളികൾ ഉള്ളിടത്തെല്ലാം മണ്ഡല പൂജ സംഘടിപ്പിക്കപ്പെട്ടു; അതിനായി ഹൗസിങ്ങ് അസോസിയേഷനുകളിലും, ഹൗസിങ്ങ് സൊസൈറ്റികളിലും വിപുലമായ ക്യാമ്പയിൻ നടന്നൂ; പണപ്പിരിവ് ഉണ്ടായി. സ്ത്രീകളുടേയും മധ്യ വർഗത്തിൻറ്റേയും പ്രാതിനിഥ്യം ഇത്തരം മണ്ഡല പൂജകളിൽ ഉറപ്പാക്കപ്പെട്ടു. അതിനു ശേഷം അന്നദാനവും, ചെണ്ട മേളവും, ഭജനയും ആയി മണ്ഡല പൂജകൾ ഇന്ത്യയിൽ മലയാളികൾ ഉള്ള സ്ഥലങ്ങളിലെല്ലാം അരങ്ങേറി. ബി.ജെ.പി. - യോട് ആഭിമുഖ്യമുള്ളവരെയെല്ലാം ചേർത്ത് ഒരുതരം രാഷ്ട്രീയമായ 'ഇവൻറ്റ് മാനേജ്മെൻറ്റ്' ആണ് അക്കാര്യത്തിൽ നടന്നത്. ബി.ജെ.പി. - യും, സംഘ പരിവാറുകാരും പണവും, മാൻപവറും, റിസോഴ്സസും ഒക്കെ ഉപയോഗിച്ച് നടത്തിയ ശരിക്കുള്ള രാഷ്ട്രീയ നാടകമായിരുന്നു അതൊക്കെ. ഇവിടെ ജനങ്ങളുടെ വിശ്വാസം അവർ സമർത്ഥമായി മുതലെടുത്തു. 'പോപ്പുലർ' ദൈവങ്ങളെ ഉപയോഗിച്ചാണ് അല്ലെങ്കിലും ബി.ജെ.പി. ഇന്ത്യയിൽ വളർന്നത്. രാമ ക്ഷേത്രത്തിൻറ്റെ കാര്യത്തിലും സംഭവിച്ചത് അതു തന്നെ. ശ്രീരാമൻ ഭാരതത്തിൻറ്റെ 'പോപ്പുലർ കൾച്ചറിൽ' വളരെ അറിയപ്പെടുന്ന ഒരു ദൈവമാണല്ലോ. 'റാം റാം' എന്നാണല്ലോ ഉത്തരേന്ത്യയിൽ സാധാരണ ജനങ്ങൾ പരസ്പരം കാണുമ്പോഴുള്ള സംബോധന. "റാം നാം സത്ത്യ ഹേ" - എന്നാണല്ലോ ശവഘോഷ യാത്ര നടക്കുമ്പോൾ ഉത്തരേന്ത്യയിൽ ജനങ്ങൾ ഉരുവിടുന്നത്. കേരളത്തിലാണെങ്കിൽ പണ്ട് സന്ധ്യാവേളകളിൽ നാമം ജപിക്കുമ്പോൾ
"രാമ രാമ രാമ രാമ പാഹിമാം
രാമ പാദം ചേരണേ മുകുന്ദ രാമ പാഹിമാം" - എന്നായിരുന്നല്ലോ പ്രാർഥന.

ഹിന്ദിയിലാണെങ്കിൽ കണ്ടമാനം ശ്രീരാമ പ്രാർഥനാ ഗീതങ്ങളുമുണ്ട്.
"പ്രേം പുതിത് മൻ സേ കഹോ റാമു റാമു റാം
ഹേ റാമു റാമു റാം" - എന്ന ഭജനയൊക്കെ ഹിന്ദിയിൽ വളരെ പോപ്പുലർ ആണ്. പണ്ട് ഒരു ഹിമാലയൻ ആശ്രമത്തിൽ യോഗ പഠിക്കാൻ പോയപ്പോൾ ഇതെഴുതുന്ന ആൾ അത്തരം ഭജനയിൽ പങ്കെടുത്തതും ആണ്. ഇത്തരത്തിൽ നോക്കുമ്പോൾ മറ്റൊരു ദൈവത്തിനും ശ്രീരാമനെ പോലെ 'പോപ്പുലർ അപ്പീൽ' ഇല്ലാ. ഇത്തരം ജനപ്രിയ ദൈവങ്ങളെ കൂട്ടുപിടിച്ചായിരുന്നു ബി.ജെ.പി. - യുടെ ഇന്ത്യയിലെ രാഷ്ട്രീയമായ വളർച്ച.

ഈ രാമഭക്തി മഹാത്മാ ഗാന്ധിയുടേത് പോലെ നിഷ്കളങ്കമായിരുന്നെങ്കിൽ അവിടെ ഒരു പ്രശ്നവും ഇല്ലായിരുന്നു. പ്രാധാനമന്ത്രി നരേന്ദ്ര മോഡിയും അമിത് ഷായും തെരെഞ്ഞെടുപ്പ് റാലികളിൽ 'ജയ് ശ്രീറാം' മുഴക്കുന്നത് നിഷ്കളങ്കമായ രീതിയിലല്ലാ. മതചിഹ്നങ്ങൾ തിരഞ്ഞെടുപ്പുകളിൽ ഉപയോഗിക്കാൻ പാടില്ലെന്നിരിക്കെ, തെരെഞ്ഞെടുപ്പ് റാലികളിൽ 'ജയ് ശ്രീറാം' മുഴക്കുന്നത് തെരെഞ്ഞെടുപ്പ് ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണ്. മതപരമായുള്ള ജനങ്ങളുടെ വിശ്വാസം രാഷ്ട്രീയമായി മുതലെടുക്കപ്പെടുകയാണ് തെരെഞ്ഞെടുപ്പ് റാലികളിൽ 'ജയ് ശ്രീറാം' മുഴക്കുമ്പോൾ. മര്യാദാ പുരുഷോത്തമനായ രാമൻ ആക്രമണകാരിയായ രാമനായി ചിത്രീകരിക്കപ്പെടുന്നു. ഇത്തരത്തിലുള്ള രാമ ഭക്തി ഇന്ത്യയിലെ ജനത്തെ മതപരമായി ഭിന്നിപ്പിക്കാനായി ബി.ജെ.പി. - യും, സംഘ പരിവാറുകാരും ഇതിനോടകം തന്നെ നന്നായി ഉപയോഗിച്ചും കഴിഞ്ഞു.

ബി.ജെ.പി. - യും, സംഘ പരിവാറുകാരും ഉയർത്തിയ ഈ രാമഭക്തി മൂലം ഇന്ത്യയിലെ ജനം എങ്ങനെ മതപരമായി ഭിന്നിക്കപ്പെട്ടു എന്നറിയണമെങ്കിൽ ട്രെയിനിലും ബസുകളിലും ഒക്കെ യാത്ര ചെയ്യുന്ന സാധാരണക്കാരായ മുസ്ലീങ്ങളോട് ചോദിച്ചാൽ മാത്രം മതി. ഉത്തരേന്ത്യയിലെ പല സ്ഥലങ്ങളിലും രാമൻറ്റെ പേരിൽ നടന്ന ക്യാമ്പയിൻ മൂലം പലർക്കും സങ്കുചിത നിലപാടുകൾ കൈവന്നൂ. ട്രെയിനിൻറ്റേയും ബസിൻറ്റേയും സീറ്റുകളിൽ നിന്ന് പേര് ചോദിച്ചു എഴുന്നേൽപ്പിച്ചു വിടുന്ന രീതി ഇന്ന് പല മുസ്‌ലീം യുവാക്കൾക്കും പറയാനുണ്ട്. ഇങ്ങനെ പെരുമാറുന്നത് സമൂഹത്തിലെ ഉന്നത കുല ജാതരോ, സമ്പന്നരോ അല്ലെന്നുള്ളതാണ് ഏറെ സങ്കടകരം. സാധാരണ യാത്രക്കാരും ദരിദ്രരും പോലും ഇങ്ങനെ പെരുമാറുന്നൂ. ബി.ജെ.പി. - യും, സംഘ പരിവാറുകാരും ഉയർത്തുന്ന വർഗീയവൽക്കരണം സമൂഹത്തിൻറ്റെ അടിത്തട്ടിനെ തന്നെ ബാധിച്ചു എന്നുവേണം പല മുസ്‌ലീം യുവാക്കളുടേയും അനുഭവത്തിൽ നിന്ന് അനുമാനിക്കാൻ.

ഇന്നത്തെ ഈ വർഗീയവൽക്കരണം മനസിലാക്കുവാൻ ഉത്തരേന്ത്യൻ രാഷ്ട്രീയത്തെ കുറിച്ച് അറിയണം; നരേന്ദ്ര മോഡിയുടെ രാഷ്ട്രീയമായ വളർച്ചയെ കുറിച്ചും അറിയണം. മോഡി 2002-ലെ ഗുജറാത്ത് കലാപം കഴിഞ്ഞു ഉത്തരേന്ത്യയിൽ അറിയപ്പെട്ടിരുന്നത് 'ഹിന്ദു ഹൃദയ സാമ്രാട്ട്' എന്ന പേരിലായിരുന്നു. അന്ന് കോൺഗ്രസ്‌ ഹൈന്ദവർക്ക് എതിരാണ് എന്ന് ബി.ജെ.പി. വരുത്തി തീർത്തു. ഹിന്ദി ഹൃദയ ഭൂമിയിൽ തങ്ങളുടെ തിരഞ്ഞെടുപ്പ് വിജയങ്ങൾ തുടരാൻ രാമ ക്ഷേത്ര നിർമ്മാണം പാർട്ടി പരിപാടി ആക്കുകയും ചെയ്തു. അന്നൊക്കെ കോൺഗ്രസ്‌ അതിനെതിരാണ് എന്ന പ്രതീതി ഉണ്ടാക്കാനായിരുന്നു ബി.ജെ.പി. ശ്രമിച്ചിരുന്നത്. കോൺഗ്രസ് മുസ്ലീങ്ങൾക്ക് അനുകൂലമാണെന്നുള്ള ഒരു പ്രതീതി വരുത്താൻ വേണ്ടി അന്നത്തെ കേന്ദ്ര സർക്കാരിനെ 'ഡൽഹി സൾട്ടനേറ്റ്' എന്ന് വിളിച്ചായിരുന്നു മോഡി സ്ഥിരം പ്രസംഗങ്ങളിൽ അധിക്ഷേപിച്ചിരുന്നത്. തികഞ്ഞ വർഗീയവാദപരമായിരുന്നു ആ നിലപാടുകൾ. പിന്നീടാണ് ആ ഇമേജിൽ നിന്ന് രക്ഷപെടാൻ വേണ്ടി 'വൈബ്രൻറ്റ് ഗുജറാത്ത് കൊണ്ടുവന്നത്. പ്രധാനമന്ത്രി സ്ഥാനാർഥി ആക്കിയപ്പോൾ എല്ലാവരുടെയും പിന്തുണ കിട്ടുവാൻ വേണ്ടി 'വികാസ് പുരുഷ്' എന്ന പുതിയ പേരിൽ ബി.ജെ.പി. മോഡിയെ അവതരിപ്പിച്ചു.


മല്ലുകഫെ ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും / 🔔 നോട്ടിഫിക്കേഷനായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .

കോൺഗ്രസ് പാർട്ടി ഒരിക്കലും രാമക്ഷേത്ര നിർമാണത്തിന് എതിരല്ലായിരുന്നു. പണ്ട് കോടതി ഉത്തരവിനെ തുടർന്ന് ശിലാന്യാസം അനുവദിച്ച രാജീവ് ഗാന്ധിയോ, കോൺഗ്രസ് നേതാക്കളോ ഒരിക്കലും ബാബ്‌റി മസ്ജിദ് തകർക്കാൻ പറഞ്ഞിട്ടില്ല. അതാണ് കോൺഗ്രസും ബി.ജെ.പി. -യും തമ്മിലുള്ള വിത്യാസം. ബാബ്‌റി മസ്ജിദ് നിലനിർത്തിക്കൊണ്ട് തന്നെ രാമക്ഷേത്രം വേണമെങ്കിൽ രാമക്ഷേത്രം പണിയട്ടെ എന്നായിരുന്നു കോൺഗ്രസ് നിലപാട്. പക്ഷെ ബി. ജെ. പി.-യ്ക്ക് ബാബ്‌റി മസ്ജിദ് തകർക്കണമായിരുന്നു; ആ വകുപ്പിൽ മുസ്‌ലിം വിരോധം പ്രകടമാക്കുകയും വേണമായിരുന്നു.

ബാബ്‌റി മസ്ജിദ് തകർത്തതിന് ശേഷം ഉത്തരേന്ത്യയിൽ വ്യാപകമായ കലാപം നടന്നൂ. ഗുജറാത്ത്, മുസാഫർപുർ, സാംലി, ഡൽഹി എന്നിവിടങ്ങളിലൊക്കെ കൂട്ടക്കൊലയും കലാപങ്ങളും പിന്നീട് അരങ്ങേറി. അനേകം വ്യാജ ഏറ്റുമുട്ടലുകളും കൊലപാതകങ്ങളും ഗുജറാത്തിൽ നടന്നൂ. ഇഷ്രത് ജഹാൻ, ഹരൻ പാണ്ട്യ, സൊറാബുദീൻ, കൗസർബി എന്നിവരുടെ മരണങ്ങൾ ആ രീതിയിൽ സംഭവിച്ചതാണ്. ഈ കലാപങ്ങളും കൊലപാതകങ്ങളും അതിനെ തുടർന്നുണ്ടായ രാഷ്ട്രീയ പ്രചാരണങ്ങളും സമൂഹത്തെ ഭിന്നിപ്പിച്ചില്ലാ എന്ന് ആർക്കും പറയാനാവില്ല.

ഇന്നിപ്പോൾ കോൺഗ്രസിൻറ്റെ രാമ ക്ഷേത്ര നിർമാണത്തെ കുറിച്ചുള്ള നിലപാടുകൾ ദൗർഭാഗ്യകരമാണെന്ന് വേണമെങ്കിൽ പറയാം. പക്ഷെ കോൺഗ്രസിൻറ്റെ രാമ ക്ഷേത്ര നിർമാണ വിഷയത്തിലുള്ള നിലപാടുകൾ ദൗർഭാഗ്യകരമാണെങ്കിൽ അത് കോൺഗ്രസ് നേതാക്കളുടെ കുഴപ്പമല്ല; ഇന്ത്യയുടെ കുഴപ്പം തന്നെയാണ്.

ഇന്ത്യയിൽ എന്തുകൊണ്ട് ഇത്തരത്തിൽ വർഗീയവൽക്കരണം സംഭവിച്ചൂ? ചരിത്രത്തിലേക്കും, ഗാന്ധിയിലേക്കും, നെഹ്‌റുവിലേക്കും പോകണം അതിനുള്ള ഉത്തരം കണ്ടുപിടിക്കാൻ. മഹാത്മാ ഗാന്ധിയുടെ മാനുഷികതയേയും, ജവഹർലാൽ നെഹ്‌റുവിൻറ്റെ മതനിരപേക്ഷതയേയും അപഹസിച്ച എല്ലാവരും ഇന്ന് കാണുന്ന ബി.ജെ.പി.-യുടെ വളർച്ചയ്ക്ക് ഉത്തരവാദികളാണ്. ഈ രണ്ടു പേരുടേയും ആദർശങ്ങൾ തള്ളിപ്പറഞ്ഞ ആളുകളെല്ലാം ബി.ജെ.പി.-യുടെ വളർച്ചയ്ക്ക് വഴിയൊരുക്കുകയായിരുന്നു. അതിൽ കോൺഗ്രസുകാരും പെടും.

മഹാത്മാ ഗാന്ധിക്ക് എല്ലാം ത്യജിച്ച ഒരു സന്യാസിയുടെ പരിവേഷം ഉണ്ടായിരുന്നു. ഇന്ത്യയെ ബ്രട്ടീഷുകാരിൽ നിന്ന് മോചിപ്പിക്കാനായി പിറവിയെടുത്ത ഒരു അവതാരം പോലെയാണ് സാധാരണക്കാരായ ജനം ഗാന്ധിജിയെ നോക്കികണ്ടിരുന്നത്. മഹാത്മാ ഗാന്ധി ജീവിച്ചിരുന്നപ്പോൾ അതുകൊണ്ട് തന്നെ ഹിന്ദുത്വ രാഷ്ട്രീയം വേരോടുവാൻ സാധ്യമല്ലായിരുന്നു. രാമ ഭക്തനും, രാമ രാജ്യത്തിന് വേണ്ടി നിലകൊള്ളുകയും ചെയ്തിരുന്ന ഗാന്ധിയെ തള്ളി ഹിന്ദുത്വ രാഷ്ട്രീയത്തിൻറ്റെ വക്താക്കൾക്ക് എങ്ങനെയാണ് മറ്റൊരു രാമനെ പ്രതിഷ്ഠിക്കാൻ ആവുക? പക്ഷെ ഗാന്ധിജിയുടെ ആ രാമഭക്തി തികഞ്ഞ മത സാഹോദര്യത്തിന് തടസ്സമായില്ല എന്നും കൂടി ഓർക്കണം. അതുകൊണ്ടാണ് സ്വാതന്ത്ര്യാനന്തരം മുസ്ലീങ്ങളുടെ സംരക്ഷണത്തിന് വേണ്ടി ഗാന്ധി നിലകൊണ്ടത്. ഗോഡ്‌സെ ഗാന്ധിയെ വധിക്കുന്നത് തന്നെ പാക്കിസ്ഥാൻ അനുകൂല നിലപാടെടുത്തു എന്ന ആരോപണം ഉന്നയിച്ചാണ്. ഇന്ത്യയിലെ മുസ്ലീങ്ങളുടെ ജീവനും സ്വത്തിനും വേണ്ടി ജീവൻ തന്നെ ബലിയർപ്പിച്ച മഹാത്മാ ഗാന്ധിയുടെ സംഭാവനകൾ മൗദീദിസ്റ്റുകൾ അംഗീകരിച്ചില്ല. കമ്യൂണിസ്റ്റുകാരും അംബേദ്കറിസ്റ്റുകളും നിരന്തരം ഗാന്ധിയെ അപഹസിച്ചു. ഇപ്പോഴാണ് കെ. വേണുവിനെ പോലുള്ള പഴയ നക്സലൈറ്റ് ആചാര്യൻമാർക്ക് സംഘ പരിവാറുകാരുടെ വർഗീയവൽക്കരണത്തെ നേരിടാൻ ഗാന്ധിയൻ തത്വസംഹിതയാണ് ഏറ്റവും നല്ലതെന്ന തിരിച്ചറിവുണ്ടായത്. 'ഞാനൊരു സനാതന ഹിന്ദുവാണെന്ന്' പറഞ്ഞുകൊണ്ടു തന്നെയായിരുന്നു ഗാന്ധി സ്വതന്ത്ര ഇന്ത്യയിൽ മുസ്ലീങ്ങളുടെ സംരക്ഷണത്തിന് വേണ്ടി നിലകൊണ്ടത്. ഭൂരിപക്ഷ സമുദായത്തിന് അങ്ങനെ ഒരു മാതൃക സൃഷ്ടിക്കാൻ ഗാന്ധിക്ക് സാധിച്ചു. പക്ഷെ ഇന്നിപ്പോൾ ആ മാതൃക ഏറ്റെടുക്കാൻ അധികം പേരൊന്നും മുന്നോട്ട് വരുന്നില്ലെന്നുള്ളതാണ് സമകാലീന ഇന്ത്യയിലെ ദുഃഖസത്യം.

സ്വതന്ത്ര ഇന്ത്യയിൽ കമ്യൂണിസ്റ്റുകാർ ഏറ്റവും നിന്ദിച്ച വ്യക്തികളിൽ ഒരാൾ ഒരുപക്ഷെ നെഹ്രുവായിരിക്കും. മൂഢ കമ്യൂണിസ്റ്റ് സങ്കൽപ്പങ്ങൾക്ക് അടിമപ്പെട്ട അവർക്ക് നെഹ്‌റു 'റണ്ണിങ് ഡോഗ് ഓഫ് ഇമ്പീരിയലിസം' ആയിരുന്നു. നെഹ്രുവിൻറ്റെ പഞ്ചവത്സര പദ്ധതികളെ അവർ 'പഞ്ഞവത്സര പദ്ധതികൾ' എന്ന് വിളിച്ചാണ് അധിക്ഷേപിച്ചിരുന്നത്. തീവ്ര ഇടതുപക്ഷം ആയ നക്സലൈറ്റുകളാകട്ടെ, നെഹ്‌റുവിനെ അധിക്ഷേപിക്കുന്നതിൽ ഒരു പടി കൂടി മുന്നോട്ടുപോയി. 1970-കളിൽ അവർ തിരുവനന്തപുരത്തെ അരിസ്റ്റോ ജങ്ഷനിലുള്ള നെഹ്‌റുവിൻറ്റെ പ്രതിമ ബോംബ് വെച്ച് തകർത്തു. ഇന്നിപ്പോൾ മുൻ സോവിയറ്റ് യൂണിയനിലും, ചൈനയിലും, കിഴക്കൻ യൂറോപ്പിലുമൊന്നും ജനത്തിന് കമ്യൂണിസം വേണ്ടാ. 30-40 വർഷങ്ങളായി കമ്യൂണസത്തിൻറ്റെ എല്ലാ സാധ്യതകളും അടഞ്ഞു. അപ്പോൾ ശാസ്ത്രീയതയുടേയും, മൂഢ സങ്കൽപ്പങ്ങളുടേയും പേരിൽ ഇന്ത്യയുടെ രാഷ്ട്ര ശിൽപിയെ അവഹേളിച്ചവർക്ക് എന്ത് മറുപടിയുണ്ട്?

മഹാത്മാ ഗാന്ധിയുടെ മാനുഷികതയും, ജവഹർലാൽ നെഹ്‌റുവിൻറ്റെ മതനിരപേക്ഷതയും നിന്ദിക്കപ്പെട്ടപ്പോൾ ഒരു വലിയ വിടവാണ് സൃഷ്ടിക്കപ്പെട്ടത്. ആ വിടവിലൂടെയായിരുന്നു ഇന്ത്യൻ രാഷ്ട്രീയത്തിൽ സംഘ പരിവാറുകാരുടെ തള്ളിക്കയറ്റം. ഈ രണ്ടു മഹാമേരുക്കൾ ഇന്ത്യൻ രാഷ്ട്രീയത്തിൽ നിലനിന്നിടത്തോളം കാലം സംഘ പരിവാറുകാർക്ക് യാതൊരു സ്വാധീനവും സൃഷ്ടിക്കാനായില്ല. അതുകൊണ്ട് നിരന്തരം ഇവരെ രണ്ടു പേരേയും തള്ളിപ്പറയാനാണ് സംഘ പരിവാറുകാർ ശ്രമിച്ചിരുന്നത്. നെഹ്‌റുവെന്ന മഹാ വ്യക്തിത്ത്വത്തെ കുറച്ചൊക്കെ കൊച്ചാക്കി കാണിക്കുന്നതിൽ അവർ വിജയിച്ചിട്ടും ഉണ്ട്. പക്ഷെ എത്ര ശ്രമിച്ചിട്ടും മഹാത്മാ ഗാന്ധിയെ ഇന്ത്യൻ മനസുകളിൽ നിന്ന് നിഷ്കാസനം ചെയ്യുവാൻ സംഘ പരിവാറുകാർക്ക് സാധിച്ചിട്ടില്ല. അതുകൊണ്ട് ഇപ്പോൾ ഗാന്ധിയെ ഉൾക്കൊള്ളാൻ ആണവർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഗാന്ധിയുടെ ആദർശങ്ങൾ തെറ്റായി വ്യാഖ്യാനിക്കുന്നതൊക്കെ ആ പദ്ധതിയുടെ ഭാഗമായിട്ടാണ്. മൗദീദിസ്റ്റുകളും, കമ്യൂണിസ്റ്റുകാരും, അംബേദ്കറിസ്റ്റുകളും ഇപ്പോൾ ബി.ജെ.പി.-യുടേയും, സംഘ പരിവാറിൻറ്റേയും വളർച്ചയിൽ അതിയായി ദുഃഖിക്കുന്നുണ്ട്. പക്ഷെ ദുഃഖിച്ചിട്ടെന്തു കാര്യം? വേണ്ട സമയത്ത് അവർക്ക് ബുദ്ധി പോയില്ല. ഇനി അനുഭവിക്കുക തന്നെ. അല്ലാതെന്തു മാർഗം? മഹാത്മാ ഗാന്ധിയുടെ മാനുഷികതയും, ജവഹർലാൽ നെഹ്‌റുവിൻറ്റെ മതനിരപേക്ഷതയും വീണ്ടെടുക്കാതിരിക്കുന്ന കാലത്തോളം ബി.ജെ.പി.-യുടേയും, സംഘ പരിവാറിൻറ്റേയും സ്വാധീനം ഇന്ത്യയിൽ തുടരാൻ തന്നെയാണ് സാധ്യത.

(ലേഖകൻറ്റെ ഈ അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരമാണ്. അതിന് ലേഖകൻറ്റെ ജോലിയുമായി ഒരു ബന്ധവുമില്ലാ.)


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 3 / Total Memory Used : 0.7 MB / This page was generated in 0.0184 seconds.