# ഒരു_പ്രവാസി_നാട്ടിൽ_വരുന്നു.. കൊറോണകാലത്തെ പ്രശ്നങ്ങൾ .. തുടർന്ന് വായിക്കുക

Avatar
Anonymous | 11-07-2020

#ഒരു_പ്രവാസി_നാട്ടിൽ_വരുന്നു..
നിർദ്ദേശിച്ച പ്രകാരം ക്വാറന്റീനിൽ കഴിയുന്നു.. പതിവുപോലെ ഗവൺമെൻറ് അധികൃതർ കോവിഡ് ടെസ്റ്റിനായി കൊണ്ടുപോകുന്നു.. തിരിച്ചു കൊണ്ടുവിടുന്നു.. റിസൾട്ടിനായുള്ള കാത്തിരിപ്പിനൊടുവിൽ തിരുവനന്തപുരത്തു നിന്നു റിസൾട്ടു വരുന്നു.. നെഗറ്റീവാണ്.. ശരിയാണെന്ന് പലവട്ടം ചോദിച്ചുറപ്പിച്ചു.. ഉത്തരം അതുതന്നെ.. പ്രവാസിയും കുടുംബവും ഹാപ്പി.. ടെൻഷൻ മാറിക്കിട്ടി..

അനന്തരം പ്രവാസി പുറത്തേക്കൊക്കെ ഒന്നിറങ്ങി ശുദ്ധവായു ശ്വസിച്ചു.. തൊട്ടുതാഴെ ജംഗ്ഷനിലെ പഴയ കൂട്ടുകാരെ ഒക്കെ ഒന്നു കണ്ടു സലാം വെച്ചു.. കുടുംബനാഥ ഇറങ്ങി വീട്ടിലേക്കുള്ള അവശ്യസാധനങ്ങളൊക്കെ വാങ്ങിച്ചു..
മൂത്തമകൻ വീണ്ടും ജോലിക്ക് പോയിത്തുടങ്ങി.. എല്ലാം ശാന്തം.

#ഇനിയാണ്_കഥയിലെ_ട്വിസ്റ്റ്..
പ്രവാസിക്ക് ഒരു വിളി വരുന്നു.. നിങ്ങൾ കോവിഡ് പോസിറ്റീവാണ്... ഇപ്പോൾ പറഞ്ഞതാണ് ഒഫിഷ്യൽ.. പിന്നെ എല്ലാം പെട്ടെന്നായിരുന്നു.. 108 ആമ്പുലൻസ് വരുന്നു.. പിപിഇ കിറ്റ് ധരിച്ച ആരോഗ്യ പ്രവർത്തകർ ഇറങ്ങുന്നു.. പത്തനംതിട്ട ജനറൽ ആശുപത്രിയിലെ കോവിഡ് വാർഡിലേക്ക് രോഗിയെ കൊണ്ടുപോകുന്നു.. കുടുംബാംഗങ്ങളോട് കർശന ക്വാറന്റീൻ നിർദ്ദേശിക്കുന്നു.. പിറ്റേദിവസം ടെസ്റ്റിനുപോകാൻ റെഡിയായി ഇരിക്കാൻ അവരോടും നിർദ്ദേശിക്കുന്നു..

#ഇനി_നാട്ടുകാരുടെ_ഊഴമാണ്...
വാർത്തകൾ പൊടിപ്പും തൊങ്ങലും വെച്ച് കാട്ടുതീ പോലെ പടർന്നു..

"ആ പുള്ളി വന്നിട്ട് ഹെൽത്തിൽ റിപ്പോർട്ട് പോലും ചെയ്യാതെ ഒളിച്ചു താമസിക്കുവാരുന്നു.." (ഏത്..? വന്ദേഭാരത് മിഷനിൽ വന്ന ലിസ്റ്റഡ് ട്രാവലർ)

"ഓ.. ആ കക്ഷി ഫുള്ളങ്ങ് എറങ്ങി നടക്കുവാരുന്നു.. ഗാന്ധി ജംഗ്ഷനിൽ കേറാത്ത കടയില്ല.. പല കടകളും ഹെൽത്തുകാർ അടപ്പിച്ചു.."

"നടന്നുവരുന്നതിനിടയിൽ ജംഗ്ഷനിലെ തോട്ടിലോട്ടൊന്നു തുപ്പുവേം ചെയ്തെന്നാ കണ്ടവര് പറഞ്ഞത്.. അന്ന് തോട്ടിലെറങ്ങിയവർക്കെല്ലാം സൊഗവാ.."

"അയൽപക്കക്കാരോടൊക്കെയങ്ങ് സമ്പർക്കമാരുന്നു... ചുറ്റുവട്ടത്തൊള്ള അഞ്ചാറ് വീട് ഇനി നോക്കുവേ വേണ്ട.."

"ഒരു വെളുപ്പിന് പുളളി തലേൽ തോർത്തിട്ട് കുരങ്ങയത്തിലുള്ള (തന്റെ വയ്യാതെ കിടക്കുന്ന) ബന്ധുവിനെ കാണാൻ പോയിട്ടു വരുന്നത് കണ്ടവരുണ്ട്.. കുരങ്ങയംകാര് മൊത്തോം അങ്ങോട്ടും ഇങ്ങോട്ടും ബന്ധക്കാരാ.. ആ വീട്ടുകാർക്കും പകർന്നതു കാരണം വയ്യാത്ത ആളെ കാണാൻ ചെന്ന എല്ലാ കുരങ്ങയക്കാർക്കും പിടിച്ചു കാണും.. "

"ആ വീട്ടിലെ സ്ത്രീ സൊസൈറ്റീൽ പാല് വാങ്ങിക്കാൻ പോയി.. ആ ദിവസം സൊസൈറ്റിൽ ചെന്ന എല്ലാ പാൽക്കാർക്കും പിടിച്ചു കാണും.."

"ഈ പഞ്ചായത്തിൽ എല്ലായിടത്തും വണ്ടിയിൽ വരാറുള്ള മീൻകാരുടെ അടുത്തൂന്നും, പച്ചക്കറിക്കാരുടെ അടുത്തൂന്നും ആ സ്ത്രീ സാധനങ്ങൾ വാങ്ങിച്ചിട്ടുണ്ട്.. ചുമച്ച കൈ കൊണ്ട് നോട്ടൊക്കെ എണ്ണി കൊടുത്തു കാണും.."

"സ്റ്റേഡിയം ജംഗ്ഷനിലെ മില്ലിൽ പുള്ളിക്കാരി അരിപൊടിപ്പിക്കാൻ ചെന്നാരുന്നു.. അങ്ങനാരിക്കും മില്ലിലെ ആർക്കാണ്ട് കോവിഡ് പിടിച്ചെന്ന് കേൾക്കുന്നു.. ഹെൽത്തുകാർ മില്ല് അടപ്പിച്ചു.. ഗേറ്റൊക്കൊ ലോക്കാ.."

"പുളളിക്കാരി കൂടൽ ജംഗ്ഷനിലെ ശശി സ്റ്റോഴ്സിലും, അശോകാ ബേക്കറിയിലും കയറി പോലും.. ഏറ്റവും തെരക്കൊള്ള രണ്ടു സ്ഥലമാ.."

"ഇതിന്റെ പനിക്കോള് കാണും.. അവര് തോളൂരെ മെഡിക്കൽ സ്റ്റോറ്റിക്കേറി പാരാസെറ്റാമോൾ വാങ്ങിച്ചെന്ന്.."

"മൂത്ത ചെറുക്കൻ സ്കൂട്ടറിലല്ലിയോ ദിവസോം പത്തനാപുരം വരെ ജോലിക്ക് പോകുന്നത്.. ഇതിനിടയിൽ കണ്ടെടത്തെല്ലാം കയറിക്കയറിയാ വരവും പോക്കുമൊക്കെ.. ഇനി പകരാനാര് ബാക്കി ഒണ്ടെന്നറിഞ്ഞാ മതി.."

"ചെറുക്കൻ ജോലി ചെയ്യുന്നത് പത്തനാപുരം ദയറായുടെ (മൊനാസ്ട്രി) സെന്റ് സ്റ്റീഫൻസ് സ്കൂളിലല്ലിയോ.. ഓൺലൈൻ ക്ലാസെടുക്കാനൊക്കെ എല്ലാരും വരുന്നതാണല്ലോ.. എല്ലാ സാറമ്മാർക്കും ദയറായിലെ മുഴുവൻ അച്ചൻമാർക്കും ഒക്കെ പകർന്നു കാണും.."

"ചെറുക്കൻ വരുന്നവഴി കലഞ്ഞൂര് ബിജോടെ മുടിവെട്ടു കടേൽ കയറി മുടിവെട്ടിയെന്ന്.."


മല്ലുകഫെ ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും / 🔔 നോട്ടിഫിക്കേഷനായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .

"ചെറുക്കൻ ബജിക്കടയിൽ നിർത്തി മൊട്ടബജി വാങ്ങിക്കഴിച്ചെന്ന്.. എതിർവശത്തെ താവളത്തിലെ അജീടെ വീട്ടിലെ CCTV യിൽ നല്ല വ്യക്തമായി കിട്ടിയിട്ടൊണ്ടെന്നാ ആരോ പറഞ്ഞേ.."

"അവൻ വന്ന വഴി വൈകുന്നേരം സ്റ്റേഡിയത്തിക്കേറി ആ പടിയേല് ആൾക്കാരെടെ കൂടിരുന്ന് പിള്ളേര് കളിക്കുന്നേം കണ്ടേച്ച് ആറുമണി കഴിഞ്ഞാ പോയേ.."

"രജിത്തിന്റെ കല്യാണത്തിന് ഇവരടെ അയൽക്കാരൊക്കെ ഒണ്ടാരുന്നു.. അതുകൊണ്ട് കല്യാണത്തിന് കൂടിയ 50 പേരും ക്വാറൻറീനിൽ പോകേണ്ടി വരും.. ഹെൽത്തുകാര് ലിസ്റ്റ് തയ്യാറാക്കിക്കോണ്ട് ഇരിക്കുവാ.."

"വീട്ടുകാരുടെ റിസൾട്ട് വന്നു.. എല്ലാവർക്കും കൊറോണ ഒണ്ട്.. അവരെ കൊണ്ടുപോകാൻ ആമ്പുലൻസ് പുറപ്പെട്ടു.."

"അയാൾക്ക് കൂടുതലാ.. വെൻറിലേറ്ററിലാ.. കൂടിയ ഇനം കോവിഡാ.. ചിലപ്പം എയർ ആമ്പുലൻസിൽ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റും.."

"ആള് മരിച്ചെന്നും കേൾക്കുന്നു.. മുഖ്യമന്ത്രി നാളെ പറയാൻ വെച്ചേക്കുവാ പോലും.."

"അവരുടെ വീടിന് ഇന്നലെ രാത്രി ആരോ കല്ലെറിഞ്ഞു പോലും.. എങ്ങനെ ചെയ്യാതിരിക്കും.. ഇവരിതും മറച്ചുവെച്ച് കാണിച്ച കൊള്ളരുതായ്മ അല്ലിയോ..."

"ഗാന്ധിജംഗ്ഷൻ മുതൽ കൂടല്, കുരങ്ങയം, കലഞ്ഞൂർ, അങ്ങ് പത്തനാപുരം വരെ നാളെ മുതൽ ട്രിപ്പിൾ ലോക്ക് ഡൗൺ ആക്കുവാ.. സ്റ്റേഷനീന്ന് രഹസ്യമായി അറിഞ്ഞതാ.. വേണേല് പെട്രോളൊക്കെ അടിച്ചിട്ടോ.." ( 🤔: പെട്രോൾ അടിച്ചിട്ട് എന്തിനാ ചേട്ടാ..? 😬: അല്ല, ഞാനതിന്റെ ഫ്ളോയിലങ്ങ് പറഞ്ഞതാ).

#ക്ലൈമാക്സ്
കൊറോണയുടെ വിസിബിൾ ലക്ഷണങ്ങൾ ഒന്നും ഇല്ലാത്തതിനാൽ പ്രവാസിയെ പത്തനംതിട്ടയിലെ കൊറോണ വാർഡിൽ നിന്നും, പന്തളത്തേക്ക് മാറ്റുവാൻ ഇന്നു വൈകുന്നേരം ഓർഡർ ആകുന്നു.. കക്ഷിയുമായി ആമ്പുലൻസ് പന്തളത്തേക്ക് കുതിക്കുന്നു..

#ഇനി_ആന്റിക്ലെമാക്സ്
പത്തനംതിട്ടയിൽ നിന്ന് പന്തളത്തേക്ക് ഒരു കോൾ.. വരുന്ന രോഗിയെ വീട്ടിൽ കൊണ്ടു വിട്ടേക്കുക.. അയാൾക്ക് കോവിഡ് ഇല്ല.. വീണ്ടും പരിശോധിച്ച് ഉറപ്പുവരുത്തിയതാണ്.. ആദ്യം പോസിറ്റീവെന്ന് പറഞ്ഞത് തെറ്റു പറ്റിയതാണ്.

അടുത്തത് വീട്ടിലേക്കൊരു കോൾ.. "നിങ്ങളുടെ എല്ലാം റിസൾട്ട് നെഗറ്റീവാണ്.. അച്ചായനെ ഇപ്പം വീട്ടിലെത്തിക്കും.."
"അപ്പോ പോസിറ്റീവാണെന്നു പറഞ്ഞതോ..?"
"അത് തെറ്റുപറ്റിയതാണ്.. അതുപോട്ടെ.. അസുഖമില്ലാന്ന് കേൾക്കുമ്പോ സന്തോഷിക്കുവല്ലേ വേണ്ടത്..? ഓകെ ശരി.."

#വാൽക്കഷ്ണം:
മനുഷ്യനാകുമ്പം രോഗോം, ദു:ഖോം, ദുരിതോം ഒക്കെ ഉണ്ടാകും.. ഇങ്ങനത്തെ മുൻപരിചയമില്ലാത്ത ഒരു മഹാമാരി കൈകാര്യം ചെയ്യുമ്പോ ചെറിയൊരു ശതമാനം medical error ഉം clerical error ഉം ഒക്കെ ഉണ്ടാകും.. അതും സ്വാഭാവികം.. നിലവിലുള്ള കോവിഡ് ടെസ്റ്റ് കിറ്റിന് 90% കൃത്യതയേ പറയുന്നുള്ളൂ..

അതുകൊണ്ടെന്റെ പൊന്നു മനുഷ്യരേ.. (ചില) നാട്ടാരേ.. ആരാന്റെ പെര കത്തുന്ന കാണാൻ നല്ല ശേലാരിക്കും.. ഇങ്ങനെയൊന്നും കഥകളുണ്ടാക്കല്ല്.. ഇന്നീ റിസൾട്ട് വന്നില്ലായിരുന്നെങ്കിൽ നാളെ ആ കുംടുംബത്തിനെ അപായപ്പെടുത്താനും ആളുകളുണ്ടായേനേ.. ഈ രണ്ടു ദിവസങ്ങളിൽ ആ കുടുംബം അനുഭവിച്ച മാനസിക വൃഥ നിങ്ങൾക്കൂഹിക്കാൻ പറ്റില്ല.. നിന്നുരുകുകയായിരുന്നു ആ കൊച്ചുകുടുംബം.. ഇന്നലെ വരെ, നമ്മളിലൊരാളായി ഈ നാട്ടിൽ ജനിച്ചുവളർന്ന ; നാടിന്റെ തുല്യ അവകാശികളായിരുന്നു അവരും.. സ്വയം ചോദിച്ചു നോക്കുക.. നാം എന്നുമുതലാണിങ്ങനെ മാറിയത്..? നാളെ നമ്മടെയൊക്കെ കുടുംബത്തിൽ ഇത് സംഭവിച്ചാലേ നാം പഠിക്കുള്ളൂ..

#ആ_പയ്യന്റെ_കരച്ചിലിന്റെ_ചൂട്_നെഞ്ചുപൊള്ളിച്ചതു_കൊണ്ടാണ്_ഇത്രയും_എഴുതിയത്..!

ഇനിയും ഈ നാട്ടിൽ പ്രവാസികൾ മടങ്ങിവരും.. ചിലർക്ക് രോഗം കാണില്ല.. ചിലർക്ക് കോവിഡ് പോസിറ്റീവും ആയേക്കാം.. അവർക്കും അവരുടെ വീട്ടിൽ ജീവിക്കണം.. തലയുയർത്തി ചിരിച്ച് കൈവീശി സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരണം.. അവരുടെ വിധി നിർണ്ണയിക്കാനും, റൂട്ട്മാപ്പ് ചമയ്ക്കാനും, റിസൾട്ടിൽ സീല് വെക്കാനും നമ്മെ ആരേയും ആരും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ഇനിയെങ്കിലും മനസ്സിലാക്കുക.. അതിനിവിടെ ഔദ്യോഗിക സംവിധാനങ്ങളുണ്ട്..

നമ്മുടെ സ്വാതന്ത്ര്യം തൽക്കാലം അവനവന്റെ മൂക്കിൻ തുമ്പത്ത് ശരിയായി ധരിച്ചിരിക്കുന്ന മാസ്കിൽ അവസാനിക്കണം.. ചുമ്മാ അതില്ലാതെ പുറത്തിറങ്ങി വല്ലവന്റേം കഥ പറയാനും, കേൾക്കാനും പോയി പരസ്പരം തുപ്പല് നക്കി 16 അടി കുഴിയിൽ ഒടുങ്ങാതിരിക്കട്ടെ ആരും..

#ശുഭനിദ്ര 🙏 # Soju Joshua


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

About Author

Post author is unknown. If you know the original owner , please share link / contact to us. We will update credits to original owner.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.67 MB / This page was generated in 0.0258 seconds.