കഷ്ട്ട കാലത്ത് പ്രവാസികളോട് നന്ദികേട് കാണിക്കുന്നുവോ?

Avatar
ജെ എസ് അടൂർ | 22-06-2020

അതു ഒരു പ്രധാന ചോദ്യ ചിഹ്നംമാണ് ഇന്ന്. കേരളത്തിൽ ആകെ ഉണ്ടായ വിപ്ലവം പ്രവാസി വിപ്ലവമാണ്. കാരണം കേരളത്തെ പട്ടിണിയിൽ നിന്നും സാമ്പത്തിക മുരടിപ്പിൽ നിന്നും കരകയറ്റിയത് രാപ്പകൽ പണിഎടുത്തു പ്രവാസി മലയാളി എന്ന് എല്ലാവരും വിളിക്കുന്ന കേരളത്തിലെ നാട്ടുമ്പുറങ്ങളിൽ നിന്ന് ഇവിടെ തൊഴിൽ കിട്ടാൻ നിവർത്തി ഇല്ലാതെ വണ്ടികയറിയ നമ്മുടെ സ്വന്തം ആളുകളാണ്. കഷ്ട്ടകാലത്ത് അതു മറക്കാതിരിക്കുക.

pravasi

1.കേരളത്തിൽ സാമ്പത്തിക വളർച്ചയെങ്ങനെയാണുണ്ടായത് ?

കേരളത്തിലെ 1987 ലെ ബജറ്റ് അവതരിപ്പിച്ചത് വിശ്വനാഥ മേനോനാണ്. ആ ബജറ്റ് പ്രസംഗം ആരംഭിക്കുന്നത് കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിയെ വിവരിച്ചാണ്.

1971 മുതലുള്ള പതിനഞ്ചു വർഷങ്ങളിൽ കേരളത്തിലെ ശരാശരി സാമ്പത്തിക വളർച്ച വെറും 2.1%. അന്നത്തെ ദേശീയ ശരാശരി 3.1%.. ആളോഹരി സാമ്പത്തിക വളർച്ച വെറും 0.2%.ദേശീയ ശരാശരി ആളോഹരി ആ സമയത്തു കേരളത്തിനേക്കാൾ വളരെ മുകളിൽ 1.6%.കേരളത്തിൽ എല്ലാ രംഗത്തുമുള്ള തൊഴിൽ ഇല്ലായ്മയെകുറിച്ച് ആ ബഡ്ജറ്റ് പ്രസംഗത്തിൽ കൃത്യമായി വിവരിക്കുന്നുണ്ട്. കേരളത്തിൽ അന്നത്തെ റെവെന്യു വരുമാനം 1602 കോടി. റെവെന്യു ചിലവ് 1733 കോടി മാത്രം.

എന്നാൽ ഇന്ന് കേരളത്തിലെ സ്റ്റേറ്റ് ഡൊമസ്റ്റിക് പ്രോഡക്റ്റ് 9, 78, 064 കോടി. അതായത് പത്തു ലക്ഷം കോടിയോട് അടുത്തു. ഇത് മുൻവര്ഷത്തെക്കാൾ വളർന്നത് 12.2% മാണ്. ഈ വർഷത്തെ മൊത്തം ചിലവ് 1, 44, 265 കോടി. അതായത് 1.44 ലക്ഷം കോടിയിലധികം

കേരളത്തിൽ 1987-8 മുതൽ സാമ്പത്തികവളർച്ചക്ക് പ്രധാന കാരണം കേരളത്തിനു വെളിയിൽപോയി ജോലി ചെയ്തു ആളുകൾ അയച്ചു കൊടുത്തപണമാണ്.

കേരളത്തിൽ ഒരു മേഖലയിലും തൊഴിൽ കിട്ടാൻ അവസരം ഇല്ലായിരുന്നു. തൊഴിൽ അല്ലെങ്കിൽ ജയിൽ സമരം എന്നത് കണ്ടു വളർന്ന ഒരു തലമുറ.

1980 കളിൽപോലും പട്ടിണി വ്യാപകമായിരുന്നു. 1987-88 ലെ ബജറ്റിൽ അദ്ദേഹം ഭൂപരിഷ്ക്കരണത്തിന്റെ ന്യൂനതകളോടൊപ്പം കാർഷിക രംഗത്തിന്റ മുരടിപ്പ് പറയുന്നുണ്ട്. കാർഷിക രംഗത്തുപോലും ഒരു വർഷത്തിൽ വെറും 140 ദിവസത്തെമാത്രം പണിയുള്ള അവസ്ഥ.

കേരളത്തിൽ തൊഴിൽ അവസരങ്ങൾ സൃഷ്ട്ടിക്കുവാൻ അതു വരെയുള്ള എല്ലാ സർക്കാരുകളും പരാജയപെട്ടത് കൊണ്ടാണ് ലക്ഷകണണക്കിന് ചെറുപ്പക്കാർ കേരളം വിടാൻ നിർബന്ധിതരായത്. കേരളത്തിൽ കിടന്നാൽ രക്ഷപെടുകയില്ല എന്ന ധാരണ കൊടുത്തു എന്നത് മാത്രം ആയിരുന്നു സർക്കാർ റോൾ.

ഇപ്പൊൾ 'പ്രവാസികൾ ' എന്ന് സർക്കാർ വിളിക്കുന്ന ഒരു വിഭാഗം ജനങ്ങൾ കേരളത്തിനു വെളിയിൽപ്പോയി രാവും പകലും പണി എടുത്തു അയച്ചു കൊടുത്ത പൈസയിലാണ് കേരളത്തിൽ ഇന്ന് കാണുന്ന എല്ലാ സാമ്പത്തിക വളർച്ചക്കും പ്രധാന കാരണം. ഇന്ന് അല്ലെങ്കിൽ 1733 കോടി ബജറ്റിൽ നിന്നും കേരളം 1.44 ലക്ഷം കോടി ബജറ്റിൽ എത്തില്ലായിരുന്നു.

pravasis

2.അബുദാബിക്കാരൻ പുതു മണാളൻ

അങ്ങാടി എന്ന സിനിമയിൽ കുതിരവട്ടം പപ്പു ചെയ്യുന്ന കഥാപാത്രമാണ് അബുദാബിക്കാരൻ പുതുമണാളൻ എന്ന പ്രവാസി സ്വപ്‌നങ്ങൾ, പാവാട വേണം മേലാട വേണം എന്ന പാട്ട് പാടി അവതരിപ്പുക്കുന്നത് . എൺപത്കളുടെ അവസാനം തൊട്ട് ഇറങ്ങിയ മലയാള സിനിമകളിൽ എല്ലാം ഗൾഫ് നിത്യ സാന്നിധ്യമായിരുന്നു . കേരളത്തിൽ സിനിമയും മാധ്യമങ്ങളും എല്ലാം പച്ച പിടിച്ചതിൽ ഗൾഫ് മലയാളി ഉണ്ടായിരുന്നു .

കേരളത്തിലെ രാഷ്ട്രീയ നേതാക്കൾ പലപ്പോഴും ഡൽഹിയിലെക്കാൾ ദുബായിലാണ് പോയിരുന്നത്. കാശ് പിരിക്കാൻ മാത്രം അല്ല പോയിരുന്നത് ഹവാല വഴി കടത്തിയ കാശിന്റെ ഇൻവെസ്റ്റ്മെന്റ് പ്ലാൻ തയ്യാറാക്കാനും കൂടിയാണ് പോയത് .

1980കളിൽ ബസ്സിൽ യാത്ര ചെയ്തിരുന്ന രാഷ്ട്രീയ നേതാക്കൾക്കു ഇന്ന് ഇന്നോവ ക്രിസ്റ്റയിൽ നിന്ന് ഇറങ്ങാൻ സമയം ഇല്ല. അന്ന് കഷ്ടി ഒരു എസ്‌കോർട്ട് വണ്ടി മാത്രം ഉണ്ടായിരുന്ന മുഖ്യ മന്ത്രിക്കു ഇന്ന് ആവശ്യം പോലെ . ഒരിക്കൽ പത്തു എസ്‌കോർട്ട് വണ്ടികൾ വരെ എണ്ണിയ കാര്യം പറഞ്ഞിട്ടുണ്ട്.

പ്രവാസികളുടെ കാശ് വാങ്ങാത്ത രാഷ്ട്രീയക്കാരും പള്ളിക്കാരും അമ്പലക്കാരും ഉണ്ടേയെന്ന് സംശയം. അവരുടെ ആഥിതെയത്വം അനുഭവിച്ച ഒരുപാടു 'പ്രമുഖർ 'കേരളത്തിൽ ഉണ്ട് . അതൊക്കെ മുപ്പതു വർഷം പ്രവാസി ആയിരുന്ന എനിക്കും നല്ലത്പോലെ അറിയാം.

പല രാഷ്ട്രീയ നേതാക്കൾക്കും മാധ്യമങ്ങൾക്കും പണവും പത്രാസും കേരളത്തിൽ 'ഇൻവെസ്റ്റ് ' മെന്റ് ഉള്ള വിരലിൽ എണ്ണാവുന്നവരാണ് പ്രവാസികൾ.

സത്യത്തിൽ കേരളത്തിൽ പണം അയച്ചുകൊടുക്കുന്നത് പ്ലമ്പറും, ഇലക്ട്രീഷ്യനും വെൽഡറും മേശിരിയും ആശാരിയും ഡ്രൈവറും അതുപോലെയുള്ള ദശ ലക്ഷകണക്കിന് സാധാരണക്കാരാണ്. ഗൾഫിൽ വെയിലത്തു ചോര നീരാക്കി പണിയുന്നവരാണ്.

അമേരിക്കയിലും യൂറോപ്പിലും ഉള്ളവർ അവരുടെ വരുമാനം കൂടുതൽ അവിടെ ചിലവെക്കുമ്പോൾ ഗൾഫിൽ ഉള്ളവർ കിട്ടുന്നതിൽ വളരെ കുറച്ചു അവിടെ ചിലവഴിച്ചു എല്ലാം കേരളത്തിൽ അയച്ചു കൊടുത്തു.

അങ്ങനെയാണ് കേരളത്തിൽ ഒരുപാടു കുടുംബങ്ങൾ പട്ടിണിയിൽ നിന്നും കര കേറിയത്. ഭൂമി ഇല്ലാത്തവർ ഭൂമി വാങ്ങിയത്. വീട് ഇല്ലാത്തവർ വീട് ഉണ്ടാക്കിയത്. അധികം വിദ്യാഭ്യാസത്തിന് അവസരമില്ലാത്തവർ മക്കളെ ഉന്നത വിദ്യാഭ്യാസം ചെയ്യിച്ചത് . അവരാണ് കേരളത്തിൽ മാറ്റങ്ങൾ ഉണ്ടാക്കിയത്. അല്ലാതെ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും പ്രിയങ്കരായ ഒന്നോ രണ്ടോ കച്ചവടക്കാരല്ല.

3.കഷ്ട്ടകാലത്തുള്ള നന്ദികേടു. നെഗറ്റീവ് സർട്ടിഫിക്കറ്റ് എന്ന ഇരട്ടത്താപ്പ്

പക്ഷേ കോവിഡ് കഷ്ട്ടകാലത്ത് കേരളം കറവ വറ്റിയ പശുക്കളെപ്പോലെ കണ്ട സാധാരണ ഗൾഫ് വാസികൾ ചക്ര ശ്വാസം വലിക്കുകയാണ്.

പാർട്ടി ജാതി ഭേദമന്യേ. ഒരുപാടു പേർക്ക് ജോലി പോയി . പലര്ക്കും റൂമിന് വാടക കൊടുക്കാൻപോലും പൈസ ഇല്ല. പലര്ക്കും കോവിഡ് വന്നു. ഒരുപാടു പേർ മരിക്കുന്നു. ഈ കഷ്ട്ടകാലത്ത് അവർ അവിടെയും ഇവിടെയും രണ്ടാതരം പൗരൻമാരായി ഗണിക്കപ്പെടുന്നു എന്ന വേദനയിലാണ് ഒരുപാട് പേർ.

ജോലി പോയവർ, പകുതി ശമ്പളത്തിൽ ജോലി ചെയ്യുന്നവർ, ആഹാരം മാത്രം കിട്ടുന്നവർ, പലതിനും ലോൺ എടുത്തവർ. അവരുടെ വരുമാനം കൊണ്ടു മാത്രം ജീവിക്കുന്ന ലക്ഷകണക്കിന് വീട്ടുകാർ.

എന്നാൽ കേരളത്തിൽ 21 പേർ കോവിഡ് വന്നു മരിച്ചെങ്കിൽ 254 മലയാളികളാണ് കേരളത്തിനു വെളിയിൽ മരിക്കുന്നത് . ഓരോ മരണവും ഇവിടെയുള്ളവരുടേതാണ്. അവരുടെ ബോഡിപോലും പ്രിയപ്പെട്ടവർക്ക് കണാൻ സാധിക്കാത്ത ദുരവസ്ഥ.

ഇന്ന് കേരളത്തിനു വെളിയിൽ അതു പോലെ ഒരു മലയാളിയും മരണ ഭയത്തിലാണ് കഴിയുന്നത് . അവരിൽ ഭൂരിപക്ഷം പേരുടെ വീട്ടുകാർ കേരളത്തിലാണ്.


മല്ലുകഫെ ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും / 🔔 നോട്ടിഫിക്കേഷനായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .

അങ്ങനെയുള്ള അവസ്ഥയിൽ കോവിഡ് നെഗറ്റിവ് സർട്ടിഫിക്കേറ്റ് കൊണ്ടു മാത്രം ഇങ്ങോട്ട് വന്നാൽ മതി എന്ന് പറയുന്ന സർക്കാർ ആരുടെ സർക്കാർ ആണ്?

കേരളം ഒന്നാമത് എന്ന വീരവാദം ഏത്ര നാൾ നടത്തും? കേരള എക്‌സ്‌പെഷനിലിസം പറഞ്ഞു എത്ര നാൾ ഊറ്റം കൊള്ളും?

ഇന്ത്യയിൽ ഹോട്ട് സ്പോട്ടായ മുംബൈയിൽ നിന്നും ഡൽഹിയിൽ നിന്നും ചെന്നൈയിൽ നിന്നും പൂനയിൽ നിന്നും ഈ പാസ്സും ക്വാറന്റൈനും ഉണ്ടെങ്കിൽ ആളുകൾക്കു വരാം എങ്കിൽ ഗൾഫ് കാരോട് എന്താണ് ഇരട്ടതാപ്പ്?

ഇന്ന് കേരളത്തിൽ ഒട്ടു മിക്കവാറും കുടുംബങ്ങളുമായി ബന്ധമുള്ളവരിൽ വലിയ വിഭാഗം കേരളത്തിന് പുറത്താണ്. അവർ എന്തെ മലയാളികൾ അല്ലേ?

പ്രവാസികൾ നല്ല കാലത്ത് അയച്ചു കൊടുത്ത പൈസയുടെ ബലത്തിലാണ് കേരളത്തിലെ സാമ്പത്തിക വളർച്ചയും ബജറ്റ് വളർച്ചയും നടന്നത്.

ഇന്ന് കേരളത്തിൽ 1.44 ലക്ഷം ബജറ്റ് ഉണ്ടെങ്കിലും ജോലിയും കൂലിയും നഷ്ട്ടപെട്ട മലയാളികളെ ചാർട്ടർ ചെയ്ത് വിമാനത്തിൽ സൗജന്യമായി നാട്ടിൽ എത്തിക്കാൻ സർക്കാരിന് പൈസ ഇല്ല.

പ്രളയം വന്നപ്പോൾ ഇല്ലായ്മയിൽ നിന്നും വാരികോരി മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊടുത്ത ഗൾഫ് പ്രവാസി ഇന്ന് ദുരിതത്തിലാണ് . അവർക്കു എന്ത് ദുരിതാശ്വാസമാണ് സർക്കാർ കൊടുക്കുന്നത് ബഹുമാനപെട്ട മുഖ്യമന്ത്രി?

അതോ അവർ അവിടെ കിടന്ന് മരിച്ചോട്ടെ എന്നാണോ?

4.വാക്കുകൾകൊണ്ടുള്ള പാല്പായസം

വാക്കുകൾകൊണ്ടും വാചകങ്ങൾ കൊണ്ടും പാൽപായസം വിളമ്പാൻ എല്ലാ ഭരണക്കാർക്കും വിരുതാണ്.പക്ഷേ കാര്യത്തോട് അടുക്കുമ്പോൾ കാര്യങ്ങൾ മാറും.

നോർക്കയിൽ രജിസ്റ്റർ ചെയ്യിച്ചു ആശിപ്പിച്ചിട്ട് കാര്യങ്ങൾ ഒന്നും ഇല്ലെന്നു പ്രവാസികൾക്കും കുടുംബങ്ങൾക്കും മനസ്സിലായി. നോർക്കയിലെ രജിസ്‌ട്രേഷൻ കൊണ്ടു എന്ത് പ്രയോജനം ഏത് പ്രവസിക്കുണ്ടായി?

ഇവിടെ കൊട്ടി ഘോഷിച്ചു കോടികൾ മുടക്കി ലോക കേരള സഭ ചർച്ച മഹാമഹം നടത്തി ഏന്തിക്കൊയോ ചർച്ച ചെയ്തിട്ട് എന്ത് പ്രയോജനമാണ് ജോലിയും കൂലിയും ഇല്ലാതെ കോവിഡ് ഭീതിയിൽ ജീവിക്കുന്ന പ്രവാസി മലയാളിക്കു കിട്ടിയത്?
നോർക്കയുടെ ഒരു സമൂഹ ഓഡിറ്റ് പ്രവാസികൾ നടത്തിയാൽ അറിയാം അതു കൊണ്ടു ആർക്ക് പ്രയോജനമെന്ന്?

അടുത്ത കേരള ലോക സഭക്ക് വച്ചിരിക്കുന്ന 12 കോടി എടുത്തു കഷ്ട്ടപെടുന്ന സാധാരണ പ്രവാസികളെ വിമാനം ചാർട്ടർ ചെയ്തു നാട്ടിൽ എത്തിച്ചാൽ അതു കൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടായേനെ

5. എന്ത് ചെയ്യണം.?

1)കേരള സർക്കാർ നൂറു ചാർട്ടർ വിമാന സർവീസ് നടത്തി ജോലി ഇല്ലാത്തവരും ലേബർ ക്യാമ്പുകളിലും മറ്റിടത്തും ഉള്ള തൊഴിലകളെ സൗജന്യമായി കൊണ്ടു വരുക

2) കോവിഡ് നെഗറ്റീവ് സർട്ടിഫിക്കേറ്റ് എന്ന നിർബന്ധം ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാർക്ക് സാധ്യമല്ല എന്ന സാമാന്യ ബോധം വീണ്ടെടുക്കുക.

3)അതിനു പകരം ഇന്ത്യയിൽ മറ്റു നഗരങ്ങളിൽ നിന്നു വരുന്നവർക്ക് വേണ്ടിയുള്ള ഈ പാസ് ഏർപ്പെടുത്തുക

4).കേരളത്തിൽ വരുന്ന പ്രവാസികൾക്ക്‌ റാപിഡ് ടെസ്റ്റ്‌ ചെയ്യുവാനുള്ള സൗകര്യം എയർപൂട്ടിനടുത്ത കോവിഡ് സപ്പോർട് സെന്ററിൽ ചെയ്യുക.

4) പ്രവാസി കൾക്ക് സ്വയം സംരഭങ്ങൾക്കും കൂട്ട് സംരഭങ്ങൾക്കുമായി അമ്പതിനായിരം കോടിയുടെ പാക്കേജ്‌ സംവിധാനം ചെയ്യുക

കേരളത്തിൽ ലോക്‌ഡോൺ കാലത്ത് കോവിഡ് സാമൂഹിക വ്യപനം തടുക്കുന്നതിൽ സർക്കാർ ഒരു വലിയ പരിധിവരെ വിജയിച്ചു. അതിന്റ പേരിൽ ഒരുപാടു മീഡിയ പബ്ലിസിറ്റിയും ഇമേജും സർക്കാരിന് കിട്ടി. പക്ഷേ സർക്കാരും മുഖ്യമന്ത്രിയുമൊക്കെ ആ ഇമേജ് ട്രാപ്പിൽ പെട്ടു വീണ്ടും അതെ സ്ട്രാറ്റജി രണ്ടാം ഘട്ടത്തിൽ ഉപയോഗിച്ചാൽ അതു കൂടുതൽ പ്രശ്നമുണ്ടാക്കും

രണ്ടാഘട്ടമായ ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള കാലത്ത് സർക്കാരിന്റ പഴയ സ്ട്രാറ്റജികൊണ്ടു കാര്യമില്ല.

പ്രവാസികൾക്ക് കേരളത്തിൽ വരണമെങ്കിൽ അതു അവരുടെ മൗലീക അവകാശമാണ് . ഡെൽഹിയിൽ നിന്ന് വരുന്ന മലയാളി പൗരനും ദുബയിൽ നിന്ന് വരുന്നവർക്കും രണ്ടു നയ സമീപനം അവകാശലംഘനമാണ്. ഇരട്ടത്താപ്പാണ്.

കേരളത്തിൽ കോവിഡ് പോസിറ്റീവ് കേസ് പതിനായിരം ആയാലും അതിനു തക്ക ആരോഗ്യം പരിരക്ഷ തയ്യാറെടുടുപ്പ് ഉണ്ടെങ്കിൽ മരണ നിരക്ക് വളരെ കുറക്കാം.

എന്തായാലും ഗൾഫ് പ്രവാസികളോട് ചെയ്യുന്ന ഈ ഇരട്ടത്താപ്പ് എത്രയും വേഗം അവസാനിപ്പിക്കണം

# ജെ എസ് അടൂർ


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 3 / Total Memory Used : 0.68 MB / This page was generated in 0.0209 seconds.