ആശാൻ പിഴച്ചാൽ ഏത്തമില്ല. തൊടുപുഴയിലെ കരിമണ്ണൂർ ഗ്രാമപഞ്ചായത്തിലുള്ള പന്നൂരിൽ നടന്ന പോഷക മൂല്യമുള്ള ഭക്ഷണ വിതരണം തുറന്നു കാണിക്കുന്നത് കേരള സർക്കാരിന്റെ മൃഗസംരക്ഷണ വകുപ്പിന് കീഴിലുള്ള ജനോപകാരപ്രദമല്ലാത്ത രണ്ട് വെള്ളാന കമ്പനികളെ. എല്ലാവരും തീർച്ചയായും വായിച്ചിരിക്കേണ്ട ഒരു കുറിപ്പ്.

Avatar
സിനു ജോസ് | 13-06-2021

അടച്ചു പൂട്ടി, കോവിഡ് രോഗത്തോട് പടവെട്ടുവാൻ, നിയന്ത്രണങ്ങൾക്ക് വിധേയമായി, ദിനതൊഴിലുകൾ ഏകദേശം പൂർണ്ണമായും ഇല്ലാതായി പ്രയാസപ്പെട്ടു ജീവിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. സൂചിപ്പിച്ച പ്രയാസങ്ങളുടെ ഭാണ്ഡവും പേറി നിശബ്ദരായി ജീവിക്കുന്ന അനവധി ആളുകളെ നമ്മുടെ ചുറ്റും കാണുവാൻ സാധിക്കും. സർക്കാർ കിറ്റ് നൽകുന്നില്ലേ, പട്ടിണിയില്ലല്ലോ എന്ന ഉപരിവർഗ്ഗത്തിന്റെയും, സർക്കാർ ശമ്പളം വാങ്ങുന്നവരുടെയും, രാഷ്ട്രീയ തൊഴിലാളികളുടെയും പതിവു പരിഹാസത്തിന് കുട പിടിക്കാനില്ല, എന്ന തുറന്നു പറച്ചിലോട് കൂടിയാണ് ഈ എഴുത്ത് മുന്നോട്ട് നീങ്ങുന്നത്.

874-1623585716-cinu-3

കാപട്യത്തിന്റെ പച്ചക്കറികിറ്റും പരസ്യപ്പെടുത്തലും

കേരളത്തിലെ ജനങ്ങൾ പൊതുവിൽ സസ്യാഹാര പ്രിയരല്ല. മത്സ്യ മാംസ ഭക്ഷണം ഇഷ്ടപ്പെടുന്നവരാണ് കേരളീയർ. ഈ അടുത്ത കാലഘട്ടങ്ങളിൽ നടന്ന സമരങ്ങളിൽ പോലും "ബീഫ് ഫെസ്റ്റ്" നടത്തിയവരാണ് കേരളത്തിലെ രാഷ്ട്രീയ - മതാധിഷ്ഠിത സംഘടനകൾ. പക്ഷേ പ്രയാസകരമായ ഒരു കാലഘട്ടം വന്നപ്പോൾ, നാട്ടിൽ പച്ചക്കറി കിറ്റ് ആണ് താരം. "വെട്ടിക്കൂട്ട് പച്ചക്കറി കിറ്റും", കപ്പയും, ആയിരുന്നു രാഷ്ട്രീയ സംഘടനകളും, സഹകരണ സംഘങ്ങളും ഫോട്ടോയെടുത്ത് നൽകിയ കിറ്റിലെ ഭക്ഷണസാധനങ്ങളിൽ അധികവും.

എന്നാൽ അതിൽ നിന്നും വ്യത്യസ്തമായി പോഷക മൂല്യമുള്ള ഭക്ഷണം എന്ന മുദ്രാവാക്യം ഉയർത്തി തൊടുപുഴ കരിമണ്ണൂർ ഗ്രാമപഞ്ചായത്തിലെ പന്നൂർ നിയോജക മണ്ഡലം ജനപ്രതിനിധി ദേവസ്യ ദേവസ്യ, കോഴിയിറച്ചി, മുട്ട, നേന്ത്രപ്പഴം, മസാലക്കൂട്ട് തുടങ്ങിയവ ഉൾപ്പെടുത്തിയ ഭക്ഷണ സാമഗ്രികൾ നാട്ടിലെ പ്രയാസമനുഭവിക്കുന്നവർക്ക് വിതരണം ചെയ്തത് ശ്രദ്ധയിൽ പെട്ടു. ഇത് സംബന്ധിച്ച് മറ്റുള്ളവർക്ക് പ്രചോദനം പ്രേരണയും നൽകുന്ന വിധത്തിൽ അദ്ദേഹം ഇട്ട രണ്ട് ഫേസ്ബുക്ക് പോസ്റ്റുകളും കാണുവാനിടയായി.

ആളുകൾ കഴിക്കുവാൻ ഇഷ്ടപ്പെടുന്ന പോത്ത്, പന്നി, കോഴി, താറാവ്, ആട് തുടങ്ങി ഏതെങ്കിലും ഇറച്ചികളോ, കോഴി/താറാവ്/കാട മുട്ടകളോ, നേന്ത്രപ്പഴം, പൂവൻ, ഞാലിപ്പൂവൻ, പാളയംകോടൻ തുടങ്ങിയ വാഴപ്പഴങ്ങൾക്കോ പ്രാധാന്യം നൽകാതെ നാട്ടിലെ പ്രയാസമനുഭവിക്കുന്നവർ പച്ചക്കറിയും, കപ്പയും, കടലയും കഴിക്കണമെന്ന പൊതുചിന്ത കാപട്യത്തിന്റെ തുറന്ന് പറച്ചിലാണ്. ബീഫ് ഫെസ്റ്റിൽ നിന്നും, കപ്പ പുഴുക്കും സാമ്പാറും എന്നതിൽ വന്നെത്തിയതിൽ അതിശയമില്ല. കോഴിയെ നിറുത്തിയും, കിടത്തിയും, കറക്കിയും, പറത്തിയും,ചതച്ചും, ചുട്ടും, കരിച്ചും, പൊരിച്ചും മസാലയിൽ മുങ്ങിക്കുളിപ്പിച്ച് കഴിക്കുന്ന നവീന യൂട്യൂബ് ചാനലുകളും ഉടനേ സസ്യാഹാര പരിപാടികളിലേക്ക് മടങ്ങാനാണ് സാധ്യത.

എം.പി.ഐ., കെപ്കോ എന്നിങ്ങനെ രണ്ട് സർക്കാർ കമ്പനികൾ

**

1973 ലാണ് മീറ്റ് പ്രോഡക്റ്റ്സ് ഓഫ് ഇന്ത്യ ലിമിറ്റഡ് എന്ന കമ്പനി സ്ഥാപിതമായത്. കേരള സ്റ്റേറ്റ് പൗൾട്രി ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് എന്ന കമ്പനി സ്ഥാപിതമായത് 1989ലും. കെപ്കോ വിവിധോദ്ദേശ സ്ഥാപനമാണ് എങ്കിലും ഇറച്ചി വിപണനവും പ്രധാനമാണ്. കേരളത്തിലെ ജനങ്ങൾക്ക് ഈ രണ്ട് സ്ഥാപനങ്ങൾ കൊണ്ട് ഇറച്ചിയുമായി ബന്ധപ്പെട്ട് എന്ത് നേട്ടമാണുണ്ടായത്. ഏതെങ്കിലും ഒരു ഉത്പന്നം എങ്കിലും മിതമായ നിരക്കിൽ നൽകുവാൻ ഈ സ്ഥാപനങ്ങൾക്ക് സാധിച്ചിട്ടുണ്ടോ.

കേന്ദ്രീകൃതമായ ഫാക്ടറി സംവിധാനത്തിൽ വെറ്ററിനറി പരിശോധനകളൾക്ക് ശേഷം, ശാസ്ത്രീയമായി കശാപ്പ് ചെയ്ത്, വൃത്തിയോടെ ശീതികരിച്ച് പാക്ക് ചെയ്ത് വിൽക്കുന്ന ഇറച്ചി, അവയവ മാംസം, ഇതര ഉത്പന്നങ്ങൾ ഒന്നു പോലും പൊതു വിപണിയിലെ വിലയ്ക്ക് പോലും ലഭ്യഭാകുന്നില്ല എന്നത് ഒരു രാഷ്ട്രീയപ്രവർത്തകനെയും, രാഷ്ട്രീയ കക്ഷിയെയും അസ്വസ്ഥനാക്കുന്നില്ല. ഒരു നിയമനിർമ്മാണ സഭ സാമാജികനും ഇത് അടിയന്തര പ്രമേയ വിഷയമല്ല. (അലക്കിയിട്ട കൗപീനം കാണാതെ പോകുന്നത് അടിയന്തര പ്രമേയ വിഷയം ആകുന്നതും അത് ചർച്ച ചെയ്യാത്തതിനാൽ സഭയിൽ നിന്നും ഇറങ്ങിപോകുന്നതും ഒരു സമകാലിക സാങ്കല്പിക ചിന്ത!!). സർക്കാർ ഫാക്ടറിയിൽ വൻതോതിലുള്ള ഉത്പാദനം നടത്താവുന്ന മാംസവും, ഇതര ഉത്പന്നങ്ങളും പൊതുവിപണിയിലേക്കാളും കുറഞ്ഞ വിലയിൽ ലഭിക്കാത്തതിൽ ഇനി എന്നാണ് പ്രതിഷേധവും മനുഷ്യമതിലും ഉയരുക.

874-1623585715-cinu-2


മല്ലുകഫെ ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും / 🔔 നോട്ടിഫിക്കേഷനായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .

മൃഗസംരക്ഷണ വകുപ്പിന്റെ ഡിജിറ്റൽ നാണക്കേട്

ഹാൾ ഓഫ് ഷെയിം (Hall of Shame) വെബ്സൈറ്റുകളിൽ ഒന്നാം സ്ഥാനം ലഭിക്കുക മീറ്റ് പ്രോഡക്റ്റ്സ് ഓഫ് ഇന്ത്യ ലിമിറ്റഡ് കമ്പനിയുടെ വെബ്സൈറ്റിനാണ്. രണ്ടാം സ്ഥാനത്തിനായുള്ള മത്സരം കെപ്കോ വെബ്സൈറ്റും, മൃഗസംരക്ഷണ വകുപ്പ് വെബ്സൈറ്റും തമ്മിലാണ്. വെബ്സൈറ്റകളുടെ ഗുണനിലവാരത്തിൽ വലിയ പങ്കില്ലെങ്കിലും, തരികിട വെബ്സൈറ്റിൽ പോലും ഉന്തി കയറ്റി വിടുന്ന കാര്യങ്ങളിലെ വ്യത്യസ്ത ഇവരുടെ പൊതുലക്ഷ്യവും കാഴ്ചപ്പാടും ചൂണ്ടിക്കാട്ടുന്നു. ഇത് നാണംകെട്ട വെബ്സൈറ്റ് തട്ടിപ്പിന്റെ ഒരംശം മാത്രമാണ്.

1. കേരള മുഖ്യമന്ത്രിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ മന്ത്രിമാരുടെ വിവരണത്തിൽ ശ്രീമതി ജെ. ചിഞ്ചു റാണി മൃഗസംരക്ഷണം, ക്ഷീര വികസനം, പാൽ സഹകരണ സംഘങ്ങൾ, മൃഗശാലകൾ, കേരള വെറ്ററിനറി സർവകലാശാല തുടങ്ങിയവ കൈകാര്യം ചെയ്യുന്ന മന്ത്രിയാണ്.

2. മൃഗസംരക്ഷണ വകുപ്പിന്റെ വെബ്സൈറ്റിൽ ജെ. ചിഞ്ചു റാണി എന്നത് ജെ. ചിഞ്ചുറാണി ആണ് (രണ്ട് പേരും വ്യത്യസ്തമാണ് Chinju Rani &Chinjurani !) വകുപ്പ് മൃഗസംരക്ഷണം മാത്രമേയുള്ളു.
കേരള സ്റ്റേറ്റ് പൗൾട്രി ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് എന്ന കമ്പനി ഈ വെബ്സൈറ്റ് പ്രകാരം കെഎസ്പിഡിസി (KSPDC) ആണ്.

3. മേൽപ്പറഞ്ഞ കെഎസ്പിഡിസി (KSPDC)ക്ക് വെബ്സൈറ്റ് ഇല്ല. എന്നാണ് കെപ്കോ (KePCo)ക്ക് ഉണ്ട്. ഗുണനിലവാരത്തിൽ അതിദയനീയമാണെങ്കിലും, അതിൽ വിലവിവരം പറഞ്ഞിരിക്കുന്നതിൽ അളവും, തൂക്കവും ഇല്ല എന്ന സാമാന്യ യുക്തി നമ്മെ പരിഹസിക്കുന്നു.

4. ഹാൾ ഓഫ് ഷെയിം എക്സലൻസ് അവാർഡ് ലഭിക്കുക മീറ്റ് പ്രോഡക്റ്റ്സ് ഓഫ് ഇന്ത്യ ലിമിറ്റഡ് കമ്പനിയുടെ വെബ്സൈറ്റിനാണ്. അതിൽ ഇപ്പോൾ വകുപ്പ് മന്ത്രി അഡ്വ. കെ രാജു ആണ്. കോൺടാക്റ്റ് അസ് (Contact Us) എന്ന് ഇംഗ്ലീഷിൽ ഉള്ള വെബ്സൈറ്റിൽ ഇമെയിൽ mpiedayar@gmail.com ആണ്. എന്നാൽ മലയാളം വെബ്സൈറ്റിൽ info@charitytheme.com ആണ്.

874-1623585714-cinu-1

***

എന്തൊരു പരാജയവും, പരിഹാസ്യവുമാണ് ഈ വെബ്സൈറ്റുകൾ. മന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയുടെയും പേരും വിലാസവും അല്ല പ്രധാനം, വെബ്സൈറ്റിന്റെ ഉദ്ദേശവും ഗുണനിലവാരവുമാണ്. ഏതായാലും വകുപ്പ് മന്ത്രി, മുൻപ് 2017 മുതൽ കേരള സ്റ്റേറ്റ് പൗൾട്രി ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് എന്ന കമ്പനിയുടെ സർക്കാർ നോമിനേറ്റഡ് ചെയർപേഴ്സണും, ഡയറക്ടറും ആയിരുന്നു എന്നത് തന്നെ ഈ വകുപ്പ് എങ്ങോട്ടാണ് എന്നതിന്റെ ദിശാസൂചികയാണ്. ആശാൻ പിഴച്ചാൽ ഏത്തമില്ലല്ലോ.

പച്ചരിയും, പഞ്ചസാരയും, പയറും, കടലയും, പച്ചക്കറിയും, പച്ചക്കപ്പയുമായി പരിമിതപ്പെടുത്താതെ കേരളത്തിലെ മനുഷ്യർ കഴിക്കുവാനിഷ്ടപ്പെടുന്ന ഇറച്ചി, അവയവമാംസം, ഇതര ഉത്പന്നങ്ങൾ എന്നിവ പൊതുവിപണിയേക്കാൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുവാനും, പാവപ്പെട്ടവർക്ക് മേൽപ്പറഞ്ഞ ഉൽപ്പന്നങ്ങൾക്ക് അളവ് നിയന്ത്രിതമായ സബ്സിഡി നൽകുവാനും ഇച്ഛാശക്തി സർക്കാർ കാണിക്കണം. ഏജൻസി ഔട്ട്‌ലെറ്റുകൾ എന്ന സങ്കൽപത്തിൽ മാത്രം ഒതുങ്ങാതെ, എല്ലാ പഞ്ചായത്തുകളിലും വ്യാപാര തോത് അനുസരിച്ച് വിലക്കുറവോട് കൂടി കോഴി, താറാവ്, പന്നി, പോത്ത്, ആട് തുടങ്ങി എല്ലാവിധ മാംസങ്ങളും ലഭ്യമാക്കണം.

ബീഫ് ഫെസ്റ്റുകൾക്കും, യൂട്യൂബ് അടിപൊളി രുചികൾക്കും, വാചക കസർത്തുകൾക്കുമപ്പുറം യഥാർത്ഥ ജീവിതത്തിൽ പ്രയാസമനുഭവിക്കുന്നവർക്ക് പോഷകമൂല്യമുള്ളതും, അവർ കഴിക്കാനാഗ്രഹിക്കുന്നതുമായ ഭക്ഷണം ഏർപ്പാട് ചെയ്യേണ്ടത് സർക്കാർ വിലാസം കമ്പനികളുടെ ഉത്പന്ന വിതരണത്തിലൂടെയാണ്. ഈ വെള്ളാനകളെ അടിച്ച് തെളിച്ച് ജനോപകാരപ്രദമായ രീതിയിൽ കൊണ്ട് പോയാൽ സമൂഹത്തോട് ചെയ്യുന്ന ഒരു പ്രായശ്ചിത്തം ആയി അത് മാറും.


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

RELATED
Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 3 / Total Memory Used : 0.73 MB / This page was generated in 0.0185 seconds.