എന്തുകൊണ്ടാണു് വാട്ട്സ്ആപ്പ് ഉപയോഗിക്കാൻ പാടില്ലാത്തതു് ? ( പ്രത്യേകിച്ച് ഓൺലൈൻ അക്കാദമിൿ പഠനത്തിനു് )

Avatar
Viswa Prabha | 09-06-2020

എന്തെങ്കിലും വഴിയുണ്ടെങ്കിൽ വാട്ട്സ്‌ആപ്പ് ഉപയോഗിക്കാനേ പാടില്ല. അതാണു് ആദ്യത്തെ ശരി.

അതിനു പകരം ആർക്കും ഉപയോഗിക്കാവുന്നതും വാട്ട്സ്‌ആപ്പിനേക്കാൾ എല്ലാ തരത്തിലും എല്ലാ പോയിന്റുകളിലും മികച്ചതുമാണു് ടെലഗ്രാം എന്ന ആപ്പു്.

ഓൺലൈൻ പഠനത്തിനു മാത്രമല്ല. ഔദ്യോഗികകാര്യങ്ങൾക്കു് സർക്കാർ ഉദ്യോഗസ്ഥർ വരെ വളരെ അശ്രദ്ധമായി ഇപ്പോൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന പല കാര്യങ്ങൾക്കും വാട്ട്സ്‌ആപ്പിനേക്കാൾ ഉപകാരപ്രദവും യുക്തവുമാണു് » Telegram.

Telegram എന്ന ആപ്പിലെ ഒരു ഫീച്ചർ (സൗകര്യം) ആണു് » ചാനലുകൾ . ഒരു കൂട്ടം വിദ്യാർത്ഥികൾക്കു് നിരന്തരമായി മെസ്സേജുകളും നോട്ടുകളും ചോദ്യപേപ്പറുകളും മറ്റും അയക്കണമെങ്കിൽ അതിനു് ഏറ്റവും യോജിച്ചതു് ടെലഗ്രാം ചാനലാണു്.

ഗ്രൂപ്പുകളിൽനിന്നു വ്യത്യസ്തമായി, ചാനലുകളിൽ എല്ലാ അംഗങ്ങൾക്കും മെസ്സേജ് അയക്കാൻ പറ്റില്ല. ഗ്രൂപ്പിന്റെ അഡ്മിനു മാത്രം (അല്ലെങ്കിൽ കൂടുതലായി പ്രത്യേകം നിയമിക്കപ്പെട്ട മോഡറേറ്റർമാർക്കു മാത്രം) ആണു് സന്ദേശങ്ങൾ അയക്കാനുള്ള അവകാശമുള്ളതു്.

വാട്ട്സ്‌ആപ്പ് എന്തുകൊണ്ടു് നല്ലതല്ല?

അതിനുള്ള കാരണങ്ങൾ ചുരുക്കിപ്പറയാം:

1. വാട്ട്സ്-ആപ്പ് ഒരു നെറ്റ്‌വർക്കിങ്ങ് ആപ്പ് അല്ല.

മനുഷ്യവംശം സമൂഹങ്ങളായിത്തീർന്നതുമുതൽ ഇന്നു വരെ കൂടുതൽ കൂടുതൽ വലിയ സംഘങ്ങൾ (നെറ്റ്‌വർക്കുകൾ) ആവുന്നതായിരുന്നു പുരോഗമനത്തിന്റെ ലക്ഷണം. ഗോത്രങ്ങളും ഗ്രാമങ്ങളും പട്ടണങ്ങളൂം മതങ്ങളും ഒക്കെ അങ്ങനെയാണൂ സംഭവിച്ചതു്. അച്ചടിയും റേഡിയോയും ടെലഫോണും ടെലവിഷനും ഇന്റർനെറ്റും എല്ലാം ഒറ്റപ്പെട്ടു കിടക്കുന്ന ആളുകളേയും ചെറുസംഘങ്ങളേയും കൂടുതൽ വലിയ നെറ്റ്‌വർക്കുകളാവാൻ സഹായിക്കുകയാണു ചെയ്യതു്.

ഇന്റർനെറ്റിൽ തന്നെ വേൾഡ് വൈഡ് വെബ് ( HTTP - HTML വെബ് സൈറ്റുകളും വെബ് പേജുകളും) ഇത്തരം നെറ്റ്‌വർക്ക് വികാസത്തിന്റെ പരമകോടിയാണെന്നു പറയാം. ഈ ഫേസ്‌ബുക്കും അതിനുള്ളിലുള്ള ഗ്രൂപ്പുകളും പേജുകളൂം പോലും അത്തരം വിശാലമായ നെറ്റ്‌വർക്കുകളാണു്. (എന്നാൽ ഈ-മെയിൽ, ചാറ്റ് പ്രോഗ്രാമുകൾ, ആപ്പുകൾ തുടങ്ങിയവ കൃത്യമായ അർത്ഥത്തിൽ ഇതിൽ പെടില്ല.

വികാസോന്മുഖമായ (Network-centered) ആപ്പുകളുടെ വലിയ പ്രത്യേകത എന്താണെന്നു വെച്ചാൽ, അവയ്ക്കു് End user device dependency മിക്കവാറും ഒട്ടും തന്നെ ഇല്ല എന്നുള്ളതാണു്.

അതായതു് ഏതെങ്കിലും ഒരു മൊബൈൽ ഫോൺ / അല്ലെങ്കിൽ ഒരു സിം കാർഡ് നമ്പർ സദാ കയ്യിലുണ്ടെങ്കിലേ ആ ആപ്പ് ഉപയോഗിക്കാനാവൂ എന്ന പോരായ്മ ഇല്ല. പകരം ഒരു ലോഗ് ഇൻ ഐഡിയും അതിന്റെ പാസ്സ്‌വേർഡും ഉണ്ടെങ്കിൽ ഏതു കമ്പ്യൂട്ടറിൽനിന്നും ഏതു സാഹചര്യത്തിലും നമുക്കു് ആ ആപ്പു് ഉപയോഗിക്കാം.

(ഒരു കാരണവശാലും ഒരു മെസ്സേജ് ഉദ്ദേശിച്ച ആളല്ലാതെ മറ്റൊരാളും കാണരുതു് എന്നു നിർബന്ധമുള്ള ചില അവസരങ്ങൾ ഉണ്ടാവാം. അതിനു് അയാളുടെ മൊബൈലിൽ മാത്രം ലഭിക്കുന്നതല്ലേ സൗകര്യം എന്നും തോന്നാം. പക്ഷേ അതിലും വലിയ കഥയില്ല. എന്തുകൊണ്ടെന്നു വേറെ വിവരിക്കാം).

വ്യക്തികൾ തമ്മിലുള്ള താൽക്കാലികവും ലളിതവുമായ വിനിമയത്തിനു് വാട്ട്സ്‌ആപ്പ് ഏറെക്കുറെ ഉപയോഗപ്രദമാണെന്നു പറയാം. ആ നിലയ്ക്കു് SMS, MMS തുടങ്ങിയ ചാനലുകൾക്കുള്ള ഒരു പകരം ആപ്ലിക്കേഷനായാണു് വാട്ട്സ്‌ആപ്പ് തുടങ്ങിയതും. യാത്ര ചെയ്യുമ്പോഴും മറ്റും വല്ലപ്പോഴും മാത്രം ഞാനും വാട്ട്സ്‌ആപ്പ് ഉപയോഗിക്കുന്നതു് ഈ ഒരാവശ്യത്തിനാണു്. (അതിനും കാരണം മറ്റേ തലയ്ക്കലുള്ള ആളുകളുടെ ശീലവുമായി താൽക്കാലികമായെങ്കിലും പൊരുത്തം കാണിക്കണമല്ലോ എന്നുള്ളതാണു്.)

എന്നാൽ നാം മലയാളികളും ഇന്ത്യക്കാരും (കൂടാതെ നമ്മുടെത്തന്നെ നാട്ടുകാരായ, ലോകമെട്ടുക്കുമുള്ള പ്രവാസികളും) എന്തുകൊണ്ടോ വാട്ട്സ്‌ആപ്പിനെ ഒരു നെറ്റ്‌വർക്കിങ്ങ് ആപ്പ് ആയാണു് കണക്കാക്കുന്നതു്. അതായതു് വളരെ അധികം അംഗങ്ങൾക്കു് വളരെ കൂടുതൽ മെസ്സേജുകൾ (പലപ്പോഴും വലിയ ഫയൽ സൈസുള്ളവ) ഒറ്റയടിയ്ക്കു് ഫോർവേഡ് ചെയ്യാനുള്ള ഒരു എളുപ്പവിദ്യ.


മല്ലുകഫെ ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും / 🔔 നോട്ടിഫിക്കേഷനായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .

ഇതു ശുദ്ധ വിഡ്ഢിത്തരമാണു്.

ദൗർഭാഗ്യവശാൽ ഗവണ്മെന്റിലെ ഏറ്റവും ഉത്തരവാദിത്തമുള്ള ഉദ്യോഗസ്ഥരും IT രംഗത്തുതന്നെ മികച്ച വൈദഗ്ദ്ധ്യമുള്ള പ്രൊഫഷണലുകളും അടക്കം ജനങ്ങളിൽ മൃഗീയഭൂരിപക്ഷവും വാട്ട്സ് ആപ് ആണു് ഇപ്പോൾ ഉപയോഗിക്കുന്നതു്.
(ഈ അസുഖം ഇന്ത്യക്കാർക്കാണു് കൂടുതൽ എന്നു പറയേണ്ടതില്ലല്ലോ).

ഗവ്രമെന്റു ജോലിക്കാരെ പറഞ്ഞിട്ടുകാര്യമില്ല. ഡാറ്റ എന്നും കമ്യൂണിക്കേഷൻ എന്നും പറഞ്ഞാൽ അവരിപ്പോഴും ശിലായുഗത്തിലാണു്. കോളേജിലേയും സ്കൂളിലേയും ടീച്ചർമാരാവട്ടെ അതിനേക്കാൾ പിന്നെയും രണ്ടു മൈൽ പിന്നിലും.

ഇതിനു് അവർ പറയുന്ന എക്സ്ക്യൂസുകൾ:

a. വാട്ട്സാപ്പ് വളരെ എളുപ്പമാണു്. (അല്ല).
b. കൂടെയുള്ളവരെല്ലാം വാട്ട്സ്‌ആപ്പ് ആണുപയോഗിക്കുന്നതു്. (കുറേയധികം പേർ ഒരു കാര്യം ചെയ്യുന്നതുകൊണ്ടു് ആ കാര്യം ശരിയായിരിക്കണമെന്നില്ല).
c. വാട്ട്സ്‌ആപ്പ് മൊബൈലിൽ പെട്ടെന്നു റൺ ചെയ്യും.(തെറ്റു്)
d. വേറെ ആർക്കും മെസ്സേജ് കാണാനാവില്ല. (തെറ്റു്)

2. വാട്ട്സ്‌ആപ്പ് ഒരു ആന്റി-മുതലാളിത്ത, ആന്റി-പ്രൈവസി ബ്രീച്ചിങ്ങ് ആന്റി-സാമ്രാജ്യത്ത്വ ആപ്പ് അല്ല.

ഫേസ്‌ബുക്ക് ആണു് വാട്ട്സ്‌ആപ്പിന്റെ ഉടമസ്ഥർ. കോർപ്പറേറ്റ് തലത്തിൽ ഫേസ്‌ബുക്കിൽ ലഭിക്കാത്ത പ്രൈവസിയും വിവരസുരക്ഷയും വാട്ട്സ്‌ആപ്പിൽ പ്രതീക്ഷിച്ചുകൂടാ.

3. വാട്ട്സ്‌ആപ്പിൽ മൂലസ്രോതസ്സുമായി സ്വതേ ഉള്ള കണ്ണിപ്പൊരുത്തം സ്വയമേവ സാദ്ധ്യമല്ല. (Automatic hyperlinking to the source)

4. വാട്ട്സ് ആപ്പിൽ ഗ്രൂപ്പിലെ ഒരു പുതിയ മെമ്പർക്കു് മുൻചരിത്രം അറിയാൻ സാദ്ധ്യമല്ല.

ഇതു് വലിയ ദോഷമാണു്. കാരണം, പുതുതായി ചേർന്ന ഒരു മെംബർക്കു് അതുവരെ ഗ്രൂപ്പിൽ നടന്ന ചർച്ചയോ സംഭവങ്ങളോ അറിയില്ല. ഇക്കാര്യം അനാവശ്യമായ ഗോസ്സിപ്പുകൾ, തെറ്റിദ്ധാരണകൾ, ഗ്രൂപ്പു പിളരലുകൾ തുടങ്ങിയവയ്ക്കു വഴിവെക്കുന്നതു് സാധാരണയാണു്. കൂടാതെ മുമ്പ് വലിയ സൈസുള്ള ഫയലുകളടക്കം വല്ലതും പങ്കുവെക്കപ്പെട്ടിട്ടുണ്ടെങ്കിൽ അവയെല്ലാം വീണ്ടും ഗ്രൂപ്പിലൂടെത്തന്നെ ആവർത്തിക്കേണ്ടിയും വരാം.

5. വാട്ട്സ്‌ആപ്പിലെ സന്ദേശങ്ങൾ ഫോണിൽ തന്നെയാണു് സേവ് ചെയ്യപ്പെടുന്നതു്. ഇങ്ങനെ ഫോൺ മെമ്മറി വളരെ പെട്ടെന്നുതന്നെ നിറയുന്നു. സെറ്റിംഗ്സ് ശരിയല്ലെങ്കിൽ നമ്മുടെ സമ്മതമോ അറിവോ ഇല്ലാതെത്തന്നെ ആരാനും വലിയ വീഡിയോ ഫയലുകളും മറ്റും ഫോർവേഡ് ചെയ്താൽ വളരെ കൂടുതൽ ഡാറ്റ “വലിയ്ക്കുന്നു“. പ്രസക്തമായതും അല്ലാത്തതുമായ ഏതുതരം മെസ്സേജുകളും ആർക്കും അയക്കാനുള്ള സ്വാതന്ത്ര്യം ലഭിയ്ക്കുന്നു.

ഇനിയുമുണ്ടു് വാട്ട്സ്‌ആപ്പിനോടു് അത്യാവശ്യം സാമാന്യബുദ്ധിയും ഇന്റർനെറ്റ് സംവിധാനങ്ങളെക്കുറിച്ചു് സാമാന്യം മികച്ച അറിവുമുള്ള ഒരാൾക്കു് കലിപ്പു തോന്നാൻ പല കാരണങ്ങളും. പക്ഷേ അവയെല്ലാം ഒറ്റയടിയ്ക്കു് എഴുതി പോസ്റ്റ് വലിച്ചുനീട്ടുന്നില്ല.

ചുവടെ നൽകിയിരിക്കുന്ന ഒറിജിനൽ ഫേസ്‌ബുക്ക് ലിങ്ക് വഴി വായനക്കാരുടെ സംശയങ്ങളും അറിവുകളും കമന്റ് ചെയ്യുമല്ലോ

Read original FB post


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.66 MB / This page was generated in 0.0252 seconds.