എന്താണ് ഹോട്ട്സ്പോട്ട്? ഒരു ഹോട്ട്സ്പോട്ടിൽ എന്തുചെയ്യാൻ കഴിയും, ചെയ്യാൻ കഴിയില്ല? ഹോട്ട്പോട്ടുകൾ എവിടെയൊക്കെ എന്ന് നമ്മൾ എങ്ങനെ അറിയും? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം ലളിതമായി അറിയുക ..

Avatar
Deepu S Nath | 01-05-2020

കേരളത്തിൽ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ ശ്രദ്ധിക്കുമ്പോൾ കഴിഞ്ഞ കുറച്ചു ദിവസമായി സ്ഥിരമായി കേൾക്കുന്ന ഒരു വാക്കാണ് "ഹോട്സ്പോട്ടുകൾ".

"കേരളത്തിലെ ഹോട്ട്‌സ്‌പോട്ടുകളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി", "കേരളത്തിൽ ഹോട്ട്സ്പോട്ടുകളുടെ എണ്ണം കൂടി, കുറഞ്ഞു" എന്നൊക്കെ കേൾക്കാറില്ലേ?

എന്താണ് ഹോട്ട്സ്പോട്ട്? ഒരു ഹോട്ട്‌സ്‌പോട്ടിൽ എന്തുചെയ്യാൻ കഴിയും, ചെയ്യാൻ കഴിയില്ല? ഹോട്ട്പോട്ടുകൾ എവിടെയൊക്കെ എന്ന് നമ്മൾ എങ്ങനെ അറിയും? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം ലളിതമായി പറഞ്ഞു പോവാൻ ശ്രമിക്കുകയാണ് ഇവിടെ. ഇത് സ്ഥിരമായി നിലനിൽക്കുന്ന നിർവചനമായി കരുതരുത്. സാഹചര്യങ്ങൾ മാറുന്നതിനനുസരിച്ചു ഇതിന്റെ നിർവചനങ്ങളും നിർദേശങ്ങളും മാറിക്കൊണ്ടേയിരിക്കും. വൈറസ് വ്യാപനത്തെ അടിസ്ഥാനമാക്കി ഹോട്ട്സ്പോട്ട് ഏരിയ ദിനംപ്രതി പുനർക്രമീകരിക്കുകയും ചെയ്യും.

എന്താണ് ഹോട്ട്സ്പോട്ട്?

നിലവിൽ കൊറോണ വൈറസ് അണുബാധയുടെ വ്യാപനത്തിന് ഏറ്റവും കൂടുതൽ സാധ്യത ഉള്ളതായി കണ്ടെത്തുന്ന പ്രദേശങ്ങളാണ് ഹോട്സ്പോട്ടുകളായി പ്രഖ്യാപിക്കപ്പെടുന്നത്. ആളുകൾ തമ്മിലുള്ള സമ്പർക്കം കുറയ്ക്കുന്നതിലൂടെ രോഗവ്യാപനം നിയന്ത്രിക്കുന്നതിനുള്ള ഒരു സങ്കേതമാണ് ഈ "ഹോട്ട്സ്പോട്ട്" ആയി പ്രഖ്യാപിക്കൽ‍.

ദേശീയ തലത്തിൽ പിന്തുടരുന്ന നിർ‍വചനമനുസരിച്ച് ഒരു മാസത്തിൽ ആറോ അതിലധികമോ ആളുകൾ പോസിറ്റീവ് ആയി സ്ഥിതീകരിക്കപ്പെട്ട ഒരു പ്രദേശമാണ് കൊറോണ വൈറസ് ഹോട്ട്‌സ്പോട്ട്. എന്നാൽ കേരളത്തിൽ മറ്റു കുറച്ചു വിവരങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് ഹോട്ട്സ്പോട്ട് കൈകാര്യം ചെയ്യുന്നത്. കേരളം ലോക്കഡൗണിൽ നിന്നും ഘട്ടം ഘട്ടമായി സാധാരണ നിലയിലേക്ക് നീങ്ങുന്നതിന്റെ ഭാഗമായാണ് ഈ ഹോട്ട്സ്പോട്ടുകളുടെ നിർവചനം.

ഒരു തദ്ദേശസ്ഥാപനപ്രദേശത്തു നിലവിൽ റിപ്പോർട്ട് ചെയ്യപ്പെട്ട പോസിറ്റീവ് കേസുകളുടെ എണ്ണവും, റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് രോഗികളുടെ പ്രൈമറി കോണ്ടാക്റ്റുകളുടെയും, അവരുടെ സെക്കണ്ടറി കോണ്ടാക്റ്റുകളുടെയും എണ്ണം കണക്കാക്കിയുള്ള ഒരു സംഖ്യയാണ് ഹോട്ട്സ്പോട്ട് നിർണയിക്കാൻ ഉപയോഗിക്കുന്നത്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയാണ് ഇതിനെ സംബന്ധിച്ചുള്ള മാർഗരേഖ തയ്യാറാക്കിയത്.

പോസിറ്റീവ് കേസുകളും, പ്രൈമറി കോണ്ടാക്റ്റുകളും, സെക്കണ്ടറി കോണ്ടാക്റ്റുകളും സ്ഥിതീകരിച്ച എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയും ഉൾപ്പെടുത്തി ഒരു പട്ടിക തയ്യാറാക്കുന്നതാണ് ഇതിന്റെ ആദ്യ പടി. അടുത്തതായി ഓരോ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെയും പോസിറ്റീവ് കേസുകൾ, പ്രൈമറി കോണ്ടാക്റ്റുകൾ, സെക്കണ്ടറി കോണ്ടാക്റ്റുകൾ എന്നിവയുടെ എണ്ണം പട്ടികപ്പെടുത്തുന്നു. ഇവിടെ ആദ്യം വിശകലനം ചെയ്യാനെടുത്തത് 2020 ഏപ്രിൽ 16 ലെ വിവരങ്ങളാണ്. ഈ വിവരങ്ങൾ പരിശോധിച്ച സമിതി പോസിറ്റീവ് കേസുകൾക്ക് 50%, പ്രൈമറി കോണ്ടാക്റ്റുകൾക്ക് 35%, സെക്കണ്ടറി കോണ്ടാക്റ്റുകൾ‌ക്ക് 15% എന്നിങ്ങനെ വെയ്റ്റേജ് നല്‍കി. ഇത്തരത്തിൽ ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലുള്ള അവസ്ഥയ്ക്കനുസരിച്ചു കോവിഡ് വ്യാപന സാധ്യതക്കുള്ള വെയ്റ്റേജ് നമ്പർ കണ്ടെത്തുകയും, ഒരു നിശ്ചിത അനുപാതത്തിന് മുകളിൽ‍ വെയ്റ്റേജ് നമ്പർ വന്ന തദ്ദേശസ്വയംഭരണപ്രദേശങ്ങൾ ഹോട്ട്സ്പോട്ടുകളായി നിജപ്പെടുത്താൻ തീരുമാനിക്കുകയും ചെയ്തു. കേരളത്തില്‍ 88 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണ് ഇങ്ങനെ അന്ന് ഹോട്ട്സ്പോട്ടുകളുടെ പട്ടികയിൽ‍ ഇടം നേടിയത്.

സാധാരണഗതിയിൽ തദ്ദേശ സ്വയംഭരണസ്ഥാപന പ്രദേശം ഒന്നടങ്കം ഹോട്ട് സ്പോട്ട് ആയി മാറുകയാണ് ചെയ്യുന്നത്. എന്നാൽ നഗര സഭകളുടെ വിസ്തൃതിയും ജനബാഹുല്യവും കണക്കിലെടുത്ത് , നഗരങ്ങൾ ഹോട്ട് സ്പോട്ടുകളായി മാറുന്ന അവസരത്തിൽ വാർഡുകളെ ഉപവിഭാഗങ്ങളായി തിരിച്ച് ജില്ലാ ഭരണകൂടം വേണ്ട ക്രമീകരണങ്ങൾ നടത്തും. രോഗബാധയെ നിർണ്ണയിക്കുന്ന പുതിയഘടകങ്ങൾ കണ്ടെത്തുന്ന പക്ഷം അവയെ കൂടി ഭാവിയിൽ ഹോട്ട് സ്പോട്ട് കണ്ടെത്തുന്നതിനായി ഉപയോഗിക്കും

ഒരു ഹോട്ട്‌സ്പോട്ടിൽ അനുവദിക്കാത്തത് എന്ത്?


മല്ലുകഫെ ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും / 🔔 നോട്ടിഫിക്കേഷനായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .

അടിയന്തിരമായ മെഡിക്കൽ‍ എമര്‍ജന്‍സികൾ‍ ഒഴികെ ഹോട്ട്‌സ്പോട്ട് പ്രദേശത്ത് നിന്നും പുറത്തേക്കോ അകത്തേക്കോ പോവാൻ ആളുകൾ‍ക്ക് വിലക്കുണ്ട്. പ്രഭാതസവാരി, സായാഹ്നസവാരി എന്നിവക്കായി പുറത്തിറങ്ങുന്നതിനും ഹോട്ട്സ്പോട്ടുകളിൽ വിലക്കുണ്ട്. പലചരക്ക്, മരുന്ന് എന്നിവയ്ക്കായി പോലും ആരെയും പുറത്തുകടക്കാൻ അനുവദിക്കില്ല. ഭക്ഷണം, മരുന്ന്, മറ്റ് അവശ്യവസ്തുക്കൾ എന്നിവ വീടുതോറും വിതരണം ചെയ്യുന്നത് സർക്കാർ ഉറപ്പാക്കും. ഒരു മാധ്യമപ്രവർ‍ത്ത‍കന് രോഗബാധ സ്ഥിതീകരിച്ച സാഹചര്യത്തില്‍ ഹോട്ട്‌സ്‌പോട്ട് ഏരിയകളിൽ മീഡിയക്കും പ്രവേശനം ഉണ്ടായിരിക്കില്ല. അവശ്യവസ്തുക്കളുടെ കൈമാറ്റത്തിനായി ഒരു എൻട്രി/എക്സിറ്റ് പോയിന്റ്‌ ഒഴികെ, ഹോട്ട്സ്പോട്ടുകളുടെ അതിർത്തികള്‍ പൂർണ്ണമായും സീല്‍ ചെയ്യുന്നതാണ്. അതായത് ഹോട്സ്പോട്ടായി പ്രഖ്യാപിച്ച സ്ഥലങ്ങളിൽ‍ ഒരു റോഡ് ഒഴിവാക്കി ബാക്കിയുള്ള റോഡുകളെല്ലാം അടയ്ക്കും.

ഹോട്ട്‌സ്‌പോട്ട് ഏരിയയിൽ എന്താണ് അനുവദിച്ചിരിക്കുന്നത്?

കൊറോണ വൈറസിന്റെ വ്യാപനം നിയന്ത്രിക്കാൻ സർക്കാർ വീടുതോറുമുള്ള നിരീക്ഷണം ഉറപ്പാക്കും. പലചരക്ക് സാധനങ്ങളും മറ്റ് അവശ്യവസ്തുക്കളും ഓർഡർ ചെയ്യുന്നതനുസരിച്ച് വീട്ടിലെത്തിക്കാനുള്ള സംവിധാനം ഒരുക്കും. മെഡിക്കൽ എമർജൻ‍സികൾ‍ ഉണ്ടാവുന്ന സാഹചര്യങ്ങളിൽ, പ്രത്യേക അനുമതിയുള്ള ആംബുലൻസുകളുടെ സേവനം ഹോട്ട്‌സ്പോട്ട് പ്രദേശത്തേക്ക് പ്രവേശിക്കാനും പുറത്തുകടക്കാനുമായി ഉപയോഗപ്പെടുത്താവുന്നതാണ്. ഹോട്ട്‌സ്പോട്ട് പ്രദേശങ്ങൾ വ്യക്തമായ സുരക്ഷാക്രമീകരണങ്ങളോട് കൂടി സർക്കാർ ശുചീകരിക്കും.

ഒരു പ്രദേശം ഹോട്ട്‌സ്‌പോട്ട് ഏരിയ അല്ലാതാവുന്നത് എപ്പോൾ‍?[

ഈയൊരു പകർ‍ച്ചാവ്യാധിയുടെ കാര്യത്തിൽ‍ നാം അതീവജാഗ്രത പുലർ‍ത്തണ്ടതുണ്ട്. അതുകൊണ്ട് തന്നെ വൈറസ് വ്യാപനത്തെ അടിസ്ഥാനമാക്കി ഹോട്ട്‌സ്പോട്ടുകൾ ദിനംപ്രതി പുനർ‍നിർണ്ണയിക്കപ്പെടും. പുതുതായി ഏതെങ്കിലും ഹോട്ട്സ്പോട്ട് കണ്ടെത്തിയിട്ടുണ്ടെങ്കിൽ ആരോഗ്യ, കുടുംബക്ഷേമ വകുപ്പിന്റെ പ്രതിദിന ബുള്ളറ്റിന്‍ വഴി അത് പൊതുജനങ്ങളെ അറിയിക്കുന്നതാണ്. ഹോട്ട്സ്പോട്ട് ആയ ഒരു പ്രദേശത്ത് നിന്നുള്ള വിവരങ്ങൾ‍ ഒരാഴ്ചക്കാലം തുടര്‍ച്ചയായി വിശകലനം ചെയ്തതിനു ശേഷം മാത്രമേ ആ പ്രദേശത്തെ ഹോട്ട് സ്പോട്ടുകളുടെ പട്ടികയിൽ നിന്നും ഒഴിവാക്കുകയുള്ളൂ.

സർക്കാർ പ്രഖ്യാപിക്കുന്ന ഹോട്ട്സ്പോട്ട് ലിസ്റ്റിലുള്ള പ്രദേശങ്ങളെ എങ്ങനെ അറിയാൻ പറ്റും?

» Directorate of Health Services പുറത്തിറക്കുന്ന ഡെയിലി ബുള്ളറ്റിന്‍ നോക്കിയാൽ ഹോട്ട്സ്പോട്ട് സംബന്ധിച്ച വിശദാംശങ്ങള്‍ അറിയാൻ കഴിയും.

പക്ഷെ ഇത് ഔദ്യോഗിക ആവശ്യത്തിന് വേണ്ടി പുറത്തിറക്കുന്ന രേഖകൾ മാത്രമാണ്.

അനൗദ്യോതികമാണെങ്കിലും, കേരളത്തിന്റെ ഒരു ഇന്ററാക്ടീവ് » ഹോട്ട്സ്പോട്ട് മാപ്പ്‍ സൈറ്റിൽ തയ്യാറാക്കിയിള്ളതായി കണ്ടു. ഒരു ഉദ്യോഗസ്ഥനോ സന്നദ്ധപ്രവർ‍ത്തകനോ ഒറ്റനോട്ടത്തിൽ‍ കാര്യങ്ങൾ മനസ്സിലാക്കി ഉചിതമായ തീരുമാനമെടുക്കാൻ‍ ഇത്തരത്തിലുള്ള ഗ്രാഫുകളും ഇന്ററാക്ടീവ് മാപ്പുകളും വളരെയധികം സഹായം ചെയ്യും. ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിച്ച വിവരങ്ങള്‍ അടിസ്ഥാനമാക്കി എല്ലാദിവസവും ഇത് കൃത്യമായി പരിപാലിക്കപ്പെടണമെന്നു മാത്രം.

ഹോട്ട്സ്പോട്ട് ആയി കണ്ടെത്തുന്ന പ്രദേശങ്ങൾ കൃത്യമായി മനസ്സിലാക്കുന്നതും, സർക്കാർ നിർദേശങ്ങൾ പൂർണമായി പാലിക്കുന്നതും നമുക്കിന്ന് അനിവാര്യമായ കാര്യമാണ്. നമ്മളെല്ലാം ഒറ്റക്കെട്ടായി പരിശ്രമിച്ചാൽ കോവിഡിനെ ഇതുവരെ തടഞ്ഞു നിർത്തിയപോലെ തന്നെ അതിനെ പൂർണമായി അതിജീവിക്കുന്നതിലും നമുക്ക് ലോകത്തിനു മാതൃകയാകാൻ സാധിക്കും. ????

Read original FB post


Also Read » ബ്രേവ് ബ്രൗസർ. ഇത് വേറെ ലെവൽ ബ്രൗസർ .. ഒരു പുതിയ ബ്രൗസറിൽ നിന്ന് നിങ്ങൾ അധികമായി എന്താണ് പ്രതീക്ഷിക്കുന്നത്? വേഗത? കൂടുതൽ പ്രൈവസി ? അതോ മികച്ച സുരക്ഷയാണോ?


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 0 / Total Memory Used : 0.65 MB / This page was generated in 0.0025 seconds.