UPI ഇടപാടിൽ ശരിക്കും എന്താണു നടക്കുന്നതു് ?

Avatar
Viswa Prabha | 04-08-2020

ഇന്ത്യയിൽ മൊബൈൽ ഫോണുകൾ ആദ്യമായി വന്നിട്ടു് കാൽ നൂറ്റാണ്ടു തികഞ്ഞു. പിന്നെയും ഒരഞ്ചുവർഷമെങ്കിലും കഴിയേണ്ടി വന്നു, മൊബൈൽ ഫോണുകളുടെ വിലയും സംസാരിക്കാനുള്ള ചെലവും ഒരു വിധം ആളുകൾക്കൊക്കെ താങ്ങാവുന്ന സ്ഥിതിയിലേക്കെത്താൻ.

എന്നിട്ടുപോലും, “ഹേയ്! ഈ മൊബൈൽ ഫോണൊക്കെ എന്തിനാ? അതൊക്കെ വെറും ഫാഷനല്ലേ? ഞാൻ ഈ ജന്മത്തിൽ അതൊന്നും ഉപയോഗിക്കില്ല“ എന്നു ഭള്ളുപറഞ്ഞിരുന്ന കുറേ മഹാന്മാരുണ്ടായിരുന്നു. വിദ്യാഭ്യാസക്കുറവുകൊണ്ടോ കയ്യിൽ കായില്ലാത്തതുകൊണ്ടോ ഒന്നുമല്ല. വെറുമൊരു പ്രതിഷേധം. നമ്മൾ ജീവിച്ചിരിക്കുമ്പോൾ നമ്മളേയും ഏറിമറിഞ്ഞുവരാൻ ചങ്കൂറ്റമുള്ള ഒരു ടെൿനോളജിയേയും നാലയലത്തു വെച്ചുപൊറുപ്പിക്കില്ല എന്നൊരു വാശി.

ഇന്നു് അവരൊക്കെയാണു് ലേറ്റസ്റ്റ് മൊബൈൽ ഫോണുകളിൽ വാട്ട്സ്‌ആപ്പിലും ടിൿടോക്കിലും മറ്റുള്ളവരേക്കാൾ ഊർജ്ജസ്വലമായി തേമ്പിക്കൊണ്ടിരിക്കുന്നവർ.

മൊബൈൽ ഫോൺ മാത്രമല്ല, ഡെസ്ക്‌ടോപ് കമ്പ്യൂട്ടർ, അതുകഴിഞ്ഞു് നോട്ട് ബുക്ക് കമ്പ്യൂട്ടർ, യുണികോഡ് മലയാളം ഫോണ്ടുകൾ, ബ്ലോഗ് എന്ന പുതിയ മാദ്ധ്യമം, എന്തിനു്, ഫ്രിഡ്ജ്, ഗ്യാസ്, മിക്സി മുതൽ കൊതുകുബാറ്റും മെട്രോ തീവണ്ടിയും വരെ പുതുതായി എന്തു വന്നാലും ആദ്യം പുച്ഛിച്ചും തെറി വിളിച്ചും എതിർക്കുക, പിന്നീടു് അതിന്റെയൊക്കെ ഏറ്റവും വലിയ വക്താക്കളായി ആനവാരികളാവുക. ഇതു് എങ്ങനെയോ പണ്ടുമുതലേ നമ്മുടെ ശീലമാണു്. വേറൊരു നാട്ടിലുമില്ലാത്ത ഏതൊക്കെയോ ജീനുകൾ ഇക്കാര്യത്തിൽ നമുക്കു മാത്രം സ്വന്തമാണു്.

ഇതിന്റെ ലേറ്റസ്റ്റ് വേർഷനാണു് ഡിജിറ്റൽ പേയ്മെന്റുകളെപ്പറ്റിയുള്ള ശരാശരി മലയാളികളുടെ പൊതുബോധം. പ്രത്യേകിച്ച് UPI എന്നു പറയുന്ന ആ എന്തോ ഒരു കുന്ത്രാണ്ടത്തിനെപ്പറ്റിയുള്ള ധാരണ.

ഇന്ത്യയിലെ മറ്റേതൊരു സംസ്ഥാനത്തുപോയാലും വെറും ഓണംകേറാമൂലകളിൽ പോലും, വെറുമൊരു സർബ്ബത്തു കുടിച്ചാൽ പോലും പലപ്പോഴും പണം കാശായി കൊടുക്കേണ്ടി വരാറില്ല. പല കടകളിലും ഒരു QR കോഡ് പ്രിന്റ് ഔട്ട് ചുമരിൽ ഒട്ടിച്ചുവെച്ചിരിക്കുന്നതുകാണാം. അതുപയോഗിച്ച് യാതൊരു ടെൿനോളജിപ്പനിയുമില്ലാതെ അവർ പണം വരവാക്കുന്നതും ചെലവാക്കുന്നതും കാണാം. ഒന്നുകിൽ PayTM അല്ലെങ്കിൽ BHIM അതുമല്ലെങ്കിൽ Google Pay ഉപയോഗിച്ചുള്ള UPI.

എന്താണു് UPI?

UPI എന്നാൽ Unified Payment Interface എന്നു പൂർണ്ണരൂപം.
അതൊരു ആപ്പ് അല്ല.
അതു് ഏതെങ്കിലും സ്വകാര്യക്കമ്പനിയല്ല.
അതൊരു ബാങ്ക് അക്കൗണ്ടല്ല.
അതൊരു പേയ്മെന്റ് ഗേറ്റ്‌വേ അല്ല.

അതൊരു ഇന്റർഫേസ് മാത്രമാണു്. അതായതു് ഡിജിറ്റൽ പണത്തിന്റെ മഹാനഗരത്തിൽ ആർക്കും എങ്ങോട്ടും സ്വന്തം ആവശ്യമനുസരിച്ച് സഞ്ചാരം നടത്താൻ ഉതകുന്ന ഒരു റോഡ് മാത്രം.

UPI ഉപയോഗിക്കാൻ എന്തൊക്കെ വേണം?

1. ഏതെങ്കിലും ഒരു ബാങ്കിൽ സ്വന്തം പേരിൽ സജീവമായ ഒരു സേവിങ്ങ്സ് അക്കൗണ്ടു്.

2. സ്വന്തമായി ഒരു മൊബൈൽ ഫോൺ. അതൊരു സ്മാർട്ട് ഫോൺ തന്നെ ആയിരിക്കണമെന്നില്ല. വളരെ കുറഞ്ഞ വിലയ്ക്കു് ലഭിക്കുന്ന സാധാരണ നമ്പർ ഡയൽ പാഡ് മാത്രമുള്ള SMS സൗകര്യമുള്ള സാധാരണ മൊബൈൽ ഫോൺ ആയാലും മതി. സ്മാർട്ട് ഫോൺ ഉണ്ടെങ്കിൽ ഏറെ നല്ലതു്.

3. ആദ്യത്തെ തവണ അക്കൗണ്ട് UPI ആയി കണക്റ്റ് ചെയ്യാൻ മാത്രം ATM കാർഡിന്റെ നമ്പർ. (ചില ബാങ്കുകളിൽ അതും വേണ്ട).

4. അനേകം UPI-enabled ആപ്പുകൾ ഉള്ളതിൽ ഏതെങ്കിലും ഒരെണ്ണം. (ഉദാ: Google Pay, BHIm, Jio, PayTM, കൂടാതെ വിവിധ ബാങ്കുകൾ സ്വന്തമായി നിർമ്മിച്ച് ലഭ്യമാക്കിയിട്ടുള്ള UPI ആപ്പുകൾ).

5. ഡാറ്റ കണക്ഷൻ (അല്ലെങ്കിൽ മിനിമം മൊബൈൽ SMS സൗകര്യം)

UPI ഇടപാടിൽ ശരിക്കും എന്താണു നടക്കുന്നതു്?

നാം ഏതൊരു പണമിടപാടു നടത്തുമ്പോഴും ഒരു അക്കൗണ്ടിൽ നിന്നു് വേറൊരു അക്കൗണ്ടിലേക്കു് പണം കൈമാറ്റം ചെയ്യുകയാണു്. ഇതു പല രീതിയിലും ചെയ്യാം.

1. ഉദാഹരണത്തിനു് ഞാൻ ഒരു തട്ടുകടയിൽ ചെന്നു് ഒരു പഴമ്പൊരിയും ചായയും വാങ്ങി എന്നു കരുതുക. എന്റെ പോക്കറ്റ് എന്നുള്ളതു് ഒരു കാഷ് അക്കൗണ്ടാണു്. തട്ടുകടയിലെ കാശും‌പെട്ടി മറ്റൊരു കാഷ് അക്കൗണ്ടാണു്. പോക്കറ്റിൽനിന്നും കാശും‌പെട്ടിയിലേക്കു് പണം നീങ്ങുന്നതു് ഒരു അക്കൗണ്ട് ടു അക്കൗണ്ട് ട്രാൻസ്ഫർ ആണു്.

2. ഇതുപോലെത്തന്നെ നമ്മിൽ മിക്കവർക്കും ഏതെങ്കിലും ഒരു ബാങ്കിലെങ്കിലും ഒരു സേവിങ്ങ്സ് അക്കൗണ്ട് ഉണ്ടാവും. സ്വതന്ത്രമായി ആ അക്കൗണ്ടിൽ ഇടപാടുകൾ നടത്താൻ നിങ്ങൾക്കു് അവകാശമുണ്ടെങ്കിൽ യഥാർത്ഥത്തിൽ ആ അക്കൗണ്ടിന്റെ ഒരു എക്സ്റ്റൻഷൻ തന്നെയാണു് നിങ്ങളുടെ പോക്കറ്റ് അക്കൗണ്ടും. അതായതു് പണം പോക്കറ്റിലിരുന്നാലും ബാങ്കിലെ നിങ്ങളുടെ അക്കൗണ്ടിലിരുന്നാലും തത്വത്തിൽ ഒരുപോലെത്തന്നെയാണു്.

ഇതുപോലെത്തന്നെ മിക്കവാറും എല്ലാ സർബ്ബത്തുകടക്കാരനും ഏതെങ്കിലും ഒരു ബാങ്കിലെങ്കിലും ഒരു സേവിങ്ങ്സ് അക്കൗണ്ട് ഉണ്ടാവും. സ്വതന്ത്രമായി ആ അക്കൗണ്ടിൽ ഇടപാടുകൾ നടത്താൻ അയാൾക്കു് അവകാശമുണ്ടെങ്കിൽ യഥാർത്ഥത്തിൽ ആ അക്കൗണ്ടിന്റെ ഒരു എക്സ്റ്റൻഷൻ തന്നെയാണു് അയാളുടെ കാശും‌പെട്ടി അക്കൗണ്ടും. അതായതു് പണം കാശും‌പെട്ടിയിലിരുന്നാലും ബാങ്കിലെ അയാളുടെ അക്കൗണ്ടിലിരുന്നാലും തത്വത്തിൽ ഒരുപോലെത്തന്നെയാണു്.

എന്നുവെച്ചാൽ, നിങ്ങൾ പോക്കറ്റിൽനിന്നും പത്തുരൂപയെടുത്തു് അയാളുടെ കാശും‌പെട്ടിയിലേക്കു് ഇടുന്നതിനു സമമാണു് നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽനിന്നു് അയാളുടെ ബാങ്ക് അക്കൗണ്ടിലേക്കു് പത്തുരൂപ ട്രാൻസ്ഫർ ചെയ്യുന്നതു്.

പക്ഷേ, ബാങ്കുമായി ബന്ധപ്പെട്ട ഇടപാടുകളൊക്കെ വല്ലാതെ കുഴഞ്ഞുമറിഞ്ഞതാണല്ലോ എന്നൊരു ധാരണ നമുക്കു് പണ്ടുമുതലേയുണ്ടു്. ബാങ്കിലേക്കു പോവണം, അതു തുറക്കാൻ കാത്തുനിൽക്കണം, എന്നിട്ട് ക്യൂ നിൽക്കണം. കാഷ്യരോ ക്ലർക്കോ ഊണുകഴിക്കാൻ പോയിട്ടുണ്ടെങ്കിൽ അവർ നല്ല ഏമ്പക്കവും വിട്ടു് മുറുക്കും വലിയും കഴിഞ്ഞു് തിരിച്ച് കൗണ്ടറിൽ എത്തുന്നതും നോക്കിയിരിക്കണം, തന്റേയും മറ്റവന്റേയും അക്കൗണ്ട് നമ്പറുകൾ ഓർത്തുവെയ്ക്കണം... എന്തൊക്കെ മെനക്കേടുകളാ ഒരു സർബ്ബത്തുകുടിയ്ക്കാൻ!

3. പക്ഷേ അതൊക്കെ പണ്ടായിരുന്നു. ഇടക്കാലത്തുവെച്ച് ഡെബിറ്റ് കാർഡ് (അഥവാ ATM കാർഡ്) എന്നൊരു സാധനം വന്നു. പൊക്കികളും പരിഷ്കാരികളും നികുതിവെട്ടിപ്പു് അറിയാത്തവരുമായ കുറേ കച്ചവടക്കാർ അവരുടെ കടകളിൽ POS (Point of Sale) എന്ന പേരിൽ ഒരു തരം സുയിപ്പാക്കൽ (swiping) മെഷീൻ കൊണ്ടുവെച്ചു. എങ്കിലും കടലാസുകാശിനോടുള്ള പ്രേമം ഇനിയും മാറാത്ത ചിലർ മാത്രം തരം കിട്ടിയാൽ അതു് കേടാണെന്നു പറഞ്ഞു് ഒഴിവാക്കുകയോ അതിന്മേൽ ഒന്നോ രണ്ടോ ശതമാനം എക്സ്ട്രാ പണം ചാർജ്ജ് ചെയ്യുകയോ ചെയ്തുവന്നു. അവരേയും പറഞ്ഞിട്ടു കാര്യമില്ല. (ചിലപ്പോൾ ബാങ്കുതൊഴിലാളികൾക്കുതന്നെ ജനം ഇങ്ങനെ പെട്ടെന്നു പുരോഗമിക്കുന്നതു് ഇഷ്ടമല്ല. സ്വന്തം തൊഴിൽ പോയാലോ എന്നാണവരുടെ ആവലാതി).

4. ഇനി ഇതും കൂടാതെ, നെറ്റ് ബാങ്കിങ്ങ് എന്നൊരു വിദ്യയുണ്ടു്. അതു തന്നെ രണ്ടു മൂന്നു വഴിയ്ക്കു ചെയ്യാം:

a) ബാങ്കിന്റെ വെബ് സൈറ്റ് വഴി.
b) ബാങ്കിന്റെ മൊബൈൽ ആപ്പു വഴി
c) ഒരു പേയ്മെന്റ് ഗേറ്റ് വേ വഴി

ഇതു മൂന്നിൽ ഏതെങ്കിലും ഒന്നു ചെയ്യണമെങ്കിൽ നിങ്ങൾക്കു് ബാങ്കിൽ നിന്നും തന്നിട്ടുള്ള ഒരു user ID യും പാസ്സ്‌വേർഡും വേണം. ഇന്റർനെറ്റ് വെബ് ബ്രൗസിങ്ങ് സൗകര്യമുള്ള കമ്പ്യൂട്ടറോ ഡാറ്റാ കണൿഷനുള്ള മൊബൈലോ വേണം.
തുടർന്നു് ലോഗ് ഇൻ ചെയ്തു് നിങ്ങളുടെ അക്കൗണ്ടിൽ നിന്നും പ്രീ-രെജിസ്റ്റർ ചെയ്തിട്ടുള്ള മറ്റൊരു അക്കൗണ്ടിലേക്കു് NEFT, RTGS, IMPS ഇവയിൽ ഏതെങ്കിലും ഒരു വഴിയ്ക്കു് പണം അയയ്ക്കാം.
അതല്ല, ഒരു സർവ്വീസ് അല്ലെങ്കിൽ മർച്ചന്റിന്റെ സൈറ്റിലാണെങ്കിൽ (ഉദാഹരണം KSEBയുടെ ബില്ല് അടയ്ക്കുന്ന വെബ് സൈറ്റ്) ഇടനിലക്കാരനായി ഒരു പേയ്‌മെന്റ് ഗേറ്റ്‌വേയും കാണും. KSEB വെബ് സൈറ്റിൽ നിന്നു് താൽക്കാലികമായി ബാങ്കിന്റെ വെബ് സൈറ്റ് ലഭ്യമാക്കുകയും നമ്മുടെ യൂസർ ഐഡിയും പാസ്സ്‌വേർഡും ഉപയോഗിച്ച് പണം “ഇങ്ങോട്ടു് (KSEBയുടെ അക്കൗണ്ടിലേക്കു്) വലിക്കുകയും ചെയ്യുന്നതാണു് പേയ്‌മെന്റ് ഗേറ്റ്‌വേ അധിഷ്ഠിത കൈമാറ്റം.

പക്ഷേ ഇവയ്ക്കും ഗുണങ്ങളും ദോഷങ്ങളുമുണ്ടു്. സർബ്ബത്തുകുടിച്ചതിന്റെ പത്തുരൂപ കൊടുക്കാൻ ഈ വഴി മൊതലാവൂല്ലാ. പ്രാൿടിക്കലല്ല.

5. വേറൊരു സൂത്രം കൂടി വന്നു. പേയ്‌മെന്റ് പ്രോസസ്സിങ്ങ് കമ്പനികൾ. ഒരു ഉദാഹരണം PayTM, Jiomoney തുടങ്ങിയവ. അവർ നമുക്കിടയിൽ ഒരു ഏജന്റായി പ്രവർത്തിക്കും. എന്നിട്ടു് ആദ്യം തന്നെ കുറേ പണം നമ്മുടെ കയ്യിൽനിന്നും വാങ്ങി ക്രെഡിറ്റായി സൂക്ഷിക്കും. എന്നിട്ട് ആർക്കെങ്കിലും പണം കൈമാറേണ്ടതുള്ളപ്പോൾ ആ ക്രെഡിറ്റിൽ നിന്നും പണം അങ്ങോട്ടു കൊടുത്തോളും. ഇതെല്ലാം ചെയ്യാൻ വേണ്ടി അവർ തന്നെ നിർമ്മിച്ചുനൽകിയ ഒരു ‘ആപ്പു്‘ നമ്മുടെ മൊബൈൽ ഫോണിൽ ഉണ്ടാവും. നമ്മുടെ കൈവശമുള്ള ഒരു പാസ്സ്‌വേർഡോ പിൻ നമ്പറോ ഉപയോഗിച്ച് ഈ പണക്കൈമാറ്റം നമുക്കു് നിയന്ത്രിക്കാം.
ഇങ്ങനെ പേയ്‌മെന്റ് പ്രോസസ്സ് ചെയ്യുമ്പോൾ കുറച്ചുസമയത്തേക്കെങ്കിലും പണം നിങ്ങളുടെ അക്കൗണ്ടിലും സർബ്ബത്തുകടക്കാരന്റെ അക്കൗണ്ടിലുമല്ലാതെ മൂന്നാമതൊരു ത്രിശങ്കു സ്വർഗ്ഗത്തിലാണുള്ളതെന്നു് ഓർക്കണം. മാത്രമല്ല, നാം എന്തൊക്കെ ഇടപാടുകൾ ആരോടൊക്കെയാണു് നടത്തുന്നതെന്ന വിവരവും അവർക്കു് പിന്നീടുള്ള (അവരുടെ) ബിസിനസ്സ് ആവശ്യങ്ങൾക്കു് വേണമെങ്കിൽ ശേഖരിച്ചുവെയ്ക്കാം. ഇതിനും പുറമേ, ഇത്തരം ഇടപാടുകൾക്കു് അവർ ഒരു കമ്മീഷൻ ചാർജ്ജ് ചെയ്തെന്നും വരാം. കൂടാതെ, ഒരിക്കൽ ടോപ് അപ് ചെയ്ത പണം തിരിച്ചു് ഏതെങ്കിലും ബാങ്ക് അക്കൗണ്ടിലേക്കുതന്നെ ട്രാൻസ്ഫർ ചെയ്യാൻ പ്രത്യേകം കമ്മീഷൻ എടുത്തെന്നും വരാം. ചുരുക്കത്തിൽ, കാര്യങ്ങളൊക്കെ അവരുടെ നിയമങ്ങളും നിയന്ത്രണങ്ങളും അനുസരിച്ചാണു്.

6. UPI

എന്നാൽ UPI എന്നാൽ ഇതൊന്നുമല്ല.


മല്ലുകഫെ ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും / 🔔 നോട്ടിഫിക്കേഷനായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .

1. നിങ്ങളുടെ അക്കൗണ്ടിനു് ഒരു യുണീൿ അഡ്രസ് ഉണ്ടു്. UPI ID എന്നാണു് ഇതിനെ പറയുക. അതു് ഒരറ്റത്തു് നിങ്ങളുടെ ബാങ്ക് അക്കൗണ്ടുമായും മറ്റേ അറ്റത്തു് നിങ്ങളുടെ മൊബൈൽ നമ്പറുമായി ബന്ധപ്പെടുത്തിയിട്ടുണ്ടു്.

2. ഇതുപോലെ, സർബ്ബത്തുകടക്കാരനും ഒരു യുണീൿ അഡ്രസ്സ് ഉണ്ടു്. അതു് ഒരറ്റത്തു് അയാളുടെ ബാങ്ക് അക്കൗണ്ടുമായും മറ്റേ അറ്റത്തു് അയാളുടെ മൊബൈൽ നമ്പറുമായി ബന്ധപ്പെടുത്തിയിട്ടുണ്ടു്.

ഇതാണു്, ഇതുമാത്രമാണു് UPI. So Simple!

3. നിങ്ങൾക്കു് എപ്പോഴെങ്കിലും പണം കൈമാറ്റം ചെയ്യണമെങ്കിൽ നിങ്ങളുടെ UPI ID-യിൽ നിന്നു് അയാളുടെ UPI IDയിലേക്കു് ഇത്ര പണം എന്നു മാത്രം ടൈപ്പ് ചെയ്തു് അയച്ചാൽ മതി. നിങ്ങളുടെ ബാങ്കിൽ നിന്നും തത്ക്ഷണം അയാളുടെ ബാങ്കിലേക്കു് പണം ചെന്നു വീണോളും. അതു് ഒരു രൂപ മുതൽ ഏതാനും പതിനായിരങ്ങൾ വരെ ആവാം.

4. UPI ID ഏകദേശം ഈ-മെയിൽ ID പോലെത്തന്നെയാണു്. ഒരു UPi ID യുടെ കൃത്യം അതുപോലെ മറ്റൊരു UPI ID ഉണ്ടാവില്ല. അതായതു് നിങ്ങൾ പണം കൈമാറുന്നതു് സർബ്ബത്തുകടക്കാരന്റെ ഐഡിയിലേക്കു തന്നെയാണെന്നു് ഉറപ്പിച്ചാൽ മതി. അത്രയും ചെയ്താൽ അതു് അബദ്ധവശാൽ വേറൊരു അക്കൗണ്ടിലേക്കു പോകുന്ന പ്രശ്നമില്ല. അതുപോലെ പണം വന്നുചേർന്നതു് നിങ്ങളുടെ UPI ID-യിൽനിന്നുതന്നെയാണെന്നു് സർബ്ബത്തുകാരനും ഉറപ്പിക്കാം.

യൂപ്പിഐയുടെ ID നിങ്ങളുടെ വീടിന്റെ അഡ്രസ്സാണെങ്കിൽ അങ്ങോട്ടു് എത്തിച്ചേരാനുള്ള റോഡ് ആണു് UPI അഥവാ സാർവ്വത്രിക(ഏകീകൃത) പണമിടപാടുപാത (Unified Payment Interface).

ആ റോഡ് ശൃംഖല ഒരു ദേശീയ പൊതുസ്വത്താണു്. ഏതു് വീട്ടിൽനിന്നും ഏതു വീട്ടിലേക്കും ആ റോഡ് വഴി എത്തിച്ചേരാം. അതുകൊണ്ടാാണു് UPI എന്നതു് ഒരു ഇന്റർഫേസ് മാത്രമാണെന്നു പറയുന്നതു്.

ഉദാഹരണം, എന്റെ ഒരു അക്കൗണ്ടിന്റെ UPI IDയാണു് viswaprabha@upi. നിങ്ങൾക്കു് UPI സെറ്റ് അപ് ചെയ്ത സന്തോഷത്തിൽ ആവേശം മൂത്തു് ഇപ്പോൾ തന്നെ ആർക്കെങ്കിലും പണം അയയ്ക്കാൻ തോന്നുന്നുണ്ടെങ്കിൽ ഈ ഐഡിയിലേക്കുതന്നെ അയയ്ക്കാവുന്നതാണു്. മാക്സിമം ഇത്രയേ അയയ്ക്കാവൂ എന്നൊരു പരിധി ഞാനായിട്ടു് വെയ്ക്കുന്നില്ല. വേണമെങ്കിൽ ഒന്നു ട്രൈ ചെയ്തു നോക്കിക്കോളൂ. ലൈക്കിനേക്കാളും മധുരമുള്ളതാണു് പൈസ! :)

5. ശരി. സ്വന്തമായി ഒരു വീടായി. അവിടേക്കു പോകാനുള്ള റോഡുമായി. പക്ഷേ യാത്ര ചെയ്യാൻ ഒരു വാഹനം കൂടി വേണ്ടേ?
അതാണു് UPI-enabled ആപ്പുകൾ.

വാഹനം വേണമെന്നുതന്നെ നിർബന്ധമില്ല. നടക്കാൻ തയ്യാറാണെങ്കിൽ നടന്നുതന്നെ പോവാം. നിങ്ങളുടെ കയ്യിലുള്ളതു് വെറുമൊരു സാദാ മൊബൈൽ ഫോണാണു്. ആൻഡ്രോയ്ഡും ആപ്പിളുമൊന്നുമല്ല എങ്കിൽ വേറെ ഒരു വഴിയുമില്ലെങ്കിലും വെറും SMS സൗകര്യം മാത്രം ഉപയോഗിച്ച് UPI ഇടപാടു നടത്താം. നിങ്ങൾക്കും ബാങ്കിനും ഇടയിൽ ഒരു മൂന്നാംകക്ഷി ഇടനിലക്കാരൻ വാഹനം (ആപ്പു്) പോലും ഉണ്ടാവില്ല.

അതല്ല, കുറേക്കൂടി വിശാലമായി, വ്യക്തമായി സൗകര്യമായി ഒരു പണമിടപാടു നടത്തണമെങ്കിൽ UPI വാഹനങ്ങളായി അത്തരം ആപ്പുകൾ ഡസൻ കണക്കിനുണ്ടു്.

a) BHIM

BHIM (Bharat Interface for Money) എന്ന ആപ്പു് KSRTC ബസ്സ് പോലെയാണു്. പൊതുമേഖലാസ്ഥാപനമായ NCPI (National Payment Corporation of India) ആണു് ഭീമിന്റെ അവതാരകർ.

b) Google Pay (അഥവാ GPay)

‍Google എന്നൊരു കമ്പനിയുണ്ടു്. വാഹനങ്ങളിൽ ഊബെർ പോലെ, അല്ലെങ്കിൽ കല്ലട ട്രാവൽസിന്റെ സ്ലീപ്പർ ബസ് പോലെ കണക്കാക്കാം ഗൂഗിൾ പേ. അമേരിക്കൻ മുതലാളിത്തത്തോടും ഉത്തരാധുനികകോവിഡീയസാമ്രാജ്യത്വക്കുത്തകകളോടും നാലുപേർ കാൺകേ വിധേയത്വം പുലർത്തരുതെന്നു് പ്രത്യേകിച്ച് വാശിയൊന്നുമില്ലാതെ ‘ഒള്ളതുമതി‘ എന്ന ആദർശത്തോടെ ചുമ്മാ ജീവിച്ചുപോകുന്നവർക്കു് ഈ ആപ്പും കൊള്ളാം.

തൽക്കാലത്തേക്കെങ്കിലും ഗൂഗിൾ പേ ഉപയോഗിക്കുന്നതുകൊണ്ടു് മെച്ചമുണ്ടു്. വണ്ടിയിൽ കയറുമ്പോൾ ഫ്രീ പരിപ്പുവടയോ കട്ടൻകാപ്പിയോ മറ്റോ ക്യാഷ് ബോണസായോ വെൽക്കം ഡ്രിങ്കയോ മറ്റോ ലഭിച്ചെന്നു വരും. നല്ല മൂത്ത ഭാഗ്യമുണ്ടെങ്കിൽ ഒരു ലക്ഷം വരെ ഭാഗ്യക്കുറി നറുക്കെടുത്തു് സമ്മാനം കിട്ടുമത്രേ. അത്രയൊന്നും കിട്ടിയിട്ടില്ലെങ്കിലും ചില തുകകളൊക്കെ എനിക്കും കിട്ടാറുണ്ടു്.

ഒരു ആഗോളപ്രസ്ഥാനമായതുകൊണ്ടു് ഗൂഗിളിനെ കൂടുതൽ നമ്പാം എന്നാണെന്റെ വ്യക്തിപരമായ വിശ്വാസവും അനുഭവവും അഭിപ്രായവും ശുപാർശയും. വേറൊന്നുകൊണ്ടുമല്ല. ഇപ്പോൾ തന്നെ നിങ്ങളുടെ സ്വകാര്യവിവരങ്ങളൊക്കെ അവരുടെ പെട്ടിയിലാണു്. കൂടാതെ, തികഞ്ഞ പ്രൊഫഷണലിസവുമുണ്ടു്. വഴിയേ ടയറു പഞ്ചറാവുകയോ ബ്രേക്കു് പൊട്ടുകയോ ചെയ്താൽ ചോദിക്കാനും പറയാനും ലോകം മുഴുവൻ ആൾക്കാരുണ്ടു്. അവർക്കു നഷ്ടപ്പെടാനുള്ളതു് കൈവിലങ്ങുകൾ മാത്രമല്ല.

ഇതു കൂടാതെ Jiomoney, PayTM, Amazon Pay, PhonePe, MobiKwik, Uber, Chillr, Paytm Payments Bank, SBI Pay, iMobile, Axis Pay, BOB UPI തുടങ്ങി ഡസൻ കണക്കിനു് ആപ്പുകൾ ഇപ്പോൾ UPI ഇന്റർഫേസ് ഉപയോഗിക്കുന്നവയായി ഉണ്ടു്.

പലതരം ബസ്സുകൾ, ട്രെയിനുകൾ, കാറുകൾ, ഓട്ടർഷാകൾ എന്നൊക്കെപ്പോലെത്തന്നെ ഇവയെ കണക്കാക്കിയാൽ മതി. ഒന്നിനോടും വല്ലാത്ത പ്രേമവും വേണ്ട, വല്ലാത്ത പിണക്കവും വേണ്ട. വല്ലാത്ത വിശ്വാസവും വേണ്ട, വല്ലാത്ത സംശയവും വേണ്ട.

ജാഗ്രതയാവാം. പക്ഷേ പേടി വേണ്ട.

ഇതിപ്പോൾ സാമാന്യം വലിയ ഒരു രാമായണമായി. അതിനാൽ ചുരുക്കാം.കൂടുതൽ വിവരങ്ങൾ കമന്റുകളായും തുടർലേഖനങ്ങളായും സംഭവിക്കട്ടെ.

ചുരുക്കം:

1. UPI പണമിടപാടുകൾ അത്ര ദുഷ്കരമോ അപകടകരമോ അല്ല.

2. ഡിജിറ്റൽ പണമിടപാടുകൾ ചെയ്യുമ്പോൾ ഒരു കാർബൺ രഹിത-അഴിമതി രഹിത-സമ്പർക്കരഹിത- വ്യവസ്ഥിതിയ്ക്കു് തുടക്കമിടുകയാണു്. നമ്മുടെ രാഷ്ട്രത്തിനും സമൂഹത്തിനും ഇനി വരുന്ന തലമുറയ്ക്കും ക്ഷേമപൂർവ്വം നിലനിൽക്കാൻ ആ വ്യവസ്ഥിതി എത്രയും പെട്ടെന്നു വന്നേ തീരൂ.

എക്സ്ട്രാ കുറിപ്പു്:

ഈ പോസ്റ്റിനു് നന്ദി പറയാൻ തോന്നുന്നുണ്ടെങ്കിൽ ലൈക്കിനേക്കാളും എനിക്കിഷ്ടം പൈസയാണു്. :)

നിങ്ങൾക്കു് രണ്ടു കാര്യങ്ങൾ ചെയ്യാം:

1. നിങ്ങളുടെ ഫോണിൽ ഗൂഗിൾ പേ ആപ്പു് ഇൻസ്റ്റാൾ ചെയ്യാം. ഇതുവരെ ചെയ്തിട്ടില്ലെങ്കിൽ, » ഈ ലിങ്ക് ഉപയോഗിച്ച് ആപ്പ് ഡൗൺലോഡ് ചെയ്യാം. അപ്പോൾ നിങ്ങൾക്കും എനിക്കും സ്വല്പം പണം പ്രാരംഭസമ്മാനമായി ലഭിയ്ക്കും.

2. ഒരിക്കൽ വിജയകരമായി നിങ്ങളുടെ UPI ID സെറ്റ് ചെയ്തുകഴിഞ്ഞാൽ പരീക്ഷണം എന്ന നിലയിൽ viswaprabha@upi എന്ന ഐഡിയിൽ അല്പം പണം അയച്ചുനോക്കാം. അതു് ഇത്രയെന്നില്ല. ഒരു രൂപ മുതൽ ഒരു ലക്ഷം വരെയാവാം. എനിക്കങ്ങനെ കടും‌പിടുത്തങ്ങളൊന്നുമില്ല.
(പ്രത്യേകം നോട്ട് ചെയ്യണം: ഇങ്ങനെ അയക്കുന്ന പണത്തിന്റെ പേരിൽ നമുക്കു് അങ്ങോട്ടും ഇങ്ങോട്ടും യാതൊരു ഭാവിബാദ്ധ്യതകളും ഉണ്ടായിരിക്കുന്നതല്ല!)

3. » https://g.co/payinvite/n2rz5w ഈ ലിങ്കും ലേഖനവും മറ്റുള്ളവരുമായി ഏതു ചാനലിലൂടെയും ഷെയർ ചെയ്യാവുന്നതുമാണു്. നമ്മുടെ ബന്ധുസുഹൃദ്‌വ്യാപാരവൃത്തങ്ങളിൽ എത്രയധികം പേർ UPI സജ്ജമാകുന്നുവോ അത്രയ്ക്കും നമുക്കുതന്നെയാണു് മെച്ചം. കോവിഡ് പ്രതിരോധം പോലും അതിൽ ഒരു ചെറിയ ഭാഗം മാത്രമാണു്.


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 3 / Total Memory Used : 0.67 MB / This page was generated in 0.0202 seconds.