നിങ്ങൾ കഴിച്ച ഏറ്റവും രുചികരമായ ഭക്ഷണം ഏതാണ് ? ഭക്ഷണത്തിൻറെ ഭാവി - 6

Avatar
Jagadheesh Villodi | 17-05-2020

🍄 ഞാൻ കഴിച്ച ഏറ്റവും രുചികരമായ ഭക്ഷണത്തിൻറെ കഥ പറയാം.

പണ്ട് ഒൻപതാം ക്ലാസിൽ പഠിക്കുന്ന സമയം. കൃഷിയിൽ 🌱 സഹായിക്കാനെന്ന വ്യാജേന അച്ഛനോടൊപ്പം വാഴത്തോട്ടത്തിൽ പോകുമായിരുന്നു. തോട്ടത്തിൽ ജോലി ചെയ്തിരുന്ന കൊളമ്പന്റെയും തങ്കിയുടെയും മക്കൾ തങ്കപ്പനും ചന്ദ്രനും എന്റെ, അടുത്ത സുഹൃത്തുക്കളായിരുന്നു. കാട്ടിനുള്ളിൽ തന്നെയായിരുന്നു അവരുടെ വീട്. അവരോടൊപ്പം വാഴത്തോട്ടത്തിനോടു ചേർന്നുകിടക്കുന്ന വനത്തിൽ കയറി പല വേലത്തരങ്ങളും ഒപ്പിച്ചിട്ടുണ്ട്.

food ant

തെറ്റാലിയുപയോഗിച്ച്(കവണ) പക്ഷികളെ വീഴ്ത്തി ചുട്ടു തിന്നുക, മുട്ടകൾ മോഷ്ടിക്കുക (അവയും ചുട്ടു തിന്നാൻ വേണ്ടി തന്നെയാണ്)... കാട്ടു മാങ്ങയുടെ രുചി ഓർക്കുമ്പോൾ നാവിൽ വെള്ളമൂറുന്നു. ഇടിവെട്ടി പുതുമഴ പെയ്തു കഴിഞ്ഞാൽ എങ്ങനെയെങ്കിലും ഞങ്ങൾ കാട്ടിനുള്ളിൽ എത്തുമായിരുന്നു. കാട്ടിനുള്ളിൽ വലിയ മരങ്ങൾ ഉണങ്ങി വീണു കിടക്കുന്ന ചില ഇടങ്ങളുണ്ട്. അതിനു സമീപം, മഴയ്ക്കു ശേഷം വലിയ കൂണുകൾ കണ്ടെത്താൻ കഴിയും. പുതുമഴപെയ്ത ശേഷം കാട്ടിൽ നിറയെ അട്ടകൾ ആയിരിക്കും. അതുകൊണ്ടുതന്നെ ഒരുപിടി ഉപ്പും ആയിട്ടായിരിക്കും യാത്ര. അട്ടയെ കൊല്ലാൻ ഉപ്പാണ് ബെസ്റ്റ്. അങ്ങനെ ഒരിക്കൽ, നീണ്ട അലച്ചിലിനൊടുവിൽ കൂൺ വിരിഞ്ഞത് കണ്ടെത്തി. സമയം ഉച്ച കഴിഞ്ഞിരുന്നു. നല്ല വിശപ്പ്. വീട്ടിലെത്തി കൂൺ തയ്യാറാക്കി കഴിക്കാൻ സമയമില്ല. കയ്യിലുള്ളത് ഒരുപിടി ഉപ്പു മാത്രം. അങ്ങിനെ കാടിനോട് ചേർന്നുള്ള തോട്ടത്തിൽ നിന്ന് കുറച്ച് പച്ചകുരുമുളക്, പച്ചമഞ്ഞൾ, എന്നിവ സംഘടിപ്പിച്ചു. വാഴത്തോട്ടത്തിൽ മത്തങ്ങ കൃഷി കൂടെ ഉണ്ടായിരുന്നു. മത്തൻറെ ഇലയിൽ മഞ്ഞളും കുരുമുളകും ചതച്ചിട്ട് അതിനുമുകളിൽ ഉപ്പും വിതറി കൂൺ അടുക്കി വച്ചു. മുകളിൽ വീണ്ടും മഞ്ഞളും ഉപ്പും കുരുമുളകും ചേർത്തു പൊതിഞ്ഞുകെട്ടി തീയിലിട്ടു ചുട്ട് എടുത്തു.

ചന്ദ്രന് തലേദിവസം കാട്ടിൽ നിന്ന് കിട്ടിയ തേനടയിൽ (Honeycomb) തേനീച്ചയുടെ കുഞ്ഞുങ്ങൾ(പുഴുക്കൾ) നിറഞ്ഞിരുന്നു. അവർ പലതിനെയും ചുട്ടുതിന്നാറുണ്ടെന്ന് എനിക്കറിയാമായിരുന്നു. ‘പുഴുക്കളെ ചുട്ടു തിന്നാലോ?’ എന്ന് ഞാൻ ചോദിച്ചപ്പോൾ, ചന്ദ്രൻ ഒരു ഈർക്കിൽ എടുത്തു പുഴുക്കളെകോർത്തു ഉപ്പുവെള്ളത്തിൽ വച്ചു. പിന്നെ അവയെ തീയിൽ ചുട്ടെടുത്തു രുചിയോടെ കഴിക്കാൻ തുടങ്ങി. ഞാനും കൈനീട്ടി. ഒരൊന്നൊന്നര ടേസ്റ്റ് ആയിരുന്നു! അന്നു കഴിച്ച കൂണിന്റെയും തേൻ പുഴുക്കളുടെയും രുചി... അത്ര രുചിയുള്ള ഭക്ഷണം പിന്നീടൊരിക്കലും കഴിച്ചിട്ടില്ല. പിന്നീട് ഒരുപാട് തവണ വീട്ടിൽ വച്ച് കൂൺ കിട്ടുമ്പോഴെല്ലാം, മത്തയിലയിൽ കുരുമുളകും മഞ്ഞളും ചേർത്ത് ചുട്ടു കഴിച്ചിട്ടുണ്ട്. പക്ഷേ പുഴുക്കളെ കഴിക്കാൻ ഒരു അവസരം പിന്നീട് കിട്ടിയിട്ടില്ല. പറയാൻ പോകുന്നത് ഭാവിയുടെ ഭക്ഷണത്തെ കുറിച്ചാണ്, ഭാവിയിൽ നമ്മൾ പുഴുക്കളെയും പ്രാണികളെയും കഴിക്കാൻ പോകുന്ന കാലത്തെക്കുറിച്ച്.

📣 ഭക്ഷണത്തിൻറെ ഭാവി

📸 Interval Recipes - ചോണനുറുമ്പ് ചമ്മന്തി


മല്ലുകഫെ ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും / 🔔 നോട്ടിഫിക്കേഷനായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .

ആദ്യം തന്നെ ചോണനുറുമ്പിന്റെ(പുളിയുറുമ്പുകൾ) കൂട് ഒരു തുണിയിൽ പൊതിഞ്ഞതിനുശേഷം, കൂട് ഇരിക്കുന്ന കൊമ്പോടുകൂടി മുറിച്ചെടുക്കുക. മുറുക്കി കെട്ടി വെച്ചാൽ കുറച്ചു സമയത്തിനകം ഉറുമ്പുകൾ ചാവും. ശേഷം അവയെ ഉപ്പുവെള്ളത്തിൽ കഴുകി, ഉണക്കിയെടുത്ത്, ചട്ടിയിൽ ഇട്ട് വറുത്തെടുക്കുക. നന്നായി മൊരിയണം - എന്നാലേ കഴിക്കുമ്പോൾ കരുമുര എന്നിരിക്കു. ഇതിലേക്ക് കാന്താരി ചേർത്ത് ചതച്ചെടുക്കുക. ചിരവിയ തേങ്ങയും അല്പം മഞ്ഞളും ഉപ്പും ചേർത്ത് ഒന്നുകൂടെ ചതച്ചെടുത്തതിനുശേഷം ചെറുതായി ഒന്ന് വറവിട്ട് എടുക്കുക. അടിപൊളി ചമ്മന്തി റെഡി.
കാസർഗോഡ് ജില്ലയിലെ മാവിലാൻ മലവേട്ടുവാൻ എന്നീ ഗോത്രവർഗ്ഗക്കാരുടെ ഭക്ഷണത്തിലെ ഒരു പ്രിയപ്പെട്ട ചേരുവയാണ് ചോണനുറുമ്പുകൾ.

പ്രത്യേക ശ്രദ്ധയ്ക്ക്: ഉറുമ്പിൻ മുട്ടകൾക്ക് രുചി കൂടുതലാണ്, ചമ്മന്തിയിൽ ചേർക്കാൻ മടിക്കേണ്ട. തായ്‌ലൻഡിലെ തട്ടുകടകളിൽ ഓംലെറ്റിനു മുകളിൽ ഉറുമ്പിൻ മുട്ട ചേർക്കുന്ന ഒരു ഏർപ്പാടുണ്ട്. പിന്നെ മാനും മയിലും തത്തയും എന്നുവേണ്ട സകലമാന ജീവികളും എതിർപക്ഷത്ത് നിൽക്കുമ്പോൾ, കർഷകന്റെ അപൂർവം സുഹൃത്തുക്കളിൽ ഒന്നാണ് ചോണനുറുമ്പുകൾ. തായ്‌ലൻഡിൽ ഇവയെ വളർത്തിയെടുത്താണ് പൊരിക്കുന്നത്. ഭാവിയിൽ റാണി ഉൾപ്പെട്ട ഉറുമ്പിൻകൂട് വിലയ്ക്കുവാങ്ങാൻ കിട്ടുന്ന കിനാശ്ശേരിയാണ് എന്റെ സ്വപ്നം.

ഞെട്ടാനുള്ള രണ്ടു വീഡിയോകൾ ചുവടെ .. 🤠

#ജഗദീഷ് വില്ലോടി


Also Read » ബ്രേവ് ബ്രൗസർ. ഇത് വേറെ ലെവൽ ബ്രൗസർ .. ഒരു പുതിയ ബ്രൗസറിൽ നിന്ന് നിങ്ങൾ അധികമായി എന്താണ് പ്രതീക്ഷിക്കുന്നത്? വേഗത? കൂടുതൽ പ്രൈവസി ? അതോ മികച്ച സുരക്ഷയാണോ?


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

About Jagadheesh Villodi

A digital artist and visualiser by profession. » Website / » Facebook

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 9 / Total Memory Used : 0.65 MB / This page was generated in 0.0222 seconds.