പെൺകുട്ടികൾ സ്വന്തമായി കുറച്ചു പൈസ, സ്വരൂപിച്ചു മാറ്റി വയ്ക്കണം - സുരേഷ് സി പിള്ള എഴുതുന്നു ..

Avatar
സുരേഷ് സി പിള്ള | 15-06-2020

work
Photo Credit : » @dsmacinnes

"പെൺകുട്ടികൾ സ്വന്തമായി കുറച്ചു പൈസ, സ്വരൂപിച്ചു മാറ്റി വയ്ക്കണം, എല്ലാത്തിനും ഭർത്താവിനെ ആശ്രയിക്കരുത്"

"അതെന്താ, 'പുത്രി' ച്ചേച്ചീ അങ്ങിനെ പറഞ്ഞത്. അദ്ദേഹത്തിനു നല്ല ജോലി ഉണ്ടല്ലോ?"

"എടീ.... അതേ........ നമ്മൾ സ്വന്തം കാലിൽ നിൽക്കാൻ പഠിക്കണം, എന്റെ അത്യാവശ്യം കാര്യങ്ങൾ ഒക്കെ ഞാനാണ് നോക്കുന്നത്, പശുക്കൾ രണ്ടുണ്ട്. അതിന്റെ പാൽക്കാശ് മതി എന്റെ അത്യാവശ്യങ്ങൾ നടക്കാൻ."

"അറിയുന്ന തൊഴിൽ ചെയ്യണം, മോളേ....... അതിൽ അഭിമാന പ്രശ്നം ഒന്നും നോക്കേണ്ട കാര്യം ഇല്ല."

പണ്ടൊക്കെ വീട്ടിൽ കല്യാണം കഴിഞ്ഞു, ബന്ധുക്കളോ, അച്ഛന്റെയോ അമ്മയുടേയോ സുഹൃത്തുക്കളോ ഒക്കെ വിരുന്നിനു വരും. അച്ഛനും വിരുന്നിനു വന്ന പുരുഷനും കൂടി ഉമ്മറത്തിരിക്കും.

അന്നൊന്നും, വലിയ ആൾക്കാർ സംസാരിക്കുന്നിടത്തു കുട്ടികൾ നിന്നു കൂടാ, ഞാൻ അടുക്കളയിൽ ഇരിക്കും. അമ്മയുടെ (അമ്മയുടെ പേര് സാവിത്രി എന്നാണെങ്കിലും, അടുപ്പം ഉള്ളവർ പുത്രിച്ചേച്ചി എന്നാണ് വിളിക്കുന്നത്) സംസാരം കേട്ടുകൊണ്ട്. അടുക്കളയിൽ കുട്ടികൾ ഇരിക്കുന്നതിനു പ്രശ്നം ഇല്ല.

അമ്മ ഇതേ പോലെ എത്ര പേരോട് പറഞ്ഞിട്ടുണ്ട് എന്നൊന്നും ഓർമ്മയില്ല.

പക്ഷെ ഇത് പലപ്പോഴും പലരോടും, പല അവസരങ്ങളിലും പറയുന്നത് കേട്ടിട്ടുണ്ട്.

അമ്മ സ്വന്തമായി പൈസ കരുതി വയ്ക്കാൻ തുടങ്ങാൻ ഒരു കാരണം ഉണ്ട്.

അച്ഛനാണ് വീട്ടിലെ വരവു ചിലവ് നോക്കിയിരുന്നത്. അമ്മയ്ക്ക് എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ അച്ഛനോട് പൈസ ചോദിക്കണം. അപ്പോൾ അച്ഛന്റെ മുഖം കറുക്കും.

വീട്ടിൽ ചെറുപ്പത്തിൽ ഒക്കെ അച്ഛനും അമ്മയും തമ്മിൽ ഉണ്ടായിട്ടുള്ള ചെറിയ ചെറിയ വഴക്കുകളും, പിണക്കങ്ങളും എല്ലാം പൈസയെ സംബന്ധിച്ചായിരുന്നു.

അച്ഛനെയും കുറ്റം പറയാൻ പറ്റില്ല, അന്നത്തെ തുച്ഛമായ വരുമാനത്തിൽ വീട്ടുകാര്യങ്ങൾ നടത്തുമ്പോൾ ചിലപ്പോളൊക്കെ കയ്യിൽ ഇല്ലാതിരുന്നിട്ടായിരിക്കണം അമ്മയോട് മുഷിഞ്ഞു പറയേണ്ടി വന്നത്.

അമ്മ യാണെങ്കിൽ അങ്ങേയറ്റത്തെ അഭിമാനി, അങ്ങിനെയാണ്, അമ്മ തനിയെ വരുമാന മാർഗ്ഗം കണ്ടെത്താൻ തുടങ്ങിയത്.

ഒരു ചെറിയ പശു ക്കിടാവിൽ തുടങ്ങി, മൂന്നും നാലും പശുക്കൾ വരെ ആയി.

അമ്മയുടെ ഇഷ്ടമുള്ള സാരി വാങ്ങാനും, മാലയും, വളയും വാങ്ങാനും ഒക്കെ ആ പൈസയാണ് ഉപയോഗിച്ചിരുന്നത്.

അച്ഛൻ അതിന്റെ കണക്ക് ഒരിക്കലും ചോദിച്ചിരുന്നില്ല. അത് അമ്മയുടെ മാത്രം അവകാശം.

ഈ അനുഭവം ഉള്ളതു കൊണ്ട്, അമ്മയെ അറിയുന്ന സ്ത്രീകളോടൊക്കെ അമ്മ ഉപദേശിക്കുമായിരുന്നു, സ്ത്രീകൾ സ്വയം പര്യാപ്തമാകണം, ഭർത്താവിനെ പൈസയ്ക്കായി ആശ്രയിക്കരുത് എന്ന്.

ഇപ്പോളും കാണും ഇങ്ങനെ പൈസയ്ക്കു വേണ്ടി ഭർത്താവിന്റെ മുൻപിൽ കൈ നീട്ടേണ്ടി വരുന്ന ഹത ഭാഗ്യകളായ സ്ത്രീകൾ.

അടിമകളെ പ്പോലെ അടങ്ങി ഒതുങ്ങി ജീവിക്കുന്നവരും ഉണ്ടാവാം.

എന്താണ് ചെയ്യേണ്ടിയത് എന്ന് ആലോചിച്ചു വിഷമിക്കുന്നവർ കാണും. അവർക്കായുള്ളതാണ് ഈ പോസ്റ്റ്.

സ്നേഹം ഉള്ള ഭർത്താവു ആണെങ്കിൽ പോലും, ഒരു പ്രാവശ്യം മുഷിഞ്ഞു സംസാരിച്ചാലുണ്ടാവുന്ന മാനസിക സംഘർഷം ആലോചിക്കാവുന്നതല്ലാ ഉള്ളൂ?

സ്വന്തമായി പൈസ ചിലവാക്കാൻ സ്വാതന്ത്ര്യം ഇല്ലാത്ത ഈ ഒരു അവസ്ഥ എന്തൊരു വേദനാ ജനകം ആണ്?

"വീട്ടു ജോലിയൊക്കെ നോക്കി, കുട്ടികളുടെ കാര്യവും നോക്കി ഇവിടെ ഇരുന്നാൽ പോരെ. ഞാൻ സമ്പാദിക്കുന്നില്ലേ?"

എന്നൊക്കെ ചോദിക്കുന്നത് പുരുഷന്റെ ഈഗോ ആണെന്നാണ് എന്റെ അഭിപ്രായം.

തന്റെ വരുതിയിൽ നിൽക്കാനായി പുരുഷൻ പ്രയോഗിക്കുന്ന സൂത്രം.

അപ്പോൾ എന്താ ചെയ്യാൻ പറ്റുക?

സ്വന്തമായി ജോലി ചെയ്തു ആവശ്യ സാധനങ്ങൾക്കുള്ള പൈസ ഉണ്ടാക്കുക.

എങ്ങിനെയാണ് സ്വന്തമായി ജോലി ചെയ്യുന്നത്?

നിങ്ങൾ പഠിപ്പുള്ള ആളാണെങ്കിൽ ആ മേഖലയിൽ കണ്ടെത്താൻ പറ്റുന്ന ജോലികൾ നോക്കാം. കുറെ നാളായി ജോലി ഇല്ലാതെ ഇരിക്കുക ആണെങ്കിൽ വേണ്ട ട്രെയിനിങ് ഒക്കെ എടുത്ത് പതിയെ ജോലിയിലേക്ക് വരാം. പുതിയ തൊഴിൽ മേഖലകൾ അന്വേഷിക്കാം.

സർക്കാർ സ്വകര്യ മേഖലകളിൽ ജോലി കിട്ടാനുള്ള പഠിപ്പ് ഇല്ലാത്തവർ എന്തു ചെയ്യും?

അമ്മ ചെയ്തതു പോലെ പശുക്കളെ വളർത്താൻ ഇന്നത്തെ തലമുറയിൽ പെട്ടവർക്ക് പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടാവാം. ചെറിയ ബിസിനസ് സംരംഭങ്ങളോ, സ്വന്തമായി ജോലി ചെയ്യാനുള്ള ഉദ്യമങ്ങളോ (തയ്യൽക്കട) ആകാമല്ലോ? അല്ലെങ്കിൽ തയ്യൽ പഠിച്ചു വീട്ടിൽ തന്നെ ഇരുന്നു ജോലി ചെയ്യാം. ഇറങ്ങിത്തിരിച്ചാൽ പല പല അവസരങ്ങൾ കണ്ടെത്താം.

സംസ്ഥാന ഗവണ്മെന്റിന്റെ The Kerala State Women’s Development Corporation (KSWDC) സ്ത്രീകൾക്കായി ഒരുക്കിയിട്ടുള്ള പ്രത്യേകം പദ്ധതികൾ ഉണ്ട്. അഞ്ചു മുതൽ ആറു ശതമാനം പലിശയ്ക്ക് 5,000 രൂപ മുതൽ 10 ലക്ഷം രൂപ വരെ ലോൺ കിട്ടും. പല തരത്തിൽ ഉള്ള ലോണുകളെ ക്കുറിച്ച് » അറിയാൻ ഇവിടെ നോക്കുക

കൂടാതെ കേന്ദ്ര ഗവണ്മെന്റ് ഉം SBI യും ചേർന്നു നടത്തുന്ന സ്ത്രീ സംരംഭകർക്കായുള്ള സ്ത്രീശക്തി എന്ന പേരിലുള്ള ലോണിനെക്കുറിച്ച് » ഇവിടെ അറിയാം. രണ്ടു ലക്ഷം മുതൽ 25 ലക്ഷം വരെ ലോൺ കിട്ടും.

നിങ്ങളുടെ അടുത്തുള്ള SBI യിൽ നിന്നും കൂടുതൽ വിവരങ്ങൾ കിട്ടും.

Bhartiya Mahila Bank ൽ നിന്നും ഭക്ഷണം ഉണ്ടാക്കി വിതരണം ചെയ്യാനായി 50,000 രൂപവരെ ലോൺ കിട്ടും. സ്ത്രീ സംരംഭകർക്കായുള്ള പലതരം ലോണുകളും അതിന്റെ » വിവരങ്ങളും ഇവിടെ വായിക്കാം

ഇതല്ലാതെ, നിങ്ങളുടെ അടുത്തുള്ള വനിതാ സഹകരണ സംഘങ്ങളുമായി ഒന്നു സംസാരിച്ചു നോക്കൂ പലതരം ലോണിനുള്ള സാദ്ധ്യതകൾ അവർ പറഞ്ഞു തരും.

ഒന്നു ശ്രമിച്ചു നോക്കൂ, ചിലപ്പോൾ ഭാവിയിലെ വലിയ പേരുകേട്ട ഒരു സംരഭം ആകും നിങ്ങളുടെ.

സ്വന്തം പ്രയത്നത്തിലൂടെ കോടീശ്വരി ആയ ആഫ്രിക്കൻ അമേരിക്കൻ സംരംഭക Madam C.J. Walker (Sarah Breedlove) പറഞ്ഞത്
“I am a woman who came from the cotton fields of the South. From there I was promoted to the washtub. From there I was promoted to the cook kitchen. And from there I promoted myself into the business of manufacturing hair goods and preparations….I have built my own factory on my own ground.” – Madam C.J. Walker (Sarah Breedlove).

ശ്രമിച്ചാൽ നിങ്ങൾക്കും പറ്റിയേക്കും കേരളത്തിലെ ഒരു Madam C.J. Walker (Sarah Breedlove) ആയി മാറാൻ.

ഇനി അത്രയും പറ്റി ഇല്ലെങ്കിലും സ്വന്തം കാര്യങ്ങൾ നോക്കാനും, കുട്ടികളുടെ ഇഷ്ടങ്ങൾ സാധിക്കാനും നിങ്ങളുടെ ജോലി കൊണ്ട് സാധിച്ചേക്കാം.

ഒന്ന് ശ്രമിച്ചു നോക്കൂ. ഒൻപതാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള എന്റെ 'അമ്മ ശ്രമിച്ചു വിജയിച്ചതാണ്. നിങ്ങൾക്കും പറ്റും, ഉറപ്പ്.

ഒരു കാര്യം കൂടി പറയട്ടെ നല്ല ലാഭകരം ആണ് എന്ന് തോന്നിയാൽ എന്ത് ബിസിനസും ചെയ്യാനുള്ള മനസാന്നിധ്യം ഉണ്ടായിരിക്കണം. എന്നാലെ വിജയം ഉണ്ടാവൂ. 'ഇതെന്റെ നിലക്കും വിലക്കും ഒക്കെ പറ്റിയതാണോ' എന്ന് ആലോ ചിച്ചു സമയം പാഴാക്കല്ലേ. എല്ലാ ബിസിനസ്സുകൾക്കും അതിന്റേതായ മാന്യത ഉണ്ട്. അല്ലെങ്കിൽ പണം ആ മാന്യത കൊണ്ടുവന്നു തരും.

IIM ൽ MBA ചെയ്തിട്ട് ഇഡ്ഡലി ബിസിനസ് ചെയ്യുന്ന ശരത് ബാബു വിനെ കുറിച്ച് കേട്ടിട്ടില്ലേ? ഇന്ന് ശരത് ബാബു വിൻറെ ഇഡ്ഡലി ബിസിനസ് കോടികളുടെ ആസ്തി ഉള്ളതാണ്.


Also Read » ഒരു റീസർവേ അപാരത - കാണുക നിങ്ങൾക്ക് സ്വന്തമായി സ്ഥലം ഉണ്ടങ്കിൽ ..


Also Read » രാമായണം - ചില കോര്പ്പറേറ്റ് പാഠങ്ങൾ .


About സുരേഷ് സി പിള്ള

ഡോ.സുരേഷ് സി പിള്ള

കോട്ടയം കറുകച്ചാൽ (ചമ്പക്കര) സ്വദേശി. അയർലണ്ടിലെ (ഡബ്ലിൻ) ട്രിനിറ്റി കോളേജിൽ നിന്ന് PhD. അമേരിക്കയിലെ കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി യിൽ നിന്നും പോസ്റ്റ് ഡോക്ടറൽ ഗവേഷണം. ഡബ്ലിൻ സിറ്റി യൂണിവേഴ്സിറ്റി യിൽ നിന്നും MBA. ഇപ്പോള്‍, അയർലണ്ടിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി സ്ലൈഗോ യിലെ നാനോടെക്നോളജി ആൻഡ് ബയോ എഞ്ചിനീയറിംഗ് ഗവേഷണ വിഭാഗം മേധാവി. നൂറിലധികം ജേർണൽ ആർട്ടിക്കിൾസ്/ ഗവേഷണ റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചു.. രണ്ട് US പേറ്റന്റും, ഒരു UK പേറ്റന്റും അവാർഡ് ചെയ്തിട്ടുണ്ട്. മലയാളത്തിൽ, 'തന്മാത്രം", “പാഠം ഒന്ന്”, “കണികം” എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Trending
Do NOT follow this link or you wont able to see the site!

DB Query : 9 / Total Memory Used : 0.61 MB / This page was generated in 0.1190 seconds.