വിഷാദം, ആത്മഹത്യ, സൗഹൃദം ! ഒരു വ്യക്തിക്ക് എന്തെങ്കിലും സങ്കടമോ വിഷമമോ ഉണ്ടെങ്കിൽ അയാൾക്ക് വിഷാദരോഗമാണോ?

Avatar
Neeraja Janaki | 30-06-2020

ഓകിഗഹാര (Aokigahara) ഫോറസ്റ്റിനെക്കുറിച്ചു കേട്ടിട്ടുണ്ടോ?

ജപ്പാനിലെ സജീവ അഗ്നിപർവതമായ മൌണ്ട് ഫ്യൂജിയുടെ വടക്കുപടിഞ്ഞാറുഭാഗത്തുള്ള ഒരു വനപ്രദേശമാണ് ഓകിഗഹാര (Aokigahara). 'The Sea of Trees' എന്നറിയപ്പെടുന്ന പേരുകേട്ട ഒരു ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ കൂടിയാണിവിടം. എന്നാൽ ധാരാളമാളുകൾ ആത്മഹത്യ ചെയ്യാൻ തെരഞ്ഞെടുക്കുന്നതിനാലാണ് ഈ സ്ഥലം വാർത്തകളിൽ നിറഞ്ഞത്. അതോടെ ജപ്പാനിലെ ‘സൂയിസൈഡ് ഫോറസ്റ്’ എന്ന അപരനാമത്തിൽ അറിയപ്പെടാനും തുടങ്ങി. ഓരോ വർഷവും നൂറിലേറെപ്പേർ ഇവിടെ ആത്മഹത്യക്ക് ശ്രമിക്കുന്നു, അൻപതോളം പേർ മരിക്കുന്നു. 2019 ൽ ജപ്പാനിൽ 19959 പേരാണ് ആത്മഹത്യ ചെയ്തത് (ഒരുലക്ഷം ആളുകളിൽ പതിനഞ്ചു പേരോളം). ഇത് ലോക ശരാശരിയിലും അൻപത് ശതമാനത്തോളം കൂടുതലാണ്. ഉയർന്ന വിദ്യാഭ്യാസവും കെട്ടുറപ്പുള്ള കുടുംബബന്ധങ്ങളും നല്ല സാന്പത്തിക ഭദ്രതയുമുള്ള ജപ്പാനിലെ ഉയർന്ന ആത്മഹത്യാനിരക്ക്, പലപ്പോഴും ലോകം ചർച്ചയാക്കിയിട്ടുണ്ട്.

സിനിമാതാരം സുശാന്ത് സിങ്ങിന്റെ ആത്മഹത്യയെ തുടർന്ന് ഏറെ ചർച്ചകൾ ആത്മഹത്യയെപ്പറ്റി കണ്ടു. ചിലപ്പോഴെങ്കിലും വ്യക്തിയുടെ അവകാശങ്ങളെയോ സ്വകാര്യതയെയോ മാനിക്കാതെ പോലും മരണങ്ങൾ ചർച്ചചെയ്യപ്പെട്ടു. ചിലർ കഷ്ടം പറഞ്ഞപ്പോൾ, സോഷ്യൽ മീഡിയ പോസ്റ്റുകളിലും സ്റ്റാറ്റസുകളിലും ശാസ്ത്രീയവും അശാസ്ത്രീയവുമായ ഉപദേശങ്ങളുടെ നീണ്ട നിര തന്നെ വന്നു. ഒരുപക്ഷെ, ആത്മഹത്യകളെക്കാൾ ചർച്ചചെയ്യപ്പെട്ടത് ആത്മഹത്യയിലേക്ക് നയിക്കുന്ന 'ഡിപ്രഷൻ' അഥവാ 'വിഷാദം' എന്ന അവസ്ഥയെക്കുറിച്ചാണ്. ആത്മഹത്യയ്ക്ക് കാരണം വിഷാദമാണെന്നും മനസിലുള്ളത് ആരോടെങ്കിലും തുറന്നു പറഞ്ഞാൽ തീരുന്ന പ്രശ്നമേ ആളുകൾക്കുള്ളൂ എന്ന തരത്തിലാണ് ചർച്ചകൾ പോയത്. ഇത്തരം സന്ദർഭങ്ങളിൽ വസ്തുതാപരമായി കാര്യങ്ങളെ വിലയിരുത്തുന്നത് നന്നായിരിക്കും.

വിഷാദരോഗം മാത്രമാണോ ആത്മഹത്യയിലേക്കു നയിക്കുന്നത്?

ഒരു വ്യക്തിക്ക് എന്തെങ്കിലും സങ്കടമോ വിഷമമോ ഉണ്ടെങ്കിൽ അയാൾക്ക് വിഷാദരോഗമാണോ?

വിഷാദരോഗിയായ ഒരു വ്യക്തിക്ക് തങ്ങളുടെ സുഹൃത്തുക്കളോടോ കുടുംബാംഗങ്ങളോടോ മനസ്സ് തുറന്നു സംസാരിച്ചാൽ രോഗമുക്തി സാധ്യമാണോ?

ഈ ചോദ്യങ്ങൾക്കെല്ലാം 'NO' എന്ന ഒരുത്തരമേയുള്ളു.

ആദ്യംതന്നെ ഏതൊരാൾക്കുമുണ്ടാകുന്ന 'വിഷാദാവസ്ഥ'കളെല്ലാം തന്നെ ക്ലിനിക്കൽ ഡിപ്രഷനല്ല എന്ന് തിരിച്ചറിയണം. ക്ലിനിക്കൽ ഡിപ്രഷൻ അഥവാ മേജർ ഡിപ്രസ്സിവ് ഡിസോർഡർ ഒരു mood disorder ആണ്. സീരിയസായ ഒരു മാനസിക പ്രശ്നമായതുകൊണ്ടുതന്നെ ഈ വിഷയത്തിൽ വിദഗ്ദ്ധരായിട്ടുള്ളവർ (ഒരു ക്ലിനിക്കൽ സൈക്കോളജിസ്‌റ്റോ സൈക്കിയാട്രിസ്‌റ്റോ) രോഗനിർണയം ചെയ്യേണ്ട ഒന്ന്. അങ്ങനെ ചെയ്യുന്നതിന് കൃത്യമായ മാനദണ്ഡങ്ങളുണ്ട്. ഇതിൽനിന്നു വ്യത്യസ്തമായി മറ്റുചില കാര്യങ്ങളും (ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങൾ) ഡിപ്രെഷനിലേക്ക് നയിക്കാം. ഇതിൽ ശ്രദ്ധിക്കേണ്ട ഒന്ന് പോസ്റ്റ്-പാർട്ടം ഡിപ്രഷനാണ്. ഗർഭത്തിൻറെ അവസാനകാലത്തും (Peripartum Period) പ്രസവശേഷവും സ്ത്രീകളിൽ ഡിപ്രഷൻ കണ്ടുവരാറുണ്ട്. പലപ്പോഴും കുട്ടികളുണ്ടായ ആദ്യ ആഴ്ചയിൽ കണ്ടുവരാറുള്ള മാനസിക വിഷമതകളുണ്ട് (baby blues). അതിൽനിന്നും തികച്ചും വ്യത്യസ്തമായ, തീവ്രതയുള്ള മേജർ ഡിപ്രഷനാണ് പോസ്റ്റ്-പാർട്ടം ഡിപ്രഷൻ. ചില പ്രത്യേക കാലാവസ്ഥയുള്ള ജിയോഗ്രഫിക് ഏരിയകളിൽ ജീവിക്കുന്നവർക്കുണ്ടാകാവുന്ന ഒന്നാണ് സീസണൽ അഫക്റ്റീവ് ഡിസോർഡർ (Seasonal affective disorder). സ്വാഭാവികമായ സൂര്യപ്രകാശം ദീർഘകാലം ലഭ്യമല്ലാതാകുന്പോഴാണ് ഈ അവസ്ഥ കണ്ടുവരാറുള്ളത്. മറ്റു സീരിയസായ മനസികരോഗങ്ങളുള്ളവരിലും ഡിപ്രഷൻ കാണാറുണ്ട്. മേല്പറഞ്ഞവയെല്ലാം തന്നെ ഒരു ക്ലിനിഷ്യന്റെ ശ്രദ്ധ ആവശ്യമുള്ള അവസ്ഥകളാണ്.

വാസ്തവത്തിൽ എന്താണ് ഒരു വ്യക്തിയെ ആത്മഹത്യയിലേക്ക് നയിക്കുന്നത്?


മല്ലുകഫെ ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും / 🔔 നോട്ടിഫിക്കേഷനായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .

ആത്മഹത്യ ചെയ്യുന്നതിന് പല കാരണങ്ങളുണ്ട്. നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ (NCRB) കണക്കനുസരിച്ച് ഇന്ത്യയിൽ 2018 ൽ 134516 പേരാണ് ആത്മഹത്യ ചെയ്തത്. അതിന് സാന്പത്തിക പ്രശ്നങ്ങൾ, കുടുംബത്തിലെ പ്രശ്നങ്ങൾ, പരീക്ഷയിൽ തോറ്റത്, തൊഴിലില്ലായ്മ, ബലാത്സംഗം ചെയ്യപ്പെട്ടത് എന്നിങ്ങനെ അനവധി കാരണങ്ങളുണ്ട്. അതിൽ ഒരു വിഷയം മാത്രമാണ് രോഗങ്ങൾ. 23764 പേർ രോഗം മൂലമാണ് ആത്മഹത്യ ചെയ്തത്. ഇതിൽ തന്നെ മാനസിക രോഗം മൂലം ആത്മഹത്യ ചെയ്തവരുടെ എണ്ണം 10134 ആണ്. മൊത്തം ആത്മഹത്യയുടെ ഏഴു ശതമാനത്തോളം വരുമിത്.

മാനസിക രോഗങ്ങൾ തന്നെ പലതുണ്ട്. എല്ലാ മനോവിഷമങ്ങളും ഡിപ്രഷനല്ല. സ്‌കിസോഫ്രീനിയ, ബൈപോളാർ ഡിസോർഡർ, തുടങ്ങി ഗൗരവമേറിയ മാനസിക രോഗങ്ങളുള്ളവർ ആത്മഹത്യാപ്രവണത പ്രകടിപ്പിക്കാറുണ്ട്. ഇങ്ങനെയുള്ള രോഗികളിൽ, അവർക്കുണ്ടാകുന്ന ഹാലൂസിനേഷനുകൾ - പലപ്പോഴും ആത്മഹത്യചെയ്യാനുള്ള നിർദ്ദേശം ആരോ തരുന്നതായി (inner-voices) തോന്നാം. അത് സ്വയം ഇല്ലാതാക്കാനുള്ള (self-destruction) കാരണമാകാം. അപ്പോൾ മനസികരോഗങ്ങൾ ആത്മഹത്യക്ക് കാരണമാകാറുണ്ടെങ്കിലും സോഷ്യൽമീഡിയ ഹൈപ്പ് കണ്ട് എല്ലാ ആത്മഹത്യകളെയും മനസികരോഗങ്ങൾ മൂലമുണ്ടാകുന്നതെന്നു തെറ്റിദ്ധരിക്കരുത്. ആത്മഹത്യക്ക് കാരണമായ എല്ലാ മാനസിക രോഗങ്ങളും വിഷാദവുമല്ല.

ഇനി ബാക്കിയുള്ള ചോദ്യം വിഷാദം അടുത്തുള്ളവരോട് സംസാരിക്കുന്നതിലൂടെ പരിഹരിക്കാൻ സാധിക്കുമോ എന്നതാണ്. മിക്കവാറും ആളുകൾ വിഷാദത്തെ കാണുന്നത് തീരെ നിസാരവൽക്കരിച്ചാണ്. ജീവിതത്തിൽ ഉണ്ടാകുന്ന ഏതെങ്കിലും പ്രശ്നങ്ങൾ ആളുകളെ വിഷാദത്തിലേക്ക് തള്ളി വിടുന്നുണ്ടാകാം. ഈ പ്രശ്നങ്ങൾ മറ്റുളളവരുടെ കണ്ണിൽ ആത്മഹത്യ ചെയ്യേണ്ടത്ര വലിയ കാര്യമാണെന്ന് തോന്നുകയും ഇല്ല. വിഷാദമുണ്ടെങ്കിലും ഇല്ലെങ്കിലും നമുക്കെല്ലാവർക്കും നമ്മുടെ പ്രശ്നങ്ങൾ വലുതും മറ്റുള്ളവരുടെ പ്രശ്നങ്ങൾ നിസ്സാരവുമാണ്. ഏതെങ്കിലും പ്രശ്നവുമായി നമ്മുടെ അടുത്തേക്ക് വരുന്നവരെ നമ്മുടെയോ നമുക്ക് ചുറ്റുമുള്ളവരുടെയോ അതിനേക്കാൾ വലിയ വിഷമങ്ങൾ പറഞ്ഞാണ് നമ്മൾ ആശ്വസിപ്പിക്കാൻ ശ്രമിക്കുക. വിരൽ മുറിഞ്ഞ് നമ്മുടെ അടുത്തെത്തുന്നവരോട് അപകടത്തിൽ കൈ അറ്റുപോയവരുടെ കഥപറയുന്നത് പോലെയുള്ള തന്ത്രം. എന്നാൽ ഇതുകൊണ്ട് ഒരു കാര്യവുമില്ല. ഒരു വ്യക്തി അവരുടെ പ്രശ്നങ്ങളെ കാണുന്നത് അവരുടേത് മാത്രമായ വൈകാരിക പശ്ചാത്തലങ്ങളിലൂടെ, ജീവിത വീക്ഷണങ്ങളുടെ, കുടുംബ പശ്ചാത്തലത്തിന്റെ, പ്രയോഗിക സൗകര്യങ്ങളുടെ കാഴ്ചപ്പാടിലൂടെയാണ്. ഒരു പ്രശ്നം എത്ര വലുതാണ്, ചെറുതാണ് എന്നത് അവരുടെ വീക്ഷണകോണിൽ കൂടി ചിന്തിച്ചാലേ മനസ്സിലാകൂ. ഒരേ കാര്യത്തെ രണ്ടുപേർ നോക്കുന്പോൾ കാണുന്ന കാഴ്ച ഒന്നല്ല.

ചില സാഹചര്യങ്ങളിൽ ഈ ഒരാളുടെ മാനസിക നില ഒരു പ്രിസം പോലെ പ്രവർത്തിച്ച് കാര്യങ്ങളെ വളരെ വ്യത്യസ്തമായി തോന്നിക്കുന്നു. ഇത് തിരിച്ചറിയാൻ ഒരു മാനസികരോഗ വിദഗ്ധന് മാത്രമാണ് കഴിയുന്നത്. അതുകൊണ്ടു തന്നെ നിങ്ങളുടെ അടുത്തുള്ള ഒരാൾക്ക് മാനസികമായ ബുദ്ധിമുട്ട് ഉണ്ടെന്ന് തോന്നിയാൽ തീർച്ചയായും അവരോട് പ്രൊഫഷണൽ സഹായം തേടാൻ പറയണം. വിഷാദത്തെ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടത് എന്നതിന് ഇപ്പോൾ ശാസ്ത്രത്തിന് അനവധി മാർഗ്ഗരേഖകളുണ്ട്. അവ ഉപയോഗിച്ചാൽ തീർച്ചയായും ആളുകൾക്ക് ഗുണമുണ്ടാകും. കേരളത്തിലെ സാമൂഹിക സാഹചര്യത്തിൽ ഇതത്ര എളുപ്പമുള്ള കാര്യമല്ല എങ്കിൽ കൂടി നമ്മൾ കൂടുതൽ പുരോഗമന ചിന്താഗതിയുള്ള, ശാസ്ത്രബോധമുള്ള ഒരു സമൂഹമായി മാറണമെങ്കിൽ വിഷാദം ഉൾപ്പടെയുള്ള മാനസികാരോഗ്യ വിഷയങ്ങളിലുള്ള നമ്മുടെ ചിന്താഗതികൾ മാറണം. വിഷമമോ വിഷാദമോ ഉള്ള ആളുകളെല്ലാം സുഹൃത്തുക്കളോട് സംസാരിച്ചാൽ തീരുന്നത്ര നിസ്സാരമല്ല കാര്യങ്ങൾ. ഫേസ്ബുക്ക് അക്കൗണ്ട് ഉള്ളവരെല്ലാം മനഃശാസ്ത്ര കൗൺസലർമാർ ആകുന്ന കാലം മാറണം.

നമുക്ക് ജപ്പാനിലേക്ക് തിരിച്ചു വരാം.

1978 മുതലാണ് ജപ്പാനിൽ ആത്മഹത്യകളുടെ കണക്ക് ദേശീയമായി ശേഖരിച്ചു തുടങ്ങിയത്. ഓരോ വർഷവും ഇത് കൂടി വന്നു. 2013 ൽ ഇത് 34427 ആയി. അവിടുത്തെ സർക്കാർ ഇതൊരു വലിയ വിഷയമായി ഏറ്റെടുത്ത് ആത്മഹത്യകളുടെ എണ്ണവും നിരക്കും കുറക്കാൻ പദ്ധതികളുണ്ടാക്കി. 2009 മുതൽ ഓരോ വർഷവും ആത്മഹത്യകളുടെ എണ്ണം കുറഞ്ഞു വരുന്നു. ഇപ്പോൾ ഒരുലക്ഷത്തിന് പതിനഞ്ച് എന്ന നിരക്കിലെത്തി. ഇനിയത് 2026 ആകുന്പോഴേക്കും ഒരു ലക്ഷത്തിന് പതിമൂന്നിലേക്ക് എത്തിക്കുക എന്നതാണ് അവരുടെ ലക്ഷ്യം.

കേരളത്തിൽ 2018 ൽ 8237 പേർ ആത്മഹത്യ ചെയ്തു. ഒരു ലക്ഷത്തിന് 24 പേർ എന്ന കണക്കിൽ. ഇത് ലോക ശരാശരിക്കും (10.5/100,000) ദേശീയ ശരാശരിക്കും (10.2/100,000) ഇരട്ടിയിലധികമാണ്. കേരളത്തിൽ റോഡപടകത്തിൽ മരിക്കുന്നവരെക്കാളും ഇരട്ടിയാണ് ആത്മഹത്യയിൽ മരിക്കുന്നത്. ഒരു കോടി ജനസംഖ്യയിൽ കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനങ്ങളെ വെച്ച് നോക്കുന്പോൾ കേരളത്തിനു മുന്നിൽ ഛത്തീസ്ഗഡ് മാത്രമേ ഉള്ളൂ. ഇതിന്റെ കാരണങ്ങൾ ഏതൊക്കെ തന്നെ ആയാലും സർക്കാരും സമൂഹവും ഒരുമിച്ച് ശ്രമിച്ചാൽ ആത്മഹത്യാ നിരക്ക് കുറക്കാൻ സാധിക്കുമെന്ന് തന്നെയാണ് ജപ്പാനിലെ കണക്കുകൾ സൂചിപ്പിക്കുന്നത്.
പക്ഷെ , ‘വിഷാദം’ = ‘ആത്മഹത്യ’ എന്നോ, ‘വിഷമങ്ങൾ തുറന്നു പറയുന്നു’ = ‘ആത്മഹത്യ ഒഴിവാകുന്നു’ എന്നോ ഉള്ള ലളിതമായ സമവാക്യങ്ങളിൽ നിന്നും നാം മുന്നേറേണ്ടിയിരിക്കുന്നു.

#Muralee Thummarukudy #നീരജ ജാനകി

Photo Credit : » @fairytailphotography


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 3 / Total Memory Used : 0.66 MB / This page was generated in 0.0188 seconds.