ഒരു സ്വേച്ഛാധിപതിയുടെ 32 കൊല്ലം .. മൊബുട്ടുവിന്റെ ജീവിതം അവസാനിച്ചിതിങ്ങനെ ... സെയർ എന്ന കോംഗോയിലെ സ്വേച്ഛാധിപതിയുടെ കഥ

Avatar
Vinaya Raj V R | 20-05-2020

പ്രസിഡണ്ടായിക്കഴിഞ്ഞപ്പോൾ തന്റെ ജന്മസ്ഥലം വെറുമൊരു കാട്ടുപ്രദേശമായിക്കിടന്നാൽപ്പോരല്ലോ എന്ന് മൊബുട്ടു ഓർത്തു. അത് ഒരു വലിയ നഗരമായി മാറ്റിക്കളയാം.

കോംഗോയുടെ തലസ്ഥാനമായ കിൻഷസയിൽനിന്നും ഏതാണ്ട് ആയിരം കിലോമീറ്റർ അകലെയാണ് കഷ്ടിച്ച് രണ്ടായിരം പേർ മാത്രമുണ്ടായിരുന്ന മൊബുട്ടുവിന്റെ ജന്മസ്ഥലമായ ഗ്‌ബാഡോലൈറ്റ് എന്ന കുഗ്രാമം.

CIA യുടെ സഹായത്തോടെ 1965 -ൽ കോംഗോയുടെ ഭരണം പിടിച്ച അയാൾ തന്റെ ജന്മസ്ഥലത്ത് മൂന്നുവലിയ കൊട്ടാരങ്ങൾ, ഒരു ജലവൈദ്യുതപദ്ധതി, അയാൾക്ക് പാരീസിൽ ഷോപ്പിങ്ങിനു പോവാൻ കോൺകോർഡ് വിമാനത്തിന് ഇറങ്ങത്തക്ക വലിപ്പമുള്ള വലിയൊരു വിമാനത്താവളം എന്നിവയെല്ലാം ഉണ്ടാക്കി. ഇതിനു പുറമേ വലിയ ആശുപത്രി, മാളുകൾ, 100 മുറികളുള്ള ഫൈവ്സ്റ്റാർ ഹോട്ടൽ, അയാൾക്കു ഭക്ഷണമുണ്ടാക്കാൻ വിദേശത്തുനിന്നുമുള്ള ഷെഫുകൾ, 500പേരെ ഉൾക്കൊള്ളാൻ പറ്റുന്ന ആഫ്രിക്കയിലെ ഏറ്റവും വലിയ ന്യൂക്ലിയാർ ബങ്കർ, അതിൽനിന്നും രഹസ്യമായി സൈനികതുറമുഖത്തേക്ക് തുരങ്കം എന്നിങ്ങനെ നിരവധിയായിരുന്ന് ആ പുതുനഗരത്തിന്റെ സൗകര്യങ്ങൾ.

mobutu home

ശീതയുദ്ധകാലസമയത്ത് ആഫ്രിക്കയിലെ കമ്യൂണിസ്റ്റുശക്തികളെ എതിർക്കാൻ അമേരിക്കയുടെയും ബെൽജിയത്തിന്റെയും ഫ്രാൻസിന്റെയും ഒക്കെ പിന്തുണയുണ്ടായിരുന്നു മൊബുട്ടുവിന്. സോവിയറ്റുവിരുദ്ധനായതിനാൽ പിന്നീട് ചൈനയും ഇയാളെ പിന്തുണച്ചു. രാഷ്ട്രത്തിന്റെ സമ്പത്തുമുഴുവൻ തന്റെ സ്വകാര്യനിക്ഷേപമാക്കി മാറ്റി, തന്റെ പേരല്ലാതെ മറ്റാരുടെയും പേര് മാധ്യമങ്ങളിൽ വരരുതെന്ന് അയാൾ ശഠിച്ചു, ബാക്കിയുള്ളവരുടെയെല്ലാം സ്ഥാനപ്പേര് മാത്രമേ ഉപയോഗിക്കാൻ അനുമതിയുള്ളൂ. തന്റെ ചിത്രങ്ങൾ രാജ്യമെമ്പാടും തൂക്കി, രാഷ്ട്രപതി, ജനനായകൻ, രക്ഷകൻ, പരമോന്നത സൈനികൻ, വിപ്ലവത്തിന്റെ നായകൻ ഇങ്ങനെ നിരവധിസ്ഥാനപ്പേരുകൾ അയാൾ സ്വയം‌തന്നെ ഉപയോഗിച്ചു, അംഗരക്ഷകർക്കല്ലാതെ മറ്റാർക്കും കൃത്യമായി ശമ്പളം നൽകാതായി, മുഖ്യസ്ഥാനങ്ങളിലെല്ലാം ബന്ധുക്കളെ നിയമിച്ചു, അങ്ങനെയങ്ങനെ സമ്പന്നമായ രാജ്യം തകർന്നു നാശത്തിന്റെ വക്കിലെത്തി.

താനുണ്ടാക്കിയ നഗരത്തിലേക്ക് പോപ് ജോൺ പോൾ രണ്ടാമൻ, ബൽജിയത്തിന്റെ രാജാവ്, ഫ്രഞ്ച് പ്രസിഡണ്ട്, ഐക്യരാഷ്ടൃസഭാ സെക്രട്ടറി ജനറൽ എന്നിവരെയെല്ലാം അയാൾ ക്ഷണിച്ചുവരുത്തി. ഭരണം പിടിച്ചശേഷം അയാൾ രാജ്യത്തിന്റെ പേര് സെയർ (Zaire) എന്നാക്കിമാറ്റിയിരുന്നു. രാജ്യത്തിന്റെ സാമ്പത്തിക അവസ്ഥ അനുദിനം മോശമായിവന്നു.

അപ്പോഴാണ് മുഹമ്മദ് അലിയും ജോർജ് ഫോർമാനും തമ്മിൽ ഒരു ബോക്സിങ്ങ് മൽസരം നടത്താനുള്ള ശ്രമം നടന്നുകൊണ്ടിരുന്നത്. രണ്ടുപേർക്കും അഞ്ച് മില്യൺ അമേരിക്കൻ ഡോളർ (അന്നത്തെ നിലയ്ക്ക് വലിയ തുക) സമ്മാനം നൽകിയാണ് മൽസരം നടത്തുന്നത്. തന്റെ നഷ്ടമാകുന്ന പ്രതിച്ഛായ രക്ഷിക്കാനും രാജ്യത്തിന്റെ പേര് ലോകമെങ്ങും എത്തിക്കാനും ഈ മൽസരം തന്റെരാജ്യത്ത് നടത്തിയാൽ ഉപകാരപ്പെടുമെന്ന് മനസ്സിലാക്കിയ അയാൾ ലിബിയയിലെ ഗദ്ദാഫിയുടെ സാമ്പത്തികസഹായത്തോടെ ഈ മൽസരം കോംഗോയിൽ വച്ച് നടത്താമെന്നേറ്റു. മുഹമ്മെദ് അലി ആഫ്രിക്കയിൽ എത്തിയപ്പോൾ ഒരു വീരനെപ്പോലെയാണ് അയാളെ നാട്ടുകാർ എതിരേറ്റത്.

തങ്ങളേൽക്കുന്ന പീഡനത്തിന്റെ ഒരു പ്രതിനിധിയായി അവർ അയാളെ കണ്ടു. ശരിക്കും മൊബുട്ടു ആഗ്രഹിച്ചതു പോലെത്തന്നെ സംഭവിക്കുകയും ചെയ്തു. 1974 ഒക്ടോബർ 30 -ന് നടന്ന ഈ മൽസരം കാണാൻ സ്റ്റേഡിയത്തിൽത്തന്നെ 60000 പേർ ഉണ്ടായിരുന്നു. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മഹത്തായ കായികമൽസരം എന്നുവിശേഷിപ്പിക്കപ്പെടുന്ന ആ മൽസരം 100 കോടി ആൾക്കാർ ലോകമെങ്ങും ടെലിവിഷനിൽ കണ്ടു, അന്നത്തെക്കാലത്ത് അതുമൊരു റിക്കാർഡ് ആയിരുന്നു. 100 മില്യൺ ഡോളറാണ് ആ മൽസരത്തിൽ നിന്നും ലഭിച്ചത്.

ഭരിച്ചകാലത്ത് രാജാവിനെപ്പോലെ ജീവിച്ച അയാൾ രാജ്യത്തെങ്ങും സഞ്ചരിക്കുമ്പോൾ നാട്ടുപ്രമാണിമാർ അയാൾക്കായി കന്യകമാരെ ഒരുക്കിവച്ചു. കന്യകമാരെ അയാൾ സ്വീകരിക്കുന്നത് അവരവരുടെ കുടുംബത്തിനു മഹത്തായ ബഹുമതിയായി അവർ കരുതി. പല ഏകാധിപതിയെമാരെപ്പോലെ മൊബുട്ടുവും സ്ഥാനഭ്രഷ്ടനായി നാടുകടത്തപ്പെട്ടു. അയാൾ ഉണ്ടാക്കിയ ഗ്‌ബാഡോലൈറ്റ് നഗരം ആൾക്കാർ കൈയ്യേറി, കൊട്ടാരങ്ങൾ തല്ലിത്തകർത്തു, കിട്ടിയതെല്ലാം അവർ കൊള്ളയടിച്ചു. ഇപ്പോൾ കൊട്ടാരം നിന്നസ്ഥലം കാട് തിരികെപ്പിടിച്ചുകൊണ്ടിരിക്കുന്നു.

അഞ്ചു ബില്ല്യൺ ഡോളർ ആണ് അയാൾ രാജ്യത്തിൽ നിന്നും കടത്തിയതെന്നു കരുതുന്നു. അതുകൊണ്ട് അയാൾ മൊറോക്കോയിലും സ്വിറ്റ്സർലാന്റിലും ഫ്രാൻസിലുമെല്ലാം വീടുകൾ വാങ്ങി. ജീവിതത്തിനൊടുവിൽ കാൻസർ കൊണ്ട് കഷ്ടപ്പെടുമ്പോൾ ചികിൽസയ്ക്ക് ഫ്രാൻസിലേക്ക് പോവാൻ ഫ്രഞ്ച് സർക്കാർ അയാൾക്ക് അനുമതി നിഷേധിച്ചു.

കാൻസർ രോഗത്തിനു ചികിൽസയിൽ ആയിരുന്ന അയാൾ നാടുകടത്തപ്പെട്ട് അധികം കഴിയുന്നതിനുമുൻപേ മൊറോക്കോയിൽ വച്ച് മരണമടഞ്ഞു. രാജ്യത്തിന്റ് പേർ സെയർ എന്നതിൽ നിന്നും വീണ്ടും കോംഗോ ആയി മാറുകയും ചെയ്തു.

Zaire Revisited: Congolese nostalgic for era of dictator Mobutu

#വിനയരാജ്


Also Read » ലക്ഷക്കണക്കിന് വജ്രങ്ങൾ ചിതറിക്കിടക്കുന്ന ജർമ്മനിയിലെ നഗരത്തെ പറ്റിയുള്ള അറിവുകളിലേക്ക്


Also Read » ഇതാ ഒരു മനുഷ്യൻ 100 സ്ക്വയർ ഫീറ്റ് വിസ്താരം മാത്രമുള്ള വീട്ടിൽ ലളിത ജീവിതം നയിക്കുന്നു. വീടിന് ചിലവഴിച്ചത് 1500 ഡോളർ. മാസച്ചിലവ് കഷ്ടി 50 ഡോളർ


About Vinaya Raj V R

Manager, Kerala Gramin Bank / Wikipedian

Trending
Do NOT follow this link or you wont able to see the site!

DB Query : 5 / Total Memory Used : 0.55 MB / This page was generated in 0.0053 seconds.