സ്വന്തം നാട് ഒരു സ്വർണ്ണ ഖനിയായി മാറിയാൽ നിങ്ങളുടെ ജീവിതം സുഖകരമാകുമോ അതോ നാട് വിട്ടു ഓടിപോകേണ്ടി വരുമോ ?

Avatar
Vinaya Raj V R | 19-05-2020

നിങ്ങളുടെ നാട്ടിൽ പെട്ടെന്നൊരുദിവസം വലിയൊരു സ്വർണ്ണനിക്ഷേപം കണ്ടെത്തിയെന്നിരിക്കട്ടെ. സന്തോഷം കൊണ്ടുനിങ്ങൾ തുള്ളിച്ചാടില്ലേ?

ഇന്തോനേഷ്യയിലെ ഏറ്റവും വലിയ കൊടുമുടിയായ പുങ്കാക് ജയയുടെ സമീപത്തായി സമുദ്രനിരപ്പിൽ നിന്നും നാലേകാൽ കിലോമീറ്റർ ഉയരത്തിലാണ് ലോകത്തേറ്റവും വലിയ സ്വർണ്ണഖനിയായ ഗ്രാസ്ബേർഗ് ഖനി സ്ഥിതിചെയ്യുന്നത്. അമേരിക്കൻ കമ്പനിയായ ഫ്രീപോർട്ടിനാണ് ഇതിന്റെ ഭൂരിപക്ഷം ഓഹരിയും. അവിടത്തെ മിക്കകാര്യങ്ങളും നമ്മുടെ ചിന്തയ്ക്ക് ഉൾക്കൊള്ളാനാവുന്നതിനും അപ്പുറത്താണ്.

ചുറ്റോടുചുറ്റും നൂറുകണക്കിനുകിലോമീറ്റർ ചുറ്റളവിൽ ഘോരവനം മാത്രമാണ് ഈ മലനിരകൾക്കുചുറ്റും. അതിനുമധ്യത്തിലാണ് 19500 ജീവനക്കാരുള്ള ഖനി സ്ഥിതിചെയ്യുന്നത്. മലമുകളിൽ ലക്ഷക്കണക്കിന് ഏക്കർ വനത്തിനു നടുവിൽ ഖനനവും പുതുതായി ഖനിജങ്ങൾ കണ്ടുപിടിക്കാനുള്ള പര്യവേഷണങ്ങളുമാണ് നടക്കുന്നത്.

2016 -ൽ ഇവിടെ നിന്നുമുള്ള ഉൽപ്പാദനം: ചെമ്പ് - 482000 ടൺ,സ്വർണ്ണം- 33 ടൺ, വെള്ളി - 90000 ടൺ എന്നിങ്ങനെയായിരുന്നു. ഇവിടെ സ്വർണ്ണം കണ്ടെത്തിയശേഷം ഇന്തോനേഷ്യയുടെ തന്നെ ഏറ്റവും വിദൂരസ്ഥലമായ ഇത്രയും ഉള്ളിലേക്ക് എത്തിച്ചേരാനുള്ള ചെലവും സാങ്കേതികവിദ്യയുമൊക്കെ അവർക്ക് താങ്ങാനാവാത്തതിലും അധികമായിരുന്നു, അന്നുപോലും 175 മില്യൺ ഡോളറാണ് ഖനനം തുടങ്ങാൻ ചിലവായത്. 116 കിലോമീറ്റർ റോഡ്, തുറമുഖം, വിമാനമിറങ്ങാനുള്ള സ്ട്രിപ്, വൈദ്യുതനിലയം, ഇതിന്റെ പ്രവർത്തനങ്ങൾക്കൊക്കെയായി തെംബാഗപുര (ചെമ്പുപട്ടണം)മെന്നൊരു നഗരം എന്നിവയൊക്കെ നിർമ്മിച്ചു. 600 മീറ്റർ ഉയരത്തിൽനിന്നും താഴേക്കിടുന്ന അയിര് ആദ്യം ഘനപ്പെടുത്തിയശേഷം 60:40 തോതിൽ ജലവുമായി കലർത്തി 166 കിലോമീറ്റർ അകലെയുള്ള തുറമുഖത്തേക്ക് കാട്ടിൽക്കൂടിയും മലനിരകളിൽക്കൂടിയും ചതുപ്പുകളിൽക്കൂടിയുമൊക്കെ മൂന്നുവലിയ പൈപ്പുകളിൽക്കൂടി പമ്പുചെയ്തെത്തിക്കുന്നു. അവിടെ വച്ച് അത് വെള്ളം നീക്കംചെയ്ത് ഉണക്കി കണ്ടൈനറുകളിലാക്കി കപ്പലിൽ കയറ്റി ലോഹങ്ങൾ വേർതിരിക്കാൻ ലോകമെങ്ങുമുള്ള ഫാക്ടറികളിലേക്ക് കൊണ്ടുപോകുന്നു. ഘനപ്പെടുത്തിയ ഒരു ടൺ അയിരിൽ നിന്നും 317 കിലോഗ്രാം ചെമ്പും, 30 ഗ്രാം സ്വർണ്ണവും, 30 ഗ്രാം വെള്ളിയും ലഭിക്കും.


മല്ലുകഫെ ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും / 🔔 നോട്ടിഫിക്കേഷനായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .

പ്രധാനഖനിയിലെ സ്വർണ്ണനിക്ഷേപം വറ്റിത്തുടങ്ങിയപ്പോൾ 1988 -ൽ 3 കിലോമീറ്റർ അകലെ മറ്റൊരുവലിയ നിക്ഷേപം കണ്ടെത്തി. താഴേക്ക് അങ്ങോട്ടേക്കൊരു ചുരംറോഡ് ഉണ്ടാക്കാൻ 12-15 മില്യൺ ഡോളർ ചെലവുവരുമെന്ന് കണക്കുകൂട്ടിയപ്പോൾ, നേരത്തെ അവിടെ ചുരം റോഡുണ്ടാക്കിയ ഇല്യാസ് ഹമീദ് എന്നൊരാൾ ഒരു ബുൾഡോസർ എടുത്ത് അങ്ങോട്ടേക്കുള്ള പാതതെളിച്ചുകൊടുത്തു. റോഡ് ഉണ്ടാക്കിക്കഴിഞ്ഞപ്പോൾ അതിന് ആകെ ചെലവ് വന്നത് 2 മില്യൺ ഡോളർ മാത്രമായിരുന്നു. പലപ്പോഴും അക്രമങ്ങൾ ഉണ്ടാകുന്ന ഈ സ്ഥലങ്ങളിൽ സുരക്ഷയ്ക്കായി ഇന്തോനേഷ്യൻ സൈന്യത്തിന് കമ്പനി നൽകുന്നത് മില്യൺ കണക്കിനുഡോളറാണ്.

കാര്യങ്ങളൊക്കെ മാഫിയാരീതിയിലാണ് നടക്കുന്നത്. കുഴിച്ചെടുക്കുന്ന ധാതുവിൽ നിന്നും ഘനീഭവിപ്പിച്ചതിനുശേഷം കിട്ടുന്ന വലിയതോതിലുണ്ടാകുന്ന മാലിന്യങ്ങൾ, പ്രതിദിനം 700000 ടൺ ആണ്. ഇവ 8 ചതുരശ്രകിലോമീറ്റർ സ്ഥലത്ത് അരക്കിലോമീറ്റർ ആഴത്തിൽ മലമുകളിൽ സംഭരിച്ചിരിക്കുന്നു. ഇവിടെനിന്നും പുറത്തേക്കുവരുന്ന അമ്ലാംശമുള്ള മാലിന്യങ്ങളും അതിലലിഞ്ഞിരിക്കുന്ന ചെമ്പും നേരെ പുഴയിലേക്കാണ് എത്തുന്നത്. വലിയ മലയിടിഞ്ഞുവരുന്നതുപോലെയാണ് ഇതുപുഴയിലേക്ക് ദശകങ്ങളായി ചെല്ലുന്നത്. ജലജീവികൾക്കൊന്നും ആ പുഴയിൽ ജീവിക്കാനാവില്ല.

കോടികൾ മതിക്കുന്ന ഖനനം വർഷങ്ങളായി നടക്കുന്ന ഇവിടെ നിന്നുമുള്ള വരുമാനമോ അതിന്റെ പങ്കോ ഒന്നും പ്രാദേശികജനങ്ങൾക്ക് ലഭിക്കുന്നേയില്ല. അവരുടെ പരിസ്ഥിതിയും പുഴയും നാടും ജീവിക്കാൻ പോലുമാവാത്തത്രവിഷം നിറഞ്ഞിരിക്കുകയാണ്. ഖനനത്തെ എതിർക്കാനോ ചോദ്യം ചെയ്യാനോ ഒന്നും ആർക്കും ശേഷിയില്ല. അത്രയ്ക്കാണ് എതിരാളികളുടെ സാമ്പത്തിക-സൈനികശേഷി. സ്വർണ്ണമാണേ ഖനനം ചെയ്യുന്നത്. നിങ്ങളുടെ നാട്ടിൽ വലിയൊരു സ്വർണ്ണനിക്ഷേപം കണ്ടെത്തിയാൽ അതോടെ നിങ്ങളുടെ ജീവിതം തീർന്നു. നാടുവിടുന്നതാണ് നല്ലത്.


Also Read » ബ്രേവ് ബ്രൗസർ. ഇത് വേറെ ലെവൽ ബ്രൗസർ .. ഒരു പുതിയ ബ്രൗസറിൽ നിന്ന് നിങ്ങൾ അധികമായി എന്താണ് പ്രതീക്ഷിക്കുന്നത്? വേഗത? കൂടുതൽ പ്രൈവസി ? അതോ മികച്ച സുരക്ഷയാണോ?


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

About Vinaya Raj V R

Manager, Kerala Gramin Bank / Wikipedian

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 0 / Total Memory Used : 0.61 MB / This page was generated in 0.0025 seconds.