ഒരു റഷ്യൻ വീരഗാഥ ! ഇന്ത്യ-പാകിസ്ഥാൻ യുദ്ധത്തിൽ പാകിസ്ഥാനെ സഹായിക്കുന്നതിനായി എത്തിയ ബ്രിട്ടീഷ് , അമേരിക്കൻ നാവികസേനകളെ ഒറ്റയ്ക്ക് ഉൾക്കടലിൽ നേരിട്ട റഷ്യയുടെ വീരഗാഥ

Avatar
അനിൽ ജോസഫ് രാമപുരം | 15-07-2020

ഒരു റഷ്യൻ വീരഗാഥ !

'ദി കിംഗ്‌' ൽ കലക്ടറായ ജോസഫ് അലക്സ് പറയുന്നൊരു ഡയലോഗ് ഉണ്ട്, " അക്ഷരങ്ങൾ അച്ചടിച്ചുക്കൂട്ടിയ പുസ്തകതാളുകളിൽ നിന്ന് നീ പഠിച്ച ഇന്നത്തെ ഇന്ത്യ അല്ലാ, അനുഭവങ്ങളുടെ ഇന്ത്യ".

അതേ, സ്വതന്ത്ര്യാലബ്ദിക്കു ശേഷം ഇന്ത്യയുടെ അവസ്ഥ വളരെയധികം ദയനീയമായിരുന്നു, പ്രത്യേകിച്ച് രാജ്യത്തിന്റെ സാമ്പത്തികാന്തരഘടനകളിലും, അടിസ്ഥാന സൗകര്യങ്ങളുടെ വികസനകാര്യത്തിലെ ന്യൂനതകളിലും, അത് വളരെയേറെ മുഴച്ചു നിന്നു. ബ്രിട്ടീഷ് ഭരണത്തിൻ കീഴിൽ, രാജ്യത്തിന്റെ സിംഹഭാഗവും ചൂഷണം നേരിടേണ്ടിവന്ന അന്നത്തെ ഭാരതത്തിന്, ലോകരാജ്യങ്ങളുടെ മുൻപിൽ നടുനിവർന്ന് നിൽക്കാൻ ശക്തനായ ഒരു സുഹൃത്തിന്റെ നിർലോഭമായാ സൗഹൃദവും, സഹകരണവും ആവശ്യമായിരുന്നു.

അന്നത്തെ, ഇന്ത്യയുടെ സാമ്പത്തിക അന്തർഘടനയ‌്ക്ക് ശക്തമായ ഒരടിത്തറ പാകുന്ന കാര്യത്തിൽ പ്രഥമ പ്രധാനമന്ത്രി നെഹ‌്‌റുവിനുണ്ടായിരുന്ന ഉൽക്കണ്ഠയോടും, ആകുലതയോടും, അനുകൂലമായി ആദ്യമായി പ്രതികരിച്ചത് അന്നത്തെ ലോകത്തിലെ പ്രബലരാജ്യങ്ങളിൽ ഒന്നായിരുന്ന സോവിയറ്റ് യൂണിയനായിരുന്നു.

അമ്പതുകളുടെ തുടക്കത്തിൽ ഭിലായി സ്റ്റീൽപ്ലാന്റ് സ്ഥാപിച്ചുകൊണ്ടായിരുന്നു തുടക്കം. ഉരുക്ക്, മെഷിൻ ടൂൾസ്, ഫാർമസ്യൂട്ടിക്കൽസ്, എണ്ണശുദ്ധീകരണം, ആണവോർജം, കൃഷി, ലോഹ സംസ്കരണം, ഘന ഇലക്ട്രിക്കൽ, ഘന എൻജിനിയറിങ‌്, ഐഎെടികൾ, ശാസ്ത്രസാങ്കേതികം, വാണിജ്യം, പ്രതിരോധം, സംസ്കാരം, ശൂന്യാകാശശാസ്ത്രം തുടങ്ങിയ മേഖലകളിലേക്ക‌് ഈ ബന്ധം വളർന്നു. 1975ൽ തൊടുത്തുവിട്ട ഇന്ത്യൻ ഉപഗ്രഹമായ ആര്യഭട്ടയ‌്ക്ക് സോവിയറ്റ് യൂണിയൻ നൽകിയ സഹായം, അതിനെത്തുടർന്ന് വിക്ഷേപിച്ച ഭാസ്കര 1, ഭാസ്കര 2 , രാകേഷ് ശർമയുടെ കൂടെയുള്ള ശൂന്യാകാശയാത്രയിലെ ഇന്തോ‐സോവിയറ്റ് സഹകരണം, 1984ലെ സൂയസ് 2, പിന്നീട് ഈ കാലഘട്ടത്തിലെ ചന്ദ്രയാൻ മിഷൻ, ബ്രഹ്മോസ് പദ്ധതി, വിക്രമാദിത്യ മുങ്ങിക്കപ്പൽ, കൂടംകുളം ആണവവൈദ്യുത പദ്ധതി എന്നിങ്ങനെ ശൂന്യാകാശ ശാസ്ത്രത്തിലും പ്രതിരോധമേഖലയിലും ആണവോർജകാര്യത്തിലും ഇന്ത്യയെ മുന്നേറാൻ സഹായിച്ചത് ഇന്ത്യയുടെ എക്കാലത്തെയും ഉറ്റസുഹൃത്തായ സോവിയറ്റ് യൂണിയന്റെ ഉഭയകക്ഷി ബന്ധത്തിലെ വിശ്വാസയോഗ്യമായ സമീപനമായിരുന്നു.

എന്നാൽ, ഇൻഡ്യയുടെ ശക്തനായ സുഹൃത്തെന്നാ നിലയിൽ റഷ്യയുടെ പ്രാധാന്യം ലോകരാജ്യങ്ങൾ മനസിലാക്കിയ സംഭവമാണ് 1971- ലെ ഇന്ത്യ പാക്കിസ്ഥാൻ യുദ്ധത്തിൽ റഷ്യയുടെ ഐതിഹാകമായ ഇടപെടൽ.

russian-war-1971-india-pakistan

1971 മാർച്ചിൽ നടന്ന പാകിസ്ഥാൻ പൊതുതെരഞ്ഞെടുപ്പിൽ കിഴക്കൻ പാകിസ്ഥാനിലെ (ഇപ്പോഴത്തെ ബംഗ്ലാദേശ്) 'അവാമി ലീഗ്' ശക്തമായ ഭൂരിപക്ഷം നേടി. കിഴക്കൻ പാകിസ്ഥാനികളെ രണ്ടാം തരം പൗരന്മാരായി കണ്ടിരുന്ന പാകിസ്ഥാൻ ഭരണകൂടത്തിനും, അന്നത്തെ പട്ടാളമേധാവി ജനറൽ യാഹഖാനും 'അവാമി ലീഗിന്റെ' ത്രസിപ്പിക്കുന്ന വിജയം അത്രകണ്ട് ഉൾക്കൊള്ളാനായില്ലാ. തന്റെ പട്ടാള അധികാരം ഉപയോഗിച്ച് യാഹഖാൻ, 'അവാമി' പാർട്ടിയുടെ നേതാക്കന്മാരെ ജയിലിൽ അടയ്ക്കുകയും, കിഴക്കൻ പാകിസ്ഥാനിൽ കർഫ്യൂ പ്രഖാപിക്കുകയും, ധാക്കയിൽ പട്ടാളഭരണം ഏർപ്പെടുത്തുകയും ചെയ്തു.
സ്വാതന്ത്ര്യബോധം ഉണർന്നാ ജനങ്ങൾ പട്ടാളത്തിന് എതിരെയായി ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചു. വലിയ തോതിലുള്ള കൂട്ടക്കുരുതിയായിരുന്നു അതിന്റെ ഫലം. പ്രത്യേകിച്ചു, ഹിന്ദു ഭൂരിപക്ഷമായിരുന്ന കിഴക്കൻ പാകിസ്ഥാനിലെ ചില സ്ഥലങ്ങളിൽ സാധാരണക്കാരായ ജനങ്ങൾ വളരെയധികം ആക്രമിക്കപ്പെട്ടു. പാകിസ്ഥാൻ പട്ടാളത്തിന്റെ ആക്രമണത്തിലും, വെടിവയ്പിലും ഭയാശങ്കരായ സാധാരണക്കാർ തത്ഫലമായി ഇൻഡ്യയിലേക്ക് പ്രാണരക്ഷാർത്ഥം ഒഴുകാൻ തുടങ്ങി. അനിയത്രിതമായി ഏകദേശം പത്തു ലക്ഷത്തോളം ബംഗാളികൾ ഈ തരത്തിൽ കിഴക്കൻ പാകിസ്ഥാനിൽ നിന്ന് ഇൻഡ്യയിലേക്ക് കുടിയേറിയതായി കണക്കുകൾ സൂചിപ്പിക്കുന്നു. അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ശ്രീമതി. ഇന്ദിര ഗാന്ധി, പാകിസ്ഥാന്റെ ഈ കിരാത നടപടിയ്ക്ക് എതിരെ ശക്തമായി പ്രതിഷേധിക്കുകയും, ഐക്യരാഷ്ട്ര സഭയിൽ ഈ അപകടാവസ്ഥ പലപ്പോഴും ഉന്നയിക്കുകയും, ഇതിലേക്ക് ലോകരാജ്യങ്ങളുടെ ശ്രദ്ധ ആകർഷിക്കുകയും ചെയ്തു.

war india


മല്ലുകഫെ ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും / 🔔 നോട്ടിഫിക്കേഷനായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .

എന്നാൽ ശീതയുദ്ധകാലഘട്ടമായിരുന്നു അന്ന്, മിക്ക ലോകരാജ്യങ്ങളും ഒരു ഭാഗത്ത് റഷ്യയുടെയും (പഴയ USSR) മറുഭാഗത്ത് അമേരിക്കയുടെയും കീഴിൽ പരസ്പരം ചേരിതിരിഞ്ഞ് അണിനിരന്ന് നിൽക്കുന്ന സമയം. അമേരിക്കൻ പ്രസിഡൻറ് റിച്ചാർഡ് നിക്സനുമായ വളരെയേറെ വ്യക്തിബന്ധം പുലർത്തിയിരുന്ന ആളായിരുന്നു, പാകിസ്ഥാൻ പട്ടാളമേധാവി ജനറൽ യാഹഖാൻ. അതുപോലെ തന്നെ മാവോയുടെ ചൈനയുമായി നയതന്ത്രപരമായി ശക്തമായ ബന്ധവുമായിരുന്നു പാകിസ്ഥാന് ആ കാലത്ത് ഉണ്ടായിരുന്നത്. ഇക്കാരണത്താൽ അമേരിക്കയും, ബ്രിട്ടനും ഉൾപ്പെടുന്ന സഖ്യകക്ഷികളും, ചൈനയും പാകിസ്ഥാന്റെ ആ ആക്രമണത്തിൽ ബോധപൂർവമായാ മൗനം പാലിച്ചു.

കുടിയേറ്റക്കാരുടെ വരവ് അനിയന്ത്രിതമായപ്പോൾ കിഴക്കൻ പാകിസ്ഥാന്റെ വിമോചനത്തെ (ബംഗ്ലാദേശ്) സൈനികപരമായി സംരക്ഷിക്കേണ്ട, ധാർമികമായാ ചുമതല ഇന്ത്യയ്ക്ക് വന്നു ചേർന്നു. എടുത്ത് പറയേണ്ടത്, ഈ കാലയളവിൽ ഉഭയകക്ഷി ബന്ധത്തിൽ ഇന്ത്യ നടത്തിയ ഏറ്റവും തത്രപ്രധാനമായ ഒരു നീക്കമാണ്.

1971 ആഗസ്റ്റ് 9-മാം തീയതി അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ശ്രീമതി. ഇന്ദിരഗാന്ധിയുടെയും, സോവിയറ്റ് യൂണിയൻ പ്രസിഡന്റ് സർ.ലെയോണിഡ് ബ്രെഷ്നേവിന്റെയും സാരഥ്യത്തിൽ 'Indo-Soviet Treaty of Friendship and Cooperation' എന്നൊരു സുപ്രധാന കരാറിൽ ഒപ്പുവെക്കാൻ ധാരണയായി.
ആ കരാറിന്റെ ഏറ്റവും സുപ്രധാന ഉടമ്പടിയിൽ ഒന്നായിരുന്നു ആർട്ടിക്കൾ ഒൻപത് (Article 9) .
അതനുസരിച്ച്, ഇന്ത്യയെ മറ്റൊരു രാജ്യം ആക്രമിക്കുന്നത് സോവിയറ്റ് യൂണിയനെ ആക്രമിക്കുന്നതിന് തുല്യമാകുന്നു, അതുപോലെ തിരിച്ചും. അത്തരം സന്ദർഭങ്ങളിൽ പരസ്പര സൈനികസഹായം ഈ കരാർ വാഗ്ദാനം ചെയ്തിരുന്നു. ഇൻഡ്യയുടെ ഭാഗത്ത്‌ നിന്ന് വിദേശകാര്യ മന്ത്രി ശ്രീ. സൗരൻ സിങ്ങും, റഷ്യയുടെ ഭാഗത്ത്‌ നിന്ന് വിദേശകാര്യമന്ത്രി എ. എ. ഗോർകോമും ആയിരുന്നു, ഇരുപത് വർഷത്തെ ഈ കരാറിൽ ഒപ്പിട്ടത്. എന്നാൽ, ഇത്തരമൊരു സഹൃദകരാർ പ്രാബല്യത്തിൽ വന്നത് അമേരിക്കയെയും, ചൈനയെയും അസ്വസ്ഥരാക്കി.

1971 ഡിസംബർ 3- ന് 'ഓപ്പറേഷൻ ജിബ്രാൾട്ടർ' എന്നൊരു വിളിപ്പേരിൽ പാകിസ്ഥാന്റെ പോർവിമാനങ്ങൾ ഇൻഡ്യയുടെ ജമ്മുകശ്മീരിലെയും, പഞ്ചാബിലെയും സൈനികവിമാനത്താവളങ്ങൾ ആക്രമിച്ചു, തൽഫലമായി ഇന്ത്യ പ്രധാനമന്ത്രി ശ്രീമതി. ഇന്ദിരാഗാന്ധി പാകിസ്താനോട് യുദ്ധം പ്രഖാപിച്ചു. തൊട്ടടുത്ത ദിവസം യു. എൻ. സെക്യൂരിറ്റി കൗണ്സിലിൽ അമേരിക്കൻ അംബാസിഡർ H. W. ബുഷ്, ഇരു രാജ്യങ്ങളും വെടിനിർത്താൻ ആവശ്യപ്പെട്ടു കൊണ്ട് ഒരു പ്രമേയം കൊണ്ടുവന്നു, എന്നാൽ പ്രമേയത്തെ റഷ്യ വീറ്റോ ചെയ്തു, ഇന്ത്യ യുദ്ധം ചെയ്യുന്നത് ആ രാജ്യത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കാനാണെന്ന് റഷ്യ ഐക്യരാഷ്ട്രസഭയിൽ വാദിച്ചു.

തുടർന്ന്, അതേ വർഷം ഡിസംബർ അവസാനം ബ്രിട്ടന്റെ വിമാനവാഹിനി കപ്പലായ 'Eagle' പാകിസ്ഥാനെ സഹായിക്കുന്നതിനായി ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് അടുക്കുന്നതായി റഷ്യ ഇന്റലിജൻസിന് വിവരം ലഭിച്ചു. ഉടൻ തന്നെ സോവിയറ്റ്‌ യൂണിയൻ, അഡ്മിറൽ വി. ക്രുഗൽക്കോവിന്റെ നേതൃത്വത്തിൽ വിമാനവാഹിനി കപ്പലും, ആണവായുധവാഹകരായ അന്തര്‍വാഹിനിയും അടങ്ങുന്ന ചെറിയൊരു കപ്പൽ വ്യൂഹത്തെ, ബ്രിട്ടീഷ് കപ്പലിനെ തടയുവാനായി ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് റഷ്യ അയച്ചു. ഉൾക്കടലിൽ വച്ച് റഷ്യൻ നാവികപ്പടയെ കണ്ടുമുട്ടിയ ഇംഗ്ലീഷ് 'Eagle' വടക്കേ മഡഗാസ്ക്കാറിലേക്ക് പിൻവലിഞ്ഞു.

ഇന്ത്യ-പാകിസ്ഥാൻ യുദ്ധത്തിൽ ഇൻഡ്യയുടെ മുന്നേറ്റം മനസിലാക്കിയ അന്നത്തെ അമേരിക്കൻ പ്രസിഡൻറ് റിച്ചാർഡ് നിക്സൻ, അമേരിക്കയുടെ ഏഴാം കപ്പൽ വ്യൂഹവും, (7th Fleet) വിമാനവാഹിനിയുമായിരുന്ന 'Enterprise' നെയും, ആണവായുധ കപ്പലായ 'USS Tripoli’ നെയും, പാകിസ്ഥാന്റെ സഹായത്തിനായി സംഘർഷ ഭൂമിയായ ബംഗാൾ ഉൾക്കടലിലേക്ക് അയച്ചു. എന്നാൽ വീണ്ടും, അഡ്മിറൽ വി. ക്രുഗൽക്കോവിന്റെ ധീരമായ ആധിപത്യത്തിൽ സോവിയറ്റ് യൂണിയൻ, അമേരിക്കയുടെ രണ്ട് കപ്പലിനെയും കറാച്ചിയിലെക്കോ, ചിറ്റഗോങ്ങിലേക്കോ, ധാക്കയിലെക്കോ പോകാതെ പുറംകടലിൽ തടഞ്ഞു. എന്നാൽ, അമേരിക്ക പിന്തിരിയാൻ കൂട്ടാക്കിയില്ലാ. കാര്യങ്ങൾ കൂടുതൽ സംഘർഷത്തിലേക്ക് പോകുമെന്ന് മനസിലാക്കിയ റഷ്യയുടെ ചീഫ് അഡ്മിറൽ, മോസ്‌കോയിൽ നിന്ന്, കപ്പലിലെ അഡ്മിറൽ ക്രുഗൽക്കോവിനോട്, കടലിന്റെ അടിയിൽ വിന്യസിച്ചിരുന്ന റഷ്യയുടെ ആണവായുധവാഹകരായ അന്തര്‍വാഹിനികളെ, അമേരിക്കയുടെ ചാരഉപഗ്രഹങ്ങൾക്ക് കാണുവാൻ പാകത്തിൽ, വെള്ളത്തിന് മുകളിൽ ഉയർത്തി കാണിക്കുവാൻ നിർദ്ദേശം കൊടുത്തു. ചീഫ് അഡ്മിറലിന്റെ ഉത്തരവ് അതേപടി പാലിച്ച റഷ്യൻ കപ്പൽ പട, മുൻപിൽ റഷ്യൻ വിമാനവാഹിനി കപ്പലും, പുറകിൽ അര ഡസൻ ആണവായുധ അന്തര്‍വാഹിനികളുമായി, പോരിന് എന്നാ പോലെ കടലിൽ നിരന്ന് നിന്നു. റഷ്യയുടെ കോട്ടയുറപ്പിച്ച പോലുള്ള നിൽപ്പിൽ പകച്ചുപോയ അമേരിക്കയുടെ ഏഴാം കപ്പൽ ഫ്‌ലീറ്റ് കമാൻഡർ , വാഷിങ്ടണിലേക്ക് ഇങ്ങനെ സന്ദേശം അയച്ചു. "Sir, we are too late. There are Russian nuclear submarines here, and a big collection of battleships’. അവസാനം ഗത്യന്തരമില്ലാതെ അമേരിക്കയും ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്ന് പിന്മാറി.

അന്ന് , പാകിസ്ഥാനെ സഹായിക്കാനായി എത്തിയ, അമേരിക്കയുടെ കപ്പൽ പടയെയും, ബ്രിട്ടീഷ് നാവികസേനയെയും, 'റഷ്യ' ഇന്ത്യൻ മഹാസമുദ്രത്തിൽ തടഞ്ഞില്ലായിരുന്നു എങ്കിൽ, ഒരുപക്ഷേ, ഇന്ത്യ-പാകിസ്ഥാൻ യുദ്ധത്തിന്റെ ഗതി മറ്റൊന്ന് ആകുമായിരുന്നു. അതിനാൽ, നിസംശയം പറയാം, റഷ്യ ഇന്ത്യയുടെ എക്കാലത്തെയും ഉറ്റമിത്രമായിരുന്നു.

Reference :
1.www.NavalHistoryandheritagecommand.com
2. www.Indiannavallibrary.com
3. www.swarajya.com
4. Wikipedia
5. www.warisboring.com
6. www.nytimes.com (The New york Times ).


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

About അനിൽ ജോസഫ് രാമപുരം

പുസ്തകങ്ങളെയും , എഴുത്തിനെയും , ഫോട്ടോഗ്രാഫിയെയും പ്രണയിക്കുന്നവൻ ! » Website - എഴുത്താണി

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 3 / Total Memory Used : 0.7 MB / This page was generated in 0.0172 seconds.