ഐസലൂഗ് അഥവാ ഐസലിന്റെ കണ്ണ് ?

Avatar
Vinaya Raj V R | 12-11-2020

നെതർലാന്റ്സിലെയും ജർമ്മനി, സ്വിറ്റ്സർലാന്റ്, ഫ്രാൻസ് എന്നിവിടങ്ങളിലെയും വ്യവസായങ്ങളിൽ നിന്നും 1950 -1990 കാലത്ത് പുറംതള്ളിയ വൻതോതിൽ വിഷം നിറഞ്ഞ ഘനമാലിന്യങ്ങൾ വന്നടിഞ്ഞടിഞ്ഞ് നെതർലാന്റ്സിലെ ഐസൽ നദിയുടെ താഴ്വാരത്തുള്ള കെറ്റെൽമീർ തടാകത്തിന്റെ അടിഭാഗമാകെ കാഡ്മിയം, നിക്കൽ, ഈയം, ആഴ്സനിക്, മെർക്കുറി എന്നീ കൊടിയവിഷങ്ങൾ അടങ്ങിയ ചെളികൊണ്ടുനിറഞ്ഞു. ഭൂഗർഭജലത്തെയും ഈ തടാകവുമായിച്ചേർന്നു കിടക്കുന്ന നെതർലാന്റ്സിലെ ഏറ്റവും വലിയ ശുദ്ധജലതടാകമായ ഐസൽമീറിലെ ജലത്തെയും ഈ മാലിന്യകൂമ്പാരം പതിയെ ഉപയോഗശൂന്യമാക്കിക്കൊണ്ടിരുന്നു. ഐസൽമീറിലെ ജലമാവട്ടെ കുടിക്കാനും കൃഷിചെയ്യാനും ധാരാളമായി ഉപയോഗിക്കുന്നതുമാണ്.

തടാകത്തിന്റെ അടിത്തട്ടിലെ മാലിന്യങ്ങൾ നീക്കം ചെയ്യാൻ തന്നെ 1994 -ൽ നെതർലാന്റ്സ് തീരുമാനിച്ചു. ഇങ്ങനെ ചെളിനീക്കം ചെയ്യുന്നതോടൊപ്പം തടാകം വഴി കപ്പലുകൾക്ക് നീങ്ങാനുള്ള പാതയുടെ ആഴം ഏതാണ്ട് മൂന്നര മീറ്റർ വർദ്ധിപ്പിക്കുകയും ചെയ്യാം. പക്ഷേ, കോരിമാറ്റുന്ന മാലിന്യങ്ങൾ എല്ലാം എവിടെ കൊണ്ടുപോയിക്കളയും? മനുഷ്യർക്കും കൃഷിയ്ക്കും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാതെയും ഇവ എന്തുചെയ്യാനാവും? അങ്ങനെയാണ് കരയിൽ ഇത്തരമൊരു പദ്ധതിയുണ്ടാക്കാതെ തടാകത്തിന്റെ മധ്യത്തിൽത്തന്നെ വലിയൊരു കുഴിയുണ്ടാക്കി അതിൽ മാലിന്യങ്ങൾ മൂടാം എന്ന തീരുമാനത്തിൽ എത്തുന്നത്. അതാണ് ഐസലൂഗ് അഥവാ ഐസലിന്റെ കണ്ണ്. (IJsseloog)

IJsseloog

1996 -99 കാലത്താണ് ഇതു നിർമ്മിച്ചത്. ഒരുകിലോമീറ്റർ വ്യാസവും അമ്പതുമീറ്റർ ആഴവുമാണ് ഐസലൂഗിനുള്ളത്. രണ്ടുകോടി ഘനമീറ്റർ മാലിന്യം സംഭരിക്കാൻ ഇതിനുശേഷിയുണ്ട്. ചുറ്റിലും പത്തുമീറ്റർ ഉയരത്തിൽ ഇതിനൊരു ഭിത്തിയുമുണ്ടാക്കി. അടിവശത്തുകൂടി മാലിന്യം പുറത്തുപോകാതെ കളിമണ്ണുകൊണ്ട് അടച്ചിരിക്കുന്നു. ഇതിൽനിന്നും പുറത്തേക്ക് മാലിന്യം പോകാതിരിക്കാനായി ഭിത്തിയിൽ സ്തരം കൊണ്ടുള്ള തടസ്സവുമുണ്ടാക്കിയിട്ടുണ്ട്. ഒരുതരത്തിലും മാലിന്യം പുറത്തുപോകാതിരിക്കാനായി തടാകത്തേക്കാൾ ജലനിരപ്പ് താഴ്ത്തിയാണ് ഐസലൂഗിൽ വെള്ളം നിർത്തിയിരിക്കുന്നത്. ഐസലൂഗിന്റെ ചുറ്റിലുമുള്ള ഭിത്തിയോട് ചേർന്ന് ഒരു ദ്വീപും ഉണ്ടാക്കി. അവിടെയാണ് തടാകത്തിന്റെ അടിത്തട്ടിൽ നിന്നും കോരിയെടുക്കുന്ന മാലിന്യം വേർതിരിച്ച് ശുദ്ധമാക്കുന്നത്. വൃത്തിയാക്കിയ മണൽ മറ്റിടങ്ങളിൽ നിർമ്മാണപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നു. 2000 വർഷത്തിൽ തുടങ്ങിയ ഡ്രെഡ്ജിങ്ങ് 20 വർഷം കൊണ്ട് തീരുമെന്നാണ് കരുതുന്നത്. ഈ പരിപാടി കഴിയുമ്പോൾ മുകൾഭാഗം കളിമണ്ണും മണലുമിട്ട് അടച്ച് മൂടാനും ഐസലൂഗിനെ പ്രകൃതിയ്ക്ക് വിട്ടുകൊടുക്കാനും ചുറ്റുമുള്ള ദ്വീപും ചതുപ്പും വിനോദാവശ്യങ്ങൾക്കായി ഉപയോഗിക്കാനുമാണ് പദ്ധതി. ഇതിന്റെ അടുത്തായി ഇതുപോലെയുണ്ടാക്കി ഉപേക്ഷിച്ച ചെറുദ്വീപുകളിൽ ഇപ്പോൾ നിറയെ പക്ഷികൾ എത്തിയിരിക്കുന്നു. 15 വർഷം കൊണ്ട് നിറയെ മരങ്ങൾ വളർന്നിരിക്കുന്നു.


മല്ലുകഫെ ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും / 🔔 നോട്ടിഫിക്കേഷനായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .

ആകെ വിഷം നിറഞ്ഞ ഒരു തടാകത്തിൽ നിന്നും വിഷമെല്ലാം ഊറ്റിയെടുത്ത് മധ്യത്തിൽ ഒരിടത്ത് സംഭരിച്ച് ഇനിയൊരിക്കലും പുറത്തുവരാതെ അത് എന്നേക്കുമായി കുഴിച്ചുമൂടി ആ സ്ഥലം വിനോദത്തിനും പ്രകൃതിക്കുമായി തിരികെ നൽകുന്ന ഈ പദ്ധതി എത്രയൊക്കെ ചെലവേറിയതായാലും അത് ജീവൻ നിറഞ്ഞ ഒരു തടാകത്തിനെ പൂർവ്വസ്ഥിതിയിലാക്കാനാണെന്നത് പ്രത്യാശ നൽകുന്നൊരു കാര്യം തന്നെയാണ്.

#scienceinaction
#JoinScienceChain


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

About Vinaya Raj V R

Manager, Kerala Gramin Bank / Wikipedian

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 3 / Total Memory Used : 0.63 MB / This page was generated in 0.0118 seconds.