Sprinklr, BevQ തുടങ്ങി സർക്കാരിന്റെ covid പ്രവർത്തനങ്ങളും വർക് ഫ്രം ഹോമും കാരണം മാനം പോയ ഒരു IT engineer മുഖ്യമന്ത്രിക്ക് ( ഹാസ്യരുപേണ ) എഴുതിയ ഒരു തുറന്ന കത്ത്.

Avatar
Sarath Sasi | 23-05-2020

SEO text
Photo Credit : » @markusspiske

ബഹുമാനപ്പെട്ട മുഖ്യമന്ത്രി വായിച്ചറിയുന്നതിന്,

അതികഠിനമായ മാനസിക വേദനയോടെയാണ് ഞാൻ ഈ കത്ത് എഴുതുന്നത്. ആയ കാലത്ത് അലക്കി തേച്ച ബ്രാൻഡഡ് ഷർട്ടിട്ട്, ഇൻസർട്ടും ചെയ്ത്, അതിന്റെ പുറത്തു കൂടെ സായിപ്പന്മാരുടെ ടൈയും കെട്ടി ഗമയിൽ ഓഫിസിൽ പോയി കൊണ്ടിരുന്ന ഒരു ഐടി തൊഴിലാളിയാണ് ഞാൻ. ഓട്ടോയിൽ കയറി, ഓട്ടോ ചേട്ടനോട് ബാക്കി വേണ്ട കയ്യിൽ ഇരിക്കട്ടെ എന്ന് പറയുകയും, ഹോട്ടലിൽ കയറി ഫുൾസ്ലീവ് ഷർട്ടിന്റെ വലത്തെ കൈ അല്പം ഉയർത്തി സിനിമയിൽ നായികമാർ കഴിക്കുന്നത് പോലെ തറവാടിത്തം കാണിച്ചു ഭക്ഷണം കഴിക്കുകയും ചെയ്തു കൊണ്ടിരുന്ന ഒരു മാന്യൻ ആയിരുന്നു ഞാൻ.

നാട്ടിലൊക്കെ ചെന്നു നിൽക്കുമ്പോൾ,

"എടി സുമതി, ആ ചെക്കനെ കണ്ടോ, അവന് വല്യ കമ്പ്യൂട്ടർ ജോലിയാണ്."

എന്നൊക്കെ നാട്ടിലെ അമ്മച്ചിമാർ പറഞ്ഞിരുന്ന, നാലാൾ കൂടുന്നിടത്ത് വെച്ചു ഫോൺ എടുത്ത് ഇംഗ്ളീഷിൽ സംസാരിച്ചു ആളുകളെ ഇമ്പ്രെസ് ചെയ്ത് വന്ന ഒരു വർണ പട്ടമായിരുന്നു ഞാൻ.

ഈയടുത്തിടെ കൊറോണ വന്നതിൽ പിന്നെ സാഹചര്യങ്ങൾ എല്ലാം മാറി മറിഞ്ഞിരിക്കുന്നു. ലുങ്കി ഉടുത്തിരുന്നു മുറി അടച്ചു വീട്ടിലിരുന്നു ജോലി ചെയ്യുമ്പോൾ എന്തോ വലിയ അസുഖം വന്നത് കൊണ്ട് വീട്ടുകാർ പൂട്ടിയിട്ടിരിക്കുകയാണ് എന്നാണ് ബന്ധുക്കളും, നാട്ടുകാരും എന്നെ നോക്കി ഇപ്പോൾ പറയുന്നത്. ഇടയ്ക്ക് വിഷമം കൂടുമ്പോൾ ഫോർമൽ ഡ്രെസ്സൊക്കെ ഇട്ട് ഒരു സെൽഫി എടുക്കാം എന്ന് കരുതിയാൽ പഴയ ഡ്രെസുകളൊന്നും ചേരുന്നില്ല.

വിറക് കീറൽ, ഗോതമ്പ് ഉണക്കൽ, തേങ്ങാ ഇടൽ തുടങ്ങിയ വീട്ടിലെ എല്ലാ ജോലികളും ചെയ്യാനാണ് വർക്ക് ഫ്രം ഹോം ഗവണ്മെന്റ് തന്നിരിക്കുന്നത് എന്നാണ് അമ്മ പറയുന്നത്. ഉടനെ തന്നെ ഒരു ആടിനെയും, രണ്ട് കോഴിയെയും മേടിക്കാൻ മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട് എന്നും അമ്മ കൂട്ടിച്ചേർത്തു. എന്താകുമോ എന്തോ?

ഒന്നര മാസം മുൻപ് ഒരു വൈകുന്നേരം ഭാര്യയുടെ വീട്ടിൽ നിന്ന് പതിവില്ലാതെ ഫോണ് കോൾ വന്നു. കള്ളന്മാരുടെ തറവാട്ടിലേക്കാണ് എന്നറിഞ്ഞിരുന്നെങ്കിൽ, മോളെ കെട്ടിച്ചു വിടില്ലായിരുന്നു എന്നാണ് അവർ പറഞ്ഞത്. കള്ളൻ മോഷണം എന്നൊക്കെ പല തവണ പറഞ്ഞു കേട്ടെങ്കിലും കാര്യം ആദ്യം മനസിലായില്ല. പിന്നെ ഐടി ജോലിക്കാർ എല്ലാം ഡാറ്റാ മോഷണം നടത്തുന്നവരാണ്, നാട്ടുകാരുടെ ഡേറ്റാ മുഴുവൻ വിറ്റു കോടികളുടെ ഇടപാടാണ് ചെയ്യുന്നത് എന്നൊക്കെ ആരോ ഭാര്യ വീട്ടുകാരെ പറഞ്ഞു തെറ്റിദ്ധരിപ്പിച്ചിരിക്കുന്നു എന്ന സത്യം ഞാൻ വേദനയോടെ തിരിച്ചറിയുകയായിരുന്നു.

നീണ്ട ഒരിടവേളയ്ക്ക് ശേഷം ഇന്നലെ ഭാര്യ വീട്ടുകാർ മകളുടെ ഭാവിയെ ഓർത്ത് കഴിഞ്ഞതെല്ലാം മറന്ന് വീണ്ടും സംസാരിക്കാൻ തുടങ്ങി. എല്ലാം ഒന്ന് കലങ്ങി തെളിഞ്ഞല്ലോ എന്നോർത്തു രാത്രി ഞാൻ സമാധാനമായി ഉറങ്ങി.


മല്ലുകഫെ ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും / 🔔 നോട്ടിഫിക്കേഷനായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .

ഇന്ന് കാലത്ത് വലിയ ബഹളം കേട്ടാണ് ഞാൻ ഞെട്ടി ഉണർന്നത്. ശബ്ദം ശ്രദ്ധിച്ചപ്പോൾ മൂത്തമ്മാവനാണ്. അമ്മയെ ചീത്ത പറയുകയാണ്. കണ്ണ് തിരുമ്മി ചെന്നു നോക്കുമ്പോൾ അമ്മാവന്റെ മുന്നിൽ മിണ്ടാതെ തലകുനിച്ചു നിൽക്കുന്ന അമ്മയെ കണ്ട് എനിക്ക് ആദ്യം കാര്യം മനസിലായില്ല. വല്ല സ്വത്ത് തർക്കവും ആയിരിക്കും എന്നാണ് കരുതിയത്.

"നിന്റെ ചെക്കൻ കുടുംബത്തിന്റെ മാനം കളഞ്ഞു"

എന്നു കേട്ടപ്പോൾ കറങ്ങി തിരിഞ്ഞു കാര്യങ്ങൾ എന്റെ നെഞ്ചത്തോട്ട് വരുന്നത് മനസിലായി.

അമ്മാവൻ ബ്ലാക്ക് ബോക്‌സ് ടെസ്റ്റിംഗ്, ലോഡ് ടെസ്റ്റിംഗ്, റിലീസ് മാനേജ്മെന്റ്, ടോക്കൻ ഹാൻഡ്ലിങ്, സെക്യൂരിറ്റി, വൾനറബിലിറ്റി,പ്ളേ സ്റ്റോർ എന്നിവയെ കുറിച്ചൊക്കെ അമ്മയ്ക്ക് ക്ലാസ് എടുക്കുന്നു.

ബെവ്ക്യൂ ആപ്പ് പുറത്ത് ഇറങ്ങാത്തത് ഐടിക്കാർ മര്യാദയ്ക്ക് ടെസ്റ്റ് ചെയ്യാത്തത് കൊണ്ടാണത്രെ. പഞ്ചായത്തിലെ ഒരേ ഒരു ഐടിക്കാരന്റെ മൂത്തമ്മാവൻ എന്ന നിലയിൽ കവലയിൽ ഉണ്ടായിരുന്നവരെ, ആപ്പ് നാളെ വൈകുന്നേരത്തിനകം പുറത്ത് ഇറക്കും എന്ന് വെല്ലുവിളിച്ചാണ് അമ്മാവൻ വീട്ടിലേക്ക് വന്നിരിക്കുന്നത്.

നാട്ടിലെ ബെവ്കോ ജനമുന്നണി നാളെ ആപ്പ് ഇറങ്ങിയില്ലെങ്കിൽ എന്റെ വീടിന് മുന്നിൽ നിരാഹാരം ആരംഭിക്കാനും, എന്നെ ഘരാവോ ചെയ്യാനും പ്ലാനിടുന്നുണ്ട് എന്നാണ് അയൽകൂട്ടത്തിലെ രമണി ചേച്ചി പറഞ്ഞറിഞ്ഞത്.

ഞാനാകെ ഭയന്നിരിക്കുകയാണ് സാർ. ട്രെയിൻ സർവീസും,ഫ്‌ളൈറ്റ് സർവീസും തുടങ്ങിയിരുന്നെങ്കിൽ എങ്ങനെ എങ്കിലും നാട് വിടാമായിരുന്നു. ലോക്ക് ഡൗണ് കാരണം ഇടവും വലവും തിരിയാൻ കഴിയാത്ത അവസ്ഥയിലാണ്. ആയതിനാൽ എത്രയും പെട്ടന്ന് ബെവ്ക്യൂ ആപ്പ് ഇറങ്ങുന്നതിനുള്ള നടപടികൾ സ്വീകരിക്കണം എന്നും, അത് ഇറങ്ങുന്നത് വരെ എന്റെ ജീവനും സ്വത്തിനും മതിയായ സംരക്ഷണം നല്കണം എന്നും ഞാൻ താഴ്മയായി അപേക്ഷിക്കുന്നു.

എന്ന്,

കൊറോണ വൈറസ് കാരണം മാനം നഷ്ടപെട്ട ഒരു ഐടി തൊഴിലാളി.


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 3 / Total Memory Used : 0.66 MB / This page was generated in 0.0118 seconds.