പ്രിയപ്പെട്ട ട്രമ്പ് ജി വായിച്ചറിയുന്നതിന് ..

Avatar
Sarath Sasi | 08-11-2020

അത്യന്തം ഹൃദയവേദനയോടെയാണ് ഞാൻ ഈ കത്ത് എഴുതുന്നത്. ജി വിശ്വസിച്ചാലും, ഇല്ലെങ്കിലും കഴിഞ്ഞ മൂന്ന് ദിവസമായി ഞാനും എന്റെ കുടുംബവും ഉറങ്ങിയിട്ടില്ല. എന്താണ് അമേരിക്കൻ ജനാധിപത്യത്തിന് സംഭവിക്കുന്നത്? എങ്ങോട്ടാണ് ഈ ലോകം പോകുന്നത്?

'ജീയില്ലാ നേരം, കാറ്റെന്തേ വാതിൽ ചാരാതെ പോകുന്നു"

എന്ന പാട്ടാണ് ഇവിടുത്തെ കാറ്റിൽ പോലും അലയടിക്കുന്നത്.

ജി മനസ് വിഷമിപ്പിക്കരുത്. ഒരു തിരഞ്ഞെടുപ്പ് ആകുമ്പോൾ ഒരാൾ ജയിക്കും, ഒരാൾ തോക്കും, അല്ലെങ്കിൽ ചിലപ്പോൾ സമനിലയാകും, ചിലപ്പോൾ സൂപ്പർ ഓവറിലേക്ക് മത്സരം പോകും, ഇവിടെ ഇൻഡ്യയിൽ അങ്ങനെയാണ്. ഡക്ക് വർത്ത് ലൂയിസ് പോലെയുള്ള ഏതോ നിയമപ്രകാരം മറ്റേ പുള്ളി തിരഞ്ഞെടുപ്പ് ജയിച്ചു എന്നാണ് ഇവിടെ എല്ലാരും പറയുന്നത്. ഞാൻ വിശ്വസിച്ചിട്ടില്ല. ആ പുള്ളിയുടെ പേര് എന്താണ്, വിടൻ എന്നോ മറ്റോ അല്ലേ? പേര് കേട്ടാൽ തന്നെ അറിയില്ലേ, ഫുൾ വിടൽസ് ആണ്.

ജിയും ഞാനുനൊക്കെ ഒരേ വേവ് ലെങ്ത് ആണ് ജി. ഏഴാം ക്ലാസിൽ തത്തംപള്ളി സ്കൂളിൽ വെച്ച് ക്ലാസ് ലീഡർ സ്ഥാനത്തേക്ക് മത്സരിച്ച ഞാൻ നാലാം സ്ഥാനത്താണ് ഫോട്ടോ ഫിനിഷ് ചെയ്തത്. ഹെഡ്മാസ്റ്ററുടെ അടുത്ത് തിരഞ്ഞെടുപ്പ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഞാൻ കത്ത് കൊടുത്തപ്പോൾ എന്നെ ഫോർത്ത് ലീഡറായി നിയമിച്ചെങ്കിലും ആദ്യത്തെ മൂന്ന് അലവലാതികളിൽ ഒരുത്തൻ എങ്കിലും എന്നും സ്‌കൂളിൽ വരുന്നത് കൊണ്ട് എനിക്ക് ഔദ്യോഗിക ചുമതലകൾ ഒന്നും നിർവഹിക്കാൻ സാധിച്ചില്ല. അതൊക്കെ സഹിക്കാം, കോളേജ് ഇലക്ഷന് നിന്നപ്പോൾ എന്റെ സ്വന്തം വോട്ട് വരെ അസാധു ആയി പോയി, അത്രയ്ക്കൊന്നും ദാരിദ്ര്യം ജിയ്ക്ക് ഇല്ലാലോ. ഇലക്ഷൻ റിസൾട് വന്നതിന്റെ പിറ്റേന്ന് ആ എസ്എഫ്ഐക്കാരുടെ ഒരു കൂക്കി വിളിയും, ഡാൻസ് കളിയും ഉണ്ട്. മനുഷ്യന്റെ തൊലി ഉരിയും. അമേരിക്ക ആയതിന്റെ പേരിൽ അവിടെ എസ്എഫ്ഐക്കാർ ഒന്നും ഉണ്ടാകില്ലലോ എന്നോർത്ത് ആശ്വസിക്കാം.

ആത്മവിമർശനം എന്ന നിലയ്ക്ക് പറയാമല്ലോ, ജി അല്പം കൂടി ശ്രദ്ധിക്കേണ്ടിയിരുന്നു. അതിർത്തി ജില്ലകളിലെ ഏതെങ്കിലും ഒരു മണ്ഡലത്തിൽ നിന്ന് മത്സരിച്ചിരുന്നെങ്കിൽ ജിയുടെ പ്രഭാവത്തിൽ അടുത്തുള്ള രണ്ടോ മൂന്നോ സംസ്ഥാനങ്ങളിൽ നിന്ന് വോട്ട് ഒഴുകിയേനെ. ജി, വിഷ്ണുവിന്റെ, അല്ലെങ്കിൽ അത് വേണ്ടാ, ക്രിസ്തുവിന്റെ അവതാരം ആണെന്ന് നമ്മൾ പ്രചരിപ്പിക്കേണ്ടിയിരുന്നു. ജിയുടെ കുട്ടിക്കാലത്ത് ജി എന്തെങ്കിലും എക്സ്ട്രാ കരിക്കുലർ ആക്ടിവിറ്റീസിൽ പങ്കെടുത്തിട്ടുണ്ടോ? വെള്ളത്തിൽ മുങ്ങി ചാവാൻ തുടങ്ങിയ മീനെ രക്ഷിക്കുകയോ, കാക്കയ്ക്ക് തീറ്റ കൊടുക്കുകയോ അങ്ങനെ എന്തെങ്കിലും? ഉണ്ടെങ്കിൽ അതെല്ലാം നമ്മൾ കുറച്ചു കൂടെ പ്രൊമോട്ട് ചെയ്യേണ്ടിയിരുന്നു.

സാരമില്ല ജി ചെറുപ്പമാണ്. ഇനിയായാലും സമയമുണ്ട്. ഇലക്ഷന് ജയിച്ചില്ലെങ്കിലും ജിയ്ക്ക് ഒരു നല്ല പ്രതിപക്ഷ നേതാവാകാൻ കഴിയും. ജി എന്നും മുടങ്ങാതെ പത്രസമ്മേളനം നടത്തണം. സർക്കാരിന്റെ ഓരോ അഴിമതിയും സന്ധിയില്ലാ സമരങ്ങളിലൂടെ വെളിച്ചത്തു കൊണ്ടു വരണം. ഐ ഇല്ലാത്തപ്പോൾ ഐ യുടെ വില അറിയും എന്നൊരു പ്രോവെർബ്‌ ഇവിടെ ഇൻഡ്യയിൽ ഉണ്ട്. അമേരിക്കൻ ജനത അത് തിരിച്ചറിയുന്ന നാളുകളാണ് വരാൻ പോകുന്നത്.


മല്ലുകഫെ ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും / 🔔 നോട്ടിഫിക്കേഷനായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .

"ട്രമ്പ് ജി ഉണ്ടായിരുന്നെങ്കിൽ..."

എന്ന ഓരോ അമേരിക്കൻ പൗരന്റെയും വരാൻ പോകുന്ന വിലാപങ്ങൾ എന്റെ കർണപുടങ്ങളെ ഇപ്പോഴേ കമ്പനം ചെയ്യിക്കാൻ തുടങ്ങിയിരിക്കുന്നു.

ഞാനല്പം ഇമോഷണൽ ആയിപ്പോയി ജി. ഞാൻ പ്രെഷറിന്റെ ഗുളിക കഴിക്കട്ടെ.

കത്തിലൂടെ ഇത്രയും അടുത്ത സ്ഥിതിക്ക് ഞാനായിട്ട് ഇനി അത് മറച്ചു വെച്ചാൽ ജിയ്ക്ക് വിഷമം ആകും എന്നുള്ളത് കൊണ്ട് പറയട്ടെ. ജി ജയിക്കാൻ വേണ്ടി ഞാൻ ഇവിടെ അടുത്തുള്ള അമ്പലങ്ങളിൽ ചെറിയ വഴിപാടുകളും, നേർചകളുമൊക്കെ നടത്തിയിരുന്നു. പിന്നെ ഡ്രീം 11, എംപിഎൽ അങ്ങനെ കുറെ കൂതറ ഗെയിമുകളിലും ഞാൻ ജിയുടെ പേരിൽ കാശ് ഇറക്കിയിരുന്നു.

ഇങ്ങളോട് 'കാശ് ചോദിക്കൂ, കാശ് ചോദിക്കൂ' എന്നു പറഞ്ഞു വീട്ടുകാരി ഇവിടെ ബഹളത്തോട് ബഹളം.അവളെയും കുറ്റം പറയാൻ പറ്റില്ല. അയൽക്കൂട്ടത്തിൽ നിന്ന് ലോണ് എടുത്ത കാശ് ആയിരുന്നു. സാമ്പത്തിക മാന്ദ്യവും, കൊറോണയും ആയതിന്റെ പേരിലാണ്, അല്ലാതെ അങ്ങനെ ചെലവാക്കിയ കാശ്‌ തിരിച്ചു ചോദിക്കുന്ന കുടുംബക്കാർ ഒന്നുമല്ല ഞങ്ങൾ. ഹാ പറഞ്ഞു പറഞ്ഞു കാട് കയറി. ജി ഈ തിരഞ്ഞെടുപ്പിന്റെ തിരക്ക് എല്ലാം ഒഴിയുമ്പോൾ വഴിപാട് കാശ് താഴെ തന്നിരിക്കുന്ന അക്കൗണ്ടിലേക്ക് അയയ്ക്കാൻ താത്പര്യപ്പെടുന്നു. പണം അയയ്ക്കാൻ വൈകിയാൽ ദൈവകോപം ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് മേൽശാന്തി ഇന്നലെ വൈകിട്ട് ദീപാരാധനയ്ക്ക് കണ്ടപ്പോഴും പറഞ്ഞത്. അതൊന്നും കാര്യമാക്കേണ്ട, അവിടുത്തെ കാര്യങ്ങൾ നടക്കട്ടെ.

(വഴിപാടുകളുടെ രസീത് കോപ്പി ഈ കത്തിനൊപ്പം ചേർക്കുന്നുണ്ട്.)

സ്നേഹപൂർവം
ശശി
ട്രമ്പ് ഫാൻസ് അസോസിയേഷൻ
കളർകോട്
ആലപ്പുഴ


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

US / DB Query : 8 / Total Memory Used : 0.63 MB / This page was generated in 0.0167 seconds.